ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എംഎം മണി പരിധിവിട്ട അധിക്ഷേപ പരാമർശം നടത്തിയതോടെ ഗവർണർ- സർക്കാർ പോര് പുതിയ തലത്തിൽ. നിയമസഭയിൽ നയപ്രഖ്യാപനം നടത്തുമെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. മണിയുടെ പരാമർശം ഒറ്റപ്പെട്ട സംഭവമെന്ന നിലയ്ക്ക് രാജ്ഭവൻ കാണുന്നില്ല. നേരത്തേ മന്ത്രിമാരടക്കം മോശം പരാമർശങ്ങൾ നടത്തിയപ്പോൾ ഇതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്ന നിലയിലുള്ള പ്രതികരണമാണ് ഗവർണർ നടത്തിയത്.

മണിയുടെ വാക്കുകൾ ഇങ്ങനെ - 'ഇടുക്കി ജില്ലയിൽ ഗവർണർ പ്രവേശിക്കുന്നത് പെറപ്പ് പണിയാണ്. വ്യാപാരികൾ ഗവർണർക്ക് പൊന്നുകൊണ്ട് പുളിശേരി വച്ച് കൊടുക്കുന്നത് അംഗീകരിക്കാനാകില്ല. ജനങ്ങളുടെ വികാരം മനസിലാക്കണം. ജനങ്ങളുടെ ഭാഗമല്ലേ കച്ചവടക്കാർ. അവർ പുതിയതായി വന്നതല്ലല്ലോ. ഈ നാറിയെ പേറാൻ നിങ്ങൾ പോകേണ്ട കാര്യമില്ല.'- അദ്ദേഹം പറഞ്ഞു. മണിയെ കടത്തി വെട്ടുന്ന തരത്തിൽ സിപിഎം ജില്ലാ സെക്രട്ടറി വർഗീസും പ്രതികരിച്ചിട്ടുണ്ട്. അതിനിടെ ഇടുക്കിയിൽ എത്തുന്ന ഗവർണർ മറിയക്കുട്ടിയെ സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്.

എൽ.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് നടത്താൻ തീരുമാനിച്ച ജനു.ഒമ്പതിന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് ഗവർണർ തൊടുപുഴയിലെത്തുന്നതാണ് മണിയെ ചൊടിപ്പിച്ചത്. നിശ്ചയിച്ചപോലെ ഒമ്പതിന് പരിപാടി നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ പറഞ്ഞു. എങ്ങനേയും പരിപാടി മാറ്റി വയ്‌പ്പിക്കുകയായിരുന്നു മണിയുടെ ലക്ഷ്യം. ഈ സമ്മർദ്ദത്തിന് ഏകോപന സമിതി വഴങ്ങിയതുമില്ല. ഇതിനൊപ്പമാണ് മറിയക്കുട്ടിയെ കണ്ട് സർക്കാരിന് മറുപടി നൽകാനുള്ള രാജ്ഭവൻ ആലോചന. ഇക്കാര്യത്തിൽ ഗവർണർ തീരുമാനം എടുത്തിട്ടില്ല. സുരക്ഷാ പ്രശ്‌നങ്ങൾ കൂടി പരിഗണിച്ച് മാത്രമേ തീരുമാനിക്കൂ.

ഭൂമിപതിവ് ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നിലപാടിനെതിരെയാണ് ജില്ലയിൽ നിന്ന് പതിനായിരങ്ങളെ അണിനിരത്തി എൽ.ഡി.എഫ് രാജ്ഭവൻ മാർച്ച് നടത്തുന്നത്. അതേ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ ഗവർണ്ണറെ ക്ഷണിച്ചത് സിപിഎമ്മും ഗൗരവത്തോടെ കാണുന്നുണ്ട്. സിപിഎമ്മിനെ പരിഹസിക്കുകയാണ് ഏകോപന സമിതി എന്നതാണ് നിലപാട്. ഏതായാലും ഇടുക്കിയിൽ ഗവർണ്ണർ എല്ലാ വിഷയങ്ങൾക്കും മറുപടി നൽകും.

നവംബർ ആറിനാണ് ഗവർണറെ ക്ഷണിച്ചതെന്നും ഡിസംബറിലെ തീയതി നൽകണമെന്നാണ് അഭ്യർത്ഥിച്ചതെന്നും വ്യാപാരികൾ വ്യക്തമാക്കി. ജനുവരി രണ്ടാം തീയതിയാണ് ഗവർണറുടെ ഓഫീസിൽ നിന്ന് ഒമ്പതിന് പങ്കെടുക്കാമെന്ന് അറിയിച്ചത്. ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അംഗങ്ങൾ മാത്രമാണ് പങ്കെടുക്കുന്നത്. ഗവർണർ പങ്കെടുക്കുന്നു എന്ന ഒറ്റക്കാരണത്താൽ ജീവകാരുണ്യ പരിപാടിയെ എതിർക്കുന്നത് ശരിയാണോയെന്ന് വ്യാപാരികൾ ചോദിക്കുന്നു.

പരിപാടിയുമായി മുന്നോട്ടുപോകുന്നതിന് രാജ്ഭവൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഹർത്താലിന്റെ ഭാഗമായി ഗവർണറെ തടയുന്ന നടപടി ഉണ്ടായാൽ അത് പുതിയ തലത്തിലെത്തും. രണ്ടും കൽപ്പിച്ചാണ് ഗവർണർ ഇടുക്കിയിലേക്ക് പോകുന്നത്. സർക്കാരിന്റെ കർഷക വിരുദ്ധത ഗവർണർ ചർച്ചയാക്കുമെന്നാണ് സൂചന.

ഗവർണറെ വഴിയിൽ തടയില്ലെന്ന് എൽ.ഡി.എഫ്. ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ടെങ്കിലും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്.എഫ്.ഐ.വ്യക്തമാക്കിക്കഴിഞ്ഞു. എന്ത് ഭീഷണി ഉയർത്തിയാലും പരിപാടി മാറ്റിവെക്കില്ലെന്ന ഉറച്ചനിലപാടിലാണ് വ്യാപ്യാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി. ഇതോടെ ചൊവ്വാഴ്ച ഇടുക്കിയിലും കാലിക്കറ്റ് യൂണിവേഴ്സിറ്റി മോഡൽ സംഭവവികാസങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് പൊതുജനം.

ഗവർണർക്ക് പരവതാനി വിരിക്കാൻ വ്യാപാരി നേതൃത്വത്തിന് ഇടുക്കിയുടെ മണ്ണ് വിട്ടുനൽകില്ലെന്ന് സിപിഎം. ജില്ലാ സെക്രട്ടറി സി.വി.വർഗീസ് പറഞ്ഞു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ തെരുവിൽ പുലഭ്യം പറഞ്ഞ് അലഞ്ഞുനടക്കുന്ന സംഘപരിവാർ പ്രചാരകനെ ഇടുക്കിലേക്ക് കൊണ്ടുവന്ന് കർഷകരെ വെല്ലുവിളിക്കാമെന്ന സമ്പന്നസമൂഹത്തിന്റെ മോഹം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച തൊടുപുഴയിൽ എത്തുന്ന ചാൻസലർ ആരിഫ് മുഹമ്മദ് ഖാനെതിരേ കരിങ്കൊടിയേന്തിയ വിദ്യാർത്ഥി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്.എഫ്.ഐ.ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ്, പ്രസിഡന്റ് ലിനു ജോസ് എന്നിവർ അറിയിച്ചു. ജില്ലയിലെ ഭൂവിഷയങ്ങൾക്കു ശാശ്വത പരിഹാരം കാണാൻ എൽ.ഡി.എഫ്. സർക്കാർ എടുത്ത തീരുമാനത്തെ അട്ടിമറിക്കുന്ന ഗവർണറെ ജില്ലയിൽ കൊണ്ടുവന്ന് സ്വീകരണം നൽകുന്നത് ജില്ലയിലെ ജനസമൂഹത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് കേരളവ്യാപാരി വ്യവസായി സമിതി നേതാക്കൾ പ്രതികരിച്ചു.