- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
4 വൈസ്ചാൻസലർമാരെ ഗവർണർ ഉടൻ പുറത്താക്കിയേക്കും
തിരുവനന്തപുരം: കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാലാ വൈസ് ചാൻസലർമാരെ ഗവർണ്ണർ പുറത്താക്കുമെന്ന് സൂചന. ശക്തമായ നടപടികൾക്ക് രാജ്ഭവൻ ഒരുങ്ങുകയാണ്. കോടതി നിർദേശത്തെ തുടർന്നു പുറത്താക്കൽ നോട്ടിസ് നൽകിയ കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാലാ വിസിമാരുടെ ഹിയറിങ് ഗവർണർ നാളെ നടത്തുന്നുണ്ട്. അതിന് ശേഷം ഉടൻ തീരുമാനം എടുക്കും. മന്ത്രി ആർ.ബിന്ദുവിനെതിരെ കേരള സർവകലാശാലാ വിസി ഡോ.മോഹനൻ കുന്നുമ്മൽ നൽകിയ റിപ്പോർട്ട് ഗവർണറുടെ പരിഗണനയിലാണ്. രണ്ടു തീരുമാനവും കോടതി കയറാനും സാധ്യത ഏറെയാണ്.
കേരള സർവകലാശാലയിൽ മന്ത്രി ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന വിവാദ സെനറ്റ് യോഗം സംബന്ധിച്ചും മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഗവർണർ തീരുമാനമെടുക്കും. നിയമോപദേശം തേടി കാത്തിരിക്കുകയാണ് ഗവർണർ. ബിന്ദുവിനെതിരെ നടപടി എടുക്കാൻ ഗവർണ്ണർക്ക് കഴിയില്ല. എങ്കിലും സെനറ്റ് യോഗം അസാധുവാക്കും. വീണ്ടും യോഗം വിളിക്കാൻ നിർദ്ദേശിക്കുകയും ചെയ്യും. വിസിമാരെ മാറ്റുന്നതിലും വ്യക്തമായ നിയമോപദേശം ഗവർണർക്ക് കിട്ടിയിട്ടുണ്ട്. നാളെ നടക്കുന്ന ഹിയറിങിൽ വിസിമാരോ അവരുടെ അഭിഭാഷകരോ പങ്കെടുക്കും. ഹിയറിങ്ങിൽ പങ്കെടുക്കാൻ ഗവർണറുടെ നിയമോപദേഷ്ടാവ് എത്തും.
നിയമോപദേഷ്ടാവിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും രണ്ടു വിഷയങ്ങളിലും തീരുമാനമെടുക്കുക. നാളത്തെ ഹിയറിങ്ങിനു ശേഷം ചെന്നൈയിലേക്കു പോകുന്ന ഗവർണർ പിറ്റേന്നു കോട്ടയം വഴി തിരുവനന്തപുരത്ത് മടങ്ങിയെത്തും. അപ്പോഴേക്കും തീരുമാനമുണ്ടാകും. കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാലാ വിസിമാരെ പുറത്താക്കിയാലും അവർക്ക് അപ്പീൽ പോകാൻ കോടതി സമയം അനുവദിച്ചിട്ടുണ്ട്. വിവാദ സെനറ്റ് യോഗം റദ്ദാക്കിയാൽ അതിനെതിരെ കോടതിയെ സമീപിക്കുമെന്ന് എൽഡിഎഫ് അറിയിച്ചിട്ടുണ്ട്.
നിയമനത്തിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയ 4 വൈസ്ചാൻസലർമാരെ ഗവർണർ ഉടൻ പുറത്താക്കിയേക്കും എന്നാണ് സൂചന. കാലിക്കറ്റ് (ഡോ.എം.ജെ.ജയരാജ്), സംസ്കൃതം (ഡോ.എം വിനാരായണൻ), ഓപ്പൺ (പി.എം മുബാറക് പാഷ), ഡിജിറ്റൽ (ഡോ.സജി ഗോപിനാഥ്) സർവകലാശാലകളുടെ വി സിമാരെയാവും യുജിസി ചട്ടം ലംഘിച്ചുള്ള നിയമനത്തിന്റെ പേരിൽ പുറത്താക്കുക. നേരത്തേ ഇവർക്കടക്കം 10വി സിമാർക്ക് പുറത്താക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരേ 4 വി സിമാർ ഹൈക്കോടതിയെ സമീപിച്ചു. വി സിമാരെ കേട്ടശേഷം ആറാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി ഗവർണർക്ക് നിർദ്ദേശം നൽകിയിരുന്നു.
കേരള, എംജി, കുസാറ്റ്, മലയാളം, കാർഷിക, സാങ്കേതിക, ഫിഷറീസ്, കണ്ണൂർ, കാലിക്കറ്റ്, സംസ്കൃതം, ഓപ്പൺ, ഡിജിറ്റൽ സർവകലാശാലകളുടെ വി സിമാരുടെ നിയമനമാണ് നിയമക്കുരുക്കിലായത്. ഇതിൽ സാങ്കേതിക, ഫിഷറീസ്, കണ്ണൂർ സർവകലാശാലാ വി സിമാരെ ഇതിനോടകം കോടതികൾ പുറത്താക്കി. കേരള, എംജി, കുസാറ്റ്, മലയാളം, കാർഷിക വി സിമാർ കാലാവധി കഴിഞ്ഞതിനാൽ സ്ഥാനമൊഴിഞ്ഞു. ശേഷിക്കുന്ന 4 വി സിമാരുടെ കാര്യത്തിൽ യുജിസി ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നു വിലയിരുത്തി ഗവർണർ തീരുമാനമെടുക്കാനാണ് കോടതി ഉത്തവ്.
2022 ഒക്ടോബറിൽ പുറത്താക്കൽ നോട്ടീസ് നൽകി വി സിമാരെ ഹിയറിങ് നടത്തിയപ്പോഴേക്കും തുടർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും തീരുമാനമായിരുന്നില്ല. ഹൈക്കോടതി വിധിയോടെ ഗവർണർക്കു നടപടിയെടുക്കാനുള്ള അവസരമൊരുങ്ങി. ഡിജിറ്റൽ സർവകലാശാലാ വി സിക്കാണ് ഇപ്പോൾ സാങ്കേതിക സർവകലാശാലയുടെ ചുമതല. അദ്ദേഹത്തെ ഗവർണർ ഒഴിവാക്കിയാൽ സാങ്കേതിക സർവകലാശാലയ്ക്കും നാഥനില്ലാതാകും.
സാങ്കേതിക വാഴ്സിറ്റി വി സിയായിരുന്ന ഡോ. എം.എസ്.രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് തീരുമാനമെടുക്കേണ്ടതെന്നാണ് ഹൈക്കോടതി ഉത്തരവിലുള്ളത്.