- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എഫ് ഐ ആർ കൈയിൽ കിട്ടുന്നത് വരെ പ്രതിഷേധിക്കുമെന്ന ഗവർണറുടെ നിലപാട് നിർണ്ണായകമായി; പൊലീസ് മേധാവിയോടും ഫോണിൽ തട്ടിക്കയറി ആരിഫ് മുഹമ്മദ് ഖാൻ; ജാമ്യമില്ലാ കേസെടുത്ത് പൊലീസ്; നിലമേലിലെ പ്രതിഷേധം എസ് എഫ് ഐക്കാരെ ജയിലിലാക്കും
കൊല്ലം: നിലമേലിൽ പ്രതിഷേധം തുടരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാനുള്ള പൊലീസ് മേധാവിയുടെ നീക്കം പാളി. ഫോണിൽ ഗവർണറോട് സംസാരിച്ച ഡിജിപി ഷേയ്ഖ് ദർവേശ് സാഹിബിനോടും ഗവർണർ രൂക്ഷമായി പ്രതികരിച്ചു. കേരളത്തിലെ റോഡുകളെ ഗുണ്ടകൾ നിയന്ത്രിക്കുന്നു. മുഖ്യമന്ത്രി കടന്നു പോകുന്ന സ്ഥലത്ത് പ്രതിഷേധക്കാരെ ഇങ്ങനെ നിൽക്കാൻ കഴിയുമോ? നിങ്ങൾ എന്താണ് ചെയ്യുന്നത്. ആരെന്തു പറഞ്ഞാലും ഞാൻ ഇവിടെ തുടരും-ഡിജിപിയോട് ഗവർണറുടെ ചോദ്യം ഇതായിരുന്നു.
അതിനിടെ നിലമേലിലെ പ്രതിഷേധക്കാർക്കെതിരെ കേസെടുത്തതിന്റെ എഫ് ഐ ആർ കാട്ടണമെന്നാണ് ഗവർണറുടെ ആവശ്യം. പ്രതിഷേധക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തുവെന്ന് ഉറപ്പിക്കാനാണ് ഇത്. ഗവർണറുടെ സമ്മർദ്ദം ഫലിക്കുകയും ചെയ്തു. പ്രതിഷേധക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. എസ് എഫ് ഐയാണ് പ്രതിഷേധിച്ചതെന്നും എഫ് ഐ ആർ പറയുന്നു. പൊലീസിന്റെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നും കുറ്റാരോപണമുണ്ട്. 17 പ്രതികളും അവർക്കൊപ്പം കണ്ടാൽ അറിയുന്ന അഞ്ചു പേരും കേസിൽ പ്രതികളാണ്.
എഫ് ഐ ആർ കിട്ടി പരിശോധനകൾ കഴിഞ്ഞാൽ ഗവർണർ മടങ്ങും. കൊല്ലം സദാനന്ദപുരത്ത് ഒരു സ്വകാര്യ ചടങ്ങിന് പോവുകയായിരുന്നു ഗവർണർ. ഇതിനിടെയാണ് നിലമേലിൽ എസ് എഫ് ഐക്കാർ പ്രതിഷേധിച്ചത്. ഗവർണർ എത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ പ്രതിഷേധക്കാർ എത്തി. അവർ ബാനറും ഉയർത്തി. ഗവർണ്ണർ വന്നപ്പോൾ അവർ കാറിന് മുന്നിലേക്ക് ചാടി എത്തി. മുദ്രാവാക്യവും വിളിച്ചു. ഇതോടെ കാർ നിർത്തി ഗവർണർ പുറത്തിറങ്ങി. ഗവർണറുടെ നിർദ്ദേശ പ്രകാരമായിരുന്നു കാർ നിർത്തിയത്. പിന്നീട് പൊലീസിന് നേരെ തിരിഞ്ഞു. ഗവർണർ ഇറങ്ങിയതോടെ പ്രതിഷേധക്കാർ എല്ലാം അപ്രത്യക്ഷരായി. അവർ ഓടി മറഞ്ഞു. ഇതിൽ 12 പേരെ അറസ്റ്റു ചെയ്തുവെന്ന് പൊലീസ് ഗവർണറെ അറിയിച്ചു.
എഫ് ഐ ആറിൽ ജാമ്യമില്ലാ വകുപ്പുകൾ ഇട്ടതോടെ അറസ്റ്റിലായ എസ് എഫ് ഐക്കാരെ പൊലീസിന് റിമാൻഡ് ചെയ്യേണ്ടി വരും. അല്ലാത്ത സാഹചര്യത്തിൽ കോടതിയിൽ നിന്നും ജാമ്യം തേടേണ്ടിയും വരും. ഗവർണറുടെ പ്രതിഷേധം ഉണ്ടാകാത്തിടത്തെല്ലാം ജാമ്യമുള്ള വകുപ്പ് പ്രകാരം കേസെടുത്ത് നിയമ നടപടികൾ ലഘൂകരിക്കുകയായിരുന്നു പൊലീസ്. അതുകൊണ്ടാണ് പ്രതിഷേധത്തിന് ഗവർണർ തയ്യാറായത്. ഇതോടെ ജാമ്യമില്ലാ വകുപ്പുകൾ എത്തുകയും ചെയ്തു. കാറിൽ നിന്നും പുറത്തിറങ്ങിയ ഗവർണറെ കണ്ട് എസ് എഫ് ഐക്കാർ ഓടിയെന്നതാണ് വസ്തുത. ഇതിൽ ചിലരെ പൊലീസ് അറസ്റ്റു ചെയ്തു.
കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടാകാത്ത പ്രതിഷേധമാണ് ഇപ്പോൾ സംഭവിക്കുന്നത്. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഗവർണർ പൊലീസിനെ ശകാരിച്ചു. എന്തുകൊണ്ട് ലാത്തിച്ചാർജ് നടത്തിയില്ലെന്നും, അക്രമികളെ പിടികൂടിയില്ലെന്നും രോഷത്തോടെ ഗവർണർ പൊലീസിനോട് ചോദിച്ചു. കരിങ്കൊടി കാണിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യാതെ മടങ്ങിപ്പോകില്ലെന്ന് ഗവർണർ അറിയിച്ചു. തുടർന്ന് വാഹനത്തിൽ തിരിച്ചു കയറാൻ കൂട്ടാക്കാതെ ഗവർണർ കസേരയിൽ ഇരുന്ന് പ്രതിഷേധിച്ചു. സംഭവത്തിൽ 12 പേരെ അറസ്റ്റ് ചെയ്‌തെന്ന് റൂറൽ എസ്‌പി ഗവർണറെ അറിയിച്ചു. എന്നാൽ 50 പേരെയും അറസ്റ്റ് ചെയ്യാതെ മടങ്ങിപ്പോകില്ലെന്ന് ഗവർണർ എസ്‌പിക്ക് മറുപടി നൽകി. ഒപ്പം എഫ് ഐ ആറും ആവശ്യപ്പെട്ടു.
ഗവർണറുടെ വാഹനവ്യൂഹം എത്തിയപ്പോൾ കരിങ്കൊടിയുമായി എസ്എഫ്‌ഐ പ്രവർത്തകർ ചാടിവീഴുകയായിരുന്നു. വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നിട്ടും എസ്എഫ്‌ഐ പ്രവർത്തകർ ഗവർണറുടെ വാഹനത്തിന് തൊട്ടടുത്ത് വരെ എത്തി. ഇതോടെയാണ് ക്ഷുഭിതനായി ഗവർണർ പുറത്തിറങ്ങിയത്. അതിനിടെ രാജ്ഭവനിലെ ഉദ്യോഗസ്ഥരോട് വിവരം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും അറിയിക്കാൻ ഗവർണർ നിർദ്ദേശം നൽകി. ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയോട് നേരിട്ട് സംസാരിക്കുകയും ചെയ്തു.
മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും പൊലീസിനോട് ഗവർണർ ചോദിച്ചു. 10.45 നാണ് ഗവർണർ പ്രതിഷേധം തുടങ്ങിയത്. അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രിയുെടെ സെക്രട്ടറിയെ വിളിച്ച് പരാതിപ്പെട്ട ഗവർണർ പ്രധാനമന്ത്രിയെ വിളിക്കാനും ആവശ്യപ്പെട്ടു. നേരത്തെ തിരുവനന്തപുരം പാളയത്ത് വെച്ചും ഗവർണർക്കുനേരെ എസ്എഫ്‌ഐയുടെ രൂക്ഷമായ പ്രതിഷേധമുണ്ടായിരുന്നു. അന്ന് ഗവർണറുടെ വാഹനത്തിൽ എസ്എഫ്‌ഐ പ്രവർത്തകർ അടിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയായി കണക്കാക്കിയിരുന്നു. അന്നത്തെ സംഭവത്തിൽ അറസ്റ്റിലായ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.