തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ നടത്തുന്ന തുടർ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷ വർധിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഏറ്റവും ഉയർന്ന ഇസെഡ് പ്ലസ് സുരക്ഷയാണ് ഗവർണർക്ക് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു ഇസെഡ് പ്ലസ് സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവർണർക്ക് കൂടി ബാധകമാക്കിയത്. പുതിയ നിർദ്ദേശപ്രകാരം ഗവർണറുടെ സുരക്ഷ കേന്ദ്ര സുരക്ഷാ ഏജൻസിയായ സിആർപിഎഫിന് കൈമാറും. ഇക്കാര്യം ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു.

രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സുരക്ഷാ സംവിധാനമാണ് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ. പത്തിലേറെ വരുന്ന എൻ.എസ്.ജി കമാൻഡോകൾ, പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 150ലേറെ പേർ അടങ്ങുന്ന സുരക്ഷാ ടീമാണ് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയിൽ നിയോഗിക്കുക. വിദഗ്ദമായ ആയോധനകലകളും നിരായുധ പോരാട്ട പരിശീലനവും സിദ്ധിച്ച വിദഗ്ദന്മാരായ കമാൻഡോകളായിരിക്കും ടീമിൽ ഉണ്ടാകുക. എന്തിനും ഏതിനും ഏത് സമയത്തും സജ്ജമായിരിക്കുന്ന 150ലേറെ പേരടങ്ങുന്ന ഒരു കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥരുടെ ടീമാണ് ഇസെഡ് പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുന്നത്.

ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങിയവർക്ക് ഇസെഡ് പ്ലസ് കാറ്റഗറി സെക്യൂരിറ്റിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ഗണത്തിലെ സുരക്ഷയാണ് ഇനി കേരളാ ഗവർണർക്കും കിട്ടുക. നിലമേലിലെ സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് തീരുമാനം. ബംഗാൾ ഗവർണർ സിവി ആനന്ദബോസിനും ഇസെഡ് പ്ലസ് സുരക്ഷയുണ്ട്. സെൻട്രൽ റിസർവ്വ് പൊലീസ്(സിആർപിഎഫ്) ഈ ഗണത്തിലുള്ളവർക്ക് രാജ്യമൊട്ടാകെ സുരക്ഷ നൽകും.

ഗവർണർക്കും കേരള രാജ്ഭവനും സിആർപിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിക്കുകയായിരുന്നു. കൊല്ലം നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളെ തുടർന്നാണ് നടപടി. വാഹനത്തിൽനിന്നും റോഡിലിറങ്ങി പ്രവർത്തകരോടും പൊലീസിനോടും കയർത്ത ഗവർണർ റോഡിൽ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പൊലീസ് ആണെന്നും അവർക്കെതിരെ കേസെടുക്കാതെ വാഹനത്തിൽ കയറില്ലെന്ന ഉറച്ച നിലപാടിൽ റോഡിന് സമീപമിരുന്ന് പ്രതിഷേധിച്ച ഗവർണർ, പ്രതിഷേധക്കാർക്കെതിരേ കേസെടുത്ത് എഫ്‌ഐആർ രേഖകൾ കാണിച്ച ശേഷമായിരുന്നു മടങ്ങിയത്.

സദാനന്ദ ആശ്രമത്തിൽ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്തുനിന്നും നിലമേൽ വഴി സദാനന്ദപുരത്തേക്ക് പോകുകയായിരുന്നു ഗവർണർ. യാത്രാമധ്യേയാണ് നിലമേൽവെച്ച് എസ്.എഫ്.ഐക്കാർ കരിങ്കൊടികളുമായി ഗവർണറുടെ വാഹനത്തിന് നേരെ പ്രതിഷേധവുമായി എത്തിയത്. ക്ഷുഭിതനായ ഗവർണർ കാറിൽ നിന്നിറങ്ങി പ്രതിഷേധക്കാർക്കുനേരെ കയർക്കുകയായിരുന്നു. അവിടെ നിന്നു തന്നെ വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ ഗവർണർ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസും വിഷയത്തിൽ ഇടപെട്ടു. ഇതിന് പിന്നാലെയാണ് കേന്ദ്ര സുരക്ഷ എത്തുന്നത്.

സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി ഓഫിസിൽനിന്നും ഗവർണറെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കിയതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. ഉപരാഷ്ട്രപതി ജഗ്ധീപ് ധൻകർ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഗവർണറെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കി. റോഡരികിലിരുന്നുള്ള പ്രതിഷേധത്തിനിടെ തന്നെ കേന്ദ്ര അഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലും കാര്യങ്ങൾ അറിയിച്ചു. ഇതിനു പിന്നാലെയാണ് കേന്ദ്ര ഇടപെടൽ. എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ വിശദാംശങ്ങൾ കേന്ദ്രത്തിന് രാജ്ഭവൻ കൈമാറി.

സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രത്തിനു റിപ്പോർട്ടു നൽകുമെന്നും ഗവർണർ അറിയിച്ചു. ഇതിന്റെ തുടർനടപടികൾ എന്താകുമെന്നതിൽ ആകാംക്ഷയുണ്ട്. സംസ്ഥാന സർക്കാർ ഗവർണർ പോരിലേക്ക് കേന്ദ്രം ഇടപെടുന്നതിന്റെ സൂചനയാകും ഇതെന്നും വിലയിരുത്തലുണ്ട്. കൊല്ലം നിലമേലിൽ പ്രകടനം നടത്തിയ എസ്എഫ്‌ഐക്കാരെ അറസ്റ്റു ചെയ്യാത്തതിലാണ് കാറിൽ നിന്നിറങ്ങി കസേരയിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതിഷേധിച്ചത്. പൊലീസിനെ രൂക്ഷഭാഷയിൽ ശകാരിക്കുകയും ചെയ്തു. 12 പേരെ അറസ്റ്റു ചെയ്‌തെന്നു പൊലീസ് പറഞ്ഞെങ്കിലും ഏകദേശം അൻപതോളം പേരുണ്ടായിരുന്നെന്നും അവരെയെല്ലാം അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗവർണറുടെ പ്രതിഷേധം.

എഫ്‌ഐആർ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവിൽ എഫ്‌ഐആർ കണ്ടതിനു ശേഷമാണ് ഗവർണർ കാറിൽ കയറി കൊട്ടാരക്കരയിലെ പരിപാടിയിലേക്കു പോയത്. 17 പേർക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാരാണ് പ്രകടനക്കാരെ നിരത്തിൽ എത്തിക്കുന്നതെന്നും ആരോപിച്ചു.