തിരുവനന്തപുരം: ഗവർണർ-എസ്എഫ്ഐ പോര് കടുക്കുന്നതിനിടെ, ആരിഫ് മുഹമ്മദ് ഖാനെതിരെ കൂടുതൽ കോളജ് കാമ്പസുകളിൽ ബാനറുകൾ. തിരുവനന്തപുരം സംസ്‌കൃത കോളജ്, പന്തളം എൻഎസ്എസ് കോളജ്, കാലടി ശ്രീശങ്കര സർവകലാശാല എന്നിവിടങ്ങളിലെല്ലാം ഗവർണർക്കെതിരെ എസ്എഫ്ഐയുടെ ബാനർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മിസ്റ്റർ ചാൻസലർ, നിങ്ങളുടെ വിധേയത്വം സർവകലാശാലകളോട് ആയിരിക്കണം, സംഘപരിവാറിനോട് ആയിരിക്കരുത് എന്നാണ് സംസ്‌കൃത കോളജ് കവാടത്തിൽ കറുത്ത തുണി കൊണ്ടുള്ള ബാനറിൽ എഴുതിയിരിക്കുന്നത്. മസ്തിഷ്‌കത്തിന് പകരം മനുസ്മൃതിയെങ്കിൽ ഗവർണറേ തെരുവുകൾ നിങ്ങളെ ഭരണഘടന പഠിപ്പിക്കുക തന്നെ ചെയ്യുമെന്ന് ശ്രീശങ്കരയിൽ ഉയർത്തിയ ബാനറിൽ പറയുന്നു.

അതേസമയം കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറുടെ പൊതുപരിപാടി നടക്കും. കാലിക്കറ്റ് സർവകലാശാല വിസിയോട് ഗവർണർ അപമര്യാദയായി പെരുമാറി എന്നാരോപിച്ച് കാലിക്കറ്റ് സർവകലാശാലയിലെ അദ്ധ്യാപകരും ഇടതുസംഘടനാ ജീവനക്കാരും കരിദിനം ആചരിക്കുകയാണ്.

അതിനിടെ ഗവർണർക്കെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും രംഗത്തുവന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാടിന് അപമാനമാണെന്നും അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയാരജൻ തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രതിഷേധിക്കുന്നവർ കുട്ടികളല്ലേ, വിദ്യാർത്ഥികളാകുമ്പോൾ അവരുടേതായ പ്രസരിപ്പുണ്ടാകും. എന്നാൽ പ്രായമുള്ളവരും ഭരണകർത്താക്കളും നിലവാരം കുറഞ്ഞ നിലയിലേക്ക് പോകരുത്. നിലവാരമില്ലാത്ത വാക്കുകളാണ് അദ്ദേഹം ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഗവർണർ എന്ന പദവിയെക്കുറിച്ച് അദ്ദേഹത്തിന് വല്ല നിശ്ചയവുമുണ്ടോ? കാറിൽനിന്ന് ചാടിയിറങ്ങി അടിപിടിക്ക് പോകുകയാണ്. അദ്ദേഹത്തിന്റെ നടപടികൾ കേരള ജനങ്ങൾക്കും സർക്കാറിനും അപമാനകരമാണ്. അദ്ദേഹത്തെ തിരിച്ചുവിളിക്കണം. ആർ.എസ്.എസും ബിജെപിയുമാണ് ഗവർണറെ വഷളാക്കുന്നത് -ഇ.പി ജയരാജൻ പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്ന പരിപാടിയുള്ളതിനാലും അദ്ദേഹം ഗസ്റ്റ് ഹൗസിൽ ഉള്ളതിനാലും കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ ഇന്ന് കടുത്ത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാന കവാടം വഴി ഇന്നു വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും പ്രവേശനം നൽകില്ല. സനാതന ധർമ പീഠത്തിന്റെയും ഭാരതീയ വിചാര കേന്ദ്രത്തിന്റെയും സെമിനാറിന് ഇ.എം.എസ് സെമിനാർ കോംപ്ലക്‌സിൽ ഗവർണർ എത്തും. സെമിനാറിൽ പങ്കെടുക്കുന്നവർ ഉച്ചയ്ക്ക് 1.30ന് അകം എത്തണമെന്ന് സനാതന ധർമ ചെയർ കോ- ഓർഡിനേറ്റർ സി. ശേഖരൻ അറിയിച്ചു. പരമാവധി 350 പേർക്കേ സെമിനാർ ഹാളിൽ പ്രവേശനം ലഭിക്കൂ. പങ്കെടുക്കുന്നവർക്ക് പ്രത്യേക പാസും പൊലീസ് പരിശോധനയും ഉണ്ടാകും.

പരിപാടികൾക്ക് ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. രാജ് ഭവന് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കൂടുതൽ പൊലീസിനെ വിന്യസിച്ചു. ഗവർണർക്കെതിരെ കാലിക്കറ്റ് സർവകലാശാലയിൽ ഉയർത്തിയതിന് സമാനമായ കറുത്ത ബാനർ എസ്.എഫ്.ഐ തിരുവനന്തപുരത്തും സ്ഥാപിച്ചിട്ടുണ്ട്.