- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിശുക്ഷേമ സമിതിയിൽ ഗവർണ്ണറുടെ ലക്ഷ്യം സിബിഐയെ എത്തിക്കൽ; അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയതും ചർച്ചയാക്കാൻ രാജ്ഭവൻ; ആരുടേതാണ് ശിശു ദ്രോഹ നടപടികൾ? രക്ഷാധികാരി ഇപ്പോഴും ഗവർണ്ണർ തന്നെ
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന നിലപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാർ ഇത് അംഗീകരിച്ചില്ലെങ്കിൽ പരാതികൾ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. സിബിഐ അന്വേഷണ സാധ്യതയും തേടും. ഇപ്പോഴും സമിതിയുടെ രക്ഷാധികാരി ഗവർണ്ണർ തന്നെയാണ്.
രക്ഷാധികാരി സ്ഥാനത്തു നിന്നു ഗവർണറെ ഇതുവരെ നീക്കിയിട്ടില്ല. ഇതിൽ ഗവർണർക്കുള്ള അസന്തുഷ്ടി ചീഫ് സെക്രട്ടറിയെ രാജ്ഭവൻ അറിയിച്ചിരുന്നു. ഇതെത്തുടർന്നു സമിതിയുടെ വെബ്സൈറ്റിൽ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തു എന്നാണ് ജനറൽ സെക്രട്ടറി അറിയിച്ചത്. സമിതിയുടെ നിയമാവലി ഭേദഗതി ചെയ്താൽ മാത്രമേ ഗവർണറെ രക്ഷാധികാരി സ്ഥാനത്തു നിന്നു നീക്കാനാകൂ. നിയമാവലി ഭേദഗതിക്ക് ഉടൻ നടപടി വേണമെന്നതാണ് ഗവർണ്ണറുടെ ആവശ്യം.
അതിനിടെ സമിതിയെക്കുറിച്ച് ഗുരുതരമായ ഒട്ടേറെ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഇവ അന്വേഷിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടും. പരാതികൾ കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ നിർദ്ദേശം കണക്കിലെടുത്താണ് രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ശിശുക്ഷേമസമിതി 1964ൽ രൂപീകരിച്ചതു മുതൽ ഗവർണർ രക്ഷാധികാരിയും മുഖ്യമന്ത്രി പ്രസിഡന്റും സാമൂഹിക നീതി മന്ത്രി വൈസ് പ്രസിഡന്റുമാണ്. എന്നാൽ ക്രമക്കേടുകളുടെ പേരുദോഷം അദ്ദേഹത്തിനു കൂടിയാണ്. ഈ പേരുദോഷം മാറ്റാനാണ് ഗവർണ്ണറുടെ ശ്രമം. ശിശുക്ഷേമ സമിതിയിൽ ഗവർണ്ണർക്ക് ലഭിച്ചത് ഒട്ടേറെ പരാതികൾ. ദത്തെടുക്കൽ നിയമത്തിന്റെ ലംഘനം, നിയമനങ്ങളിലെ ക്രമക്കേട്, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ ആരോപണങ്ങളാണു ഗവർണർക്കു ലഭിച്ച പരാതികളിലുള്ളത്.
പൊതുയോഗത്തിൽ ആയുഷ്കാല അംഗങ്ങൾ തിരഞ്ഞെടുക്കുന്ന ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് ഭരണച്ചുമതല. ഗവർണർ രക്ഷാധികാരിയാണെങ്കിലും ഭരണത്തിൽ അദ്ദേഹത്തിനു നിയന്ത്രണമില്ല. സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന സമിതിയിൽ അഞ്ഞൂറോളം പേർക്ക് അംഗത്വം കൊടുത്തു സിപിഎം ഭരണം പിടിച്ചെടുത്തത് 2000 ൽ ആയിരുന്നു. ഇഅടുത്തകാലത്ത് അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിനെ മാതാവ് അറിയാതെ അനധികൃതമായി കൈമാറ്റം ചെയ്തതും ഏറെ വിവാദമുണ്ടാക്കി. ഇതുൾപ്പെടെ വ്യാപകമായ ആക്ഷേപങ്ങൾ നിലവിലുണ്ട്.
നിയമാവലി ഭേദഗതിക്ക് പൊതുയോഗം വിളിച്ചു ചേർക്കണം. രക്ഷാധികാരി സ്ഥാനം ഒഴിയുന്നതായി ഗവർണർ അറിയിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും അതിനുള്ള നടപടി സമിതി ഭാരവാഹികൾ സ്വീകരിച്ചിട്ടില്ല. അമ്മയറിയാതെ കുഞ്ഞിനെ ദത്തുനൽകിയതടക്കം വിവാദങ്ങളിൽ ശിശുക്ഷേമ സമിതി കുരുങ്ങിയിരുന്നു. ഇതടക്കം നിരവധി പരാതികൾ വന്നെന്നും അന്വേഷണത്തിൽ കഴമ്പുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതിൽ നടപടി സ്വീകരിക്കാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു.
സമിതിക്കെതിരെ ആക്ഷേപങ്ങളുയർന്നതോടെ രക്ഷാധികാരിയായിരിക്കുന്നതു നല്ലതല്ലെന്ന് കേന്ദ്ര സാമൂഹികനീതി മന്ത്രാലയം ഗവർണർക്ക് ശിപാർശ നൽകി. അതു പരിഗണിച്ചാണ് സ്ഥാനമൊഴിഞ്ഞത്. എന്നാൽ, സ്ഥാനമൊഴിയുന്ന കത്ത് സർക്കാറിന് നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും മറുപടിയില്ല. സമിതി രേഖകളിൽനിന്നും വെബ്സൈറ്റിൽനിന്നും ഗവർണറുടെ പേര് നീക്കാത്തതിലെ അസന്തുഷ്ടി ചീഫ് സെക്രട്ടറി ഡോ.വി. വേണുവിനെ രേഖാമൂലം അറിയിച്ചു.
അതിനിടെ ആറു പതിറ്റാണ്ടിലേറെയായി സംസ്ഥാന ശിശുക്ഷേമ സമിതി നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങളെ തുരങ്കം വെക്കാനുള്ള ശ്രമമാണ് ഗവർണറുടേതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി ആരോപിച്ചു. ഗവർണറുടെ ആരോപണങ്ങൾ തള്ളിയ അദ്ദേഹം ശിശുക്ഷേമ സമിതി അഫിലിയേറ്റ് ചെയ്ത ഡൽഹി ആസ്ഥാനമായ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന് (ഐ.സി.സി.ഡബ്ല്യു) എതിരെയാണ് പരാതികൾ ഉയർന്നതെന്ന് ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് രണ്ടിനുചേർന്ന സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥിരംസമിതിയും സമിതി അധ്യക്ഷൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഭരണസമിതിയും കൗൺസിലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ തീരുമാനിച്ചു.
ആ സ്ഥാപനം മുഖേന ലഭിച്ച ഫണ്ടുകൾ തിരിച്ചേൽപ്പിച്ചു. നിലവിൽ കൗൺസിലുമായി യാതൊരു ബന്ധവുമില്ല. എന്നിട്ടും ആശയക്കുഴപ്പവും തെറ്റിദ്ധാരണയും പരത്തി സമിതിക്കുള്ള സമൂഹത്തിന്റെ പിന്തുണയും സഹായങ്ങളും ഇല്ലാതാക്കാനുള്ള ശ്രമം കടുത്ത ശിശുദ്രോഹ നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗവർണറുടെ അഭ്യർത്ഥന കണക്കിലെടുത്ത് സമിതി വെബ്സൈറ്റിൽനിന്ന് അദ്ദേഹത്തിന്റെ പേര് നീക്കിയതായി അരുൺഗോപി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ