തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്തിയേക്കും. എസ്. എഫ്. ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം ഗവർണ്ണർക്കെതിരെ തുടരുന്ന സാഹചര്യത്തിലാണ് ആലോചന. സ്ഥിതി ഗതികൾ രാജ് ഭവൻ വിലയിരുത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സ്ഥിതി ഗതികൾ അറിയിച്ചേക്കും. ഗവർണ്ണറും സർക്കാരും തമ്മിലെ പോര് കടക്കുന്നതിനിടെയാണ് എസ് എഫ് ഐയുടെ പ്രതിഷേധവും ചർച്ചകളിൽ എത്തുന്നത്.

ഗവർണർക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ഗവർണർ എത്തുന്നതിനു മുൻപ് പ്രദേശത്ത് എസ്.എഫ്.ഐ പ്രവർത്തകർ തമ്പടിച്ചെങ്കിലും നീക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. മുന്നറിയിപ്പ് ലഭിച്ചിട്ടും ഗവർണർക്ക് സുരക്ഷയൊരുക്കുന്നതിൽ പൊലീസ് അലംഭാവം കാണിച്ചെന്നാണ് ആക്ഷേപം. ഇനിയും എസ് എഫ് ഐ പ്രതിഷേധം ശക്തമാക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലും കേരളാ പൊലീസ് മതിയായ കരുതൽ എടുക്കുമോ എന്നത് കേന്ദ്ര ഏജൻസികൾ പരിശോധിക്കും. അതിന് ശേഷം ഉചിത തീരുമാനം എടുക്കും.

വഴുതയ്ക്കാടുള്ള തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനു സമീപത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കരിങ്കൊടി കാണിച്ചത്. സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഗവർണർ നിലപാട് തിരുത്തിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പറഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിന് ശേഷമായിരുന്നു ഇതെല്ലാം.

എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.കെ.നന്ദൻ, സെക്രട്ടറി എസ്.കെ.ആദർശ് എന്നിവരുൾപ്പെടെ 20 പേരെ അറസ്റ്റു ചെയ്തു. നന്ദാവനത്തെ എ.ആർ പൊലീസ് ക്യാംപിലേക്ക് മാറ്റിയ ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. പൊലീസ് സംയമനം പാലിച്ചതു കൊണ്ടാണ് പ്രശ്‌നങ്ങൾ വഷളാകാത്തത്. എന്നാൽ ഭാവിയിൽ ഗവർണ്ണർക്കെതിരായ എസ് എഫ് ഐ പ്രതിഷേധത്തിന് എന്തും സംഭവിക്കാം. നിലവിൽ മുഖ്യമന്ത്രിക്കെതിരെ കെ എസ് യു നടത്തുന്ന കരിങ്കൊടി പ്രതിഷേധം പലയിടത്തും സംഘർഷമായിട്ടുണ്ട്. ഗവർണ്ണർക്കെതിരെ ഈ വിധത്തിലേക്ക് പ്രതിഷേധം മാറിയാൽ പൊലീസ് എതു തരത്തിൽ ഇടപെടുമെന്നതും ചർച്ചകളിലുണ്ട്.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിട്ടും എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയത് പൊലീസിന് അകത്തു നിന്ന് തന്നെ ചർച്ചയായി. ഗവർണർക്ക് നേരെ പ്രതിഷേധിക്കാൻ സൗകര്യമൊരുക്കി എന്നാണ് സേനയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നതെന്ന് മാധ്യമം പത്രവും റിപ്പോർട്ട് ചെയ്യുന്നു. ഗവർണറുടെ രാഷ്ട്രീയം എന്തായാലും സുരക്ഷ ഒരുക്കാനുള്ള പൊലീസിന്റെ കൃത്യനിർവഹണത്തിൽ വീഴ്ച വന്നതായും ആക്ഷേപമുണ്ടാണ് ആക്ഷേപം.

സർവകലാശാലകളെ സംഘ്പരിവാർ കേന്ദ്രങ്ങളാക്കാൻ ഗവർണർ ശ്രമിക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഗവർണർ നിലപാട് തിരുത്തിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയും പ്രതിഷേധം തുടരുമെന്നതിന്റെ സൂചനയാണ്. അതുകൊണ്ടാണ് കേന്ദ്ര സേനയുടെ സുരക്ഷ അടക്കം ഗവർണ്ണർക്കായി രാജ്ഭവൻ ആലോചിക്കുന്നത്.