തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനുനേരെ എസ്.എഫ്.ഐ. പ്രതിഷേധം അതിരുവിട്ടതിൽ പൊലീസിന് വലിയ വീഴ്ചയുണ്ടായി. യാത്രയ്ക്ക് തൊട്ടുമുമ്പ് തീരുമാനിച്ച റൂട്ട് ചോർന്ന് പ്രതിഷേധക്കാരിലേക്കെത്തിയത് ഉദ്യോഗസ്ഥരിൽനിന്നു തന്നെയാണെന്നാണ് നിഗമനം. ചൊവ്വാഴ്ച രാവിലെ സിറ്റി പൊലീസ് കമ്മിഷണർ വിളിച്ച യോഗത്തിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകുമെന്ന സൂചനയുമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് വാഹനങ്ങളിലാണ് എത്തിച്ചതെന്ന ഗുരുതര ആരോപണവും ഗവർണർ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ കഴമ്പില്ലെന്നാണ് പൊലീസ് ഉന്നത നേതൃത്വം പറയുന്നത്.

ഞായറാഴ്ച വഴുതക്കാട്ട് ഗവർണർക്കുനേരെ രണ്ടുതവണ എസ്.എഫ്.ഐ.യുടെ കരിങ്കൊടി പ്രതിഷേധമുണ്ടായതിനുപിന്നാലെ കൂടുതൽ പ്രതിഷേധങ്ങളുണ്ടാകുമെന്നും സുരക്ഷ വർധിപ്പിക്കണമെന്നും നിർദേശമുണ്ടായിരുന്നു. തിങ്കളാഴ്ചത്തെ യാത്രയ്ക്ക് രണ്ടുവഴികൾ തിരഞ്ഞെടുക്കുകയും ചെയ്തു. പതിവ് വഴിക്കു പുറമേ, വഴുതക്കാട്, തൈക്കാട്, മേട്ടുക്കട, തകരപ്പറമ്പ് ഫ്‌ളൈഓവർ വഴിയുള്ള രണ്ടാം റൂട്ടും നിശ്ചയിരുന്നു. എന്നാൽ, കേരള സർവകലാശാലയ്ക്ക് മുന്നിൽ ഗവർണർക്കെതിരേ പ്രതിഷേധം നടക്കുമ്പോൾ അതിന് മുന്നിലൂടെ തന്നെയുള്ള വഴിയാണ് തിരഞ്ഞെടുത്തത്.

രണ്ടാം വഴിയിലുടനീളം പൊലീസുകാരെ നിയോഗിച്ചിരുന്നുവെങ്കിലും പ്രതിഷേധക്കാർ കൃത്യമായി ആദ്യ വഴിയിൽത്തന്നെ സംഘടിച്ചത് വിവരം ചോർന്നതു കൊണ്ടാണെന്നാണ് വിലയിരുത്തൽ. വയർലെസ് സന്ദേശം ഒഴിവാക്കി ഉദ്യോഗസ്ഥരുടെ ഫോൺ വഴി കൈമാറിയ റൂട്ട് വിവരം പ്രതിഷേധക്കാരിലെത്തിയത് പൊലീസിൽ നിന്നുതന്നെയെന്നാണ് ആരോപണം. പൊലീസ് ഓഫീസർമാരുടെ സംഘടനയുടെ ഒരു ജില്ലാ നേതാവിനും നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷനിലെ എസ്‌ഐ.യ്ക്കും ഇതിൽ പങ്കുണ്ടെന്ന തരത്തിലാണ് ആരോപണമെന്ന് മാതൃഭൂമി പറയുന്നു.

ഗവർണർക്ക് സുരക്ഷയൊരുക്കാൻ കേന്ദ്ര സേന എത്താനുള്ള സാധ്യത കൂടി. ഗവർണർക്കെതിരെ എസ്എഫ്ഐ വീണ്ടും കരിങ്കൊടി കാണിക്കുമെന്നും ആക്രമിക്കാൻ സാധ്യതയുണ്ടെന്നും സംസ്ഥാന ഇന്റലിജൻസ് മുന്നറിയിപ്പ് റിപ്പോർട്ട് നൽകിയത് 24 മണിക്കൂറിനിടെ 3 തവണയായിരുന്നു. പ്രതിഷേധത്തിനു സാധ്യതയുള്ള സ്ഥലങ്ങൾ വ്യക്തമാക്കിയായിരുന്നു ഇന്നലെ ഉച്ചയ്ക്കു നൽകിയ മൂന്നാമത്തെ റിപ്പോർട്ട്. എന്നിട്ടും മതിയായ സുരക്ഷ ഒരുക്കിയില്ല. രാജ്ഭവൻ തീർത്തും നിരാശരാണ്.

എസ്എഫ്ഐ പ്രതിഷേധത്തോടു ഗവർണർ രൂക്ഷമായി പ്രതികരിച്ചതോടെ സർക്കാരും ആഭ്യന്തര വകുപ്പും വെട്ടിലായിരിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്നു പരസ്യമായി പ്രഖ്യാപിച്ച ഗവർണർ സമാന റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നൽകിയാൽ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാകും. സംസ്ഥാനത്തെ ധനപ്രതിസന്ധിയിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യം ഗവർണറുടെ പരിഗണനയിലാണ്. ഇതിനൊപ്പമാണ് സുരക്ഷയിലെ പ്രശ്നങ്ങൾ. ഗവർണർ വിഷയം കേന്ദ്ര സർക്കാരിനെ വാക്കാൽ അറിയിക്കും. സ്ഥിതി ഗതികൾ ആഭ്യന്തര മന്ത്രാലയത്തേയും അറിയിക്കും. ഗവർണർക്ക് കേന്ദ്ര സേന സുരക്ഷയൊരുക്കാൻ എത്തുമെന്ന് തന്നെയാണ് സൂചന. അതുണ്ടായാൽ പിന്നെ പ്രതിഷേധക്കാർക്ക് കേന്ദ്ര സേനയുടെ ഇടപെടൽ അനുഭവിക്കേണ്ടി വരും.

അധിക സുരക്ഷ ഏർപ്പെടുത്തണമെന്നും ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയെങ്കിലും പൊലീസ് ഉന്നതർ അവഗണിച്ചു. മാത്രമല്ല രഹസ്യമായി സൂക്ഷിക്കണമെന്നു സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശിച്ച ഗവർണറുടെ സഞ്ചാരപാത പൊലീസ് അസോസിയേഷൻ നേതാവ് എസ്എഫ്ഐക്കാർക്ക് ഇന്നലെ രാവിലെ ചോർത്തി നൽകിയതായും ഇന്റലിജൻസ് കണ്ടെത്തിയെന്ന് മനോരമ കഴുിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസിലെ വിവരങ്ങൾ മികവോടെ റിപ്പോർട്ട് ചെയ്യുന്ന ജി വിനോദാണ് ഇക്കാര്യങ്ങളും പുറം ലോകത്ത് ചർച്ചയാക്കുന്നത്. ഗൗരവമേറിയ വിവരങ്ങളാണ് മനോരമാ വാർത്തയിലുള്ളത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഗവർണർക്കെതിരെ എസ് എഫ് ഐ പ്രതിഷേധം. കഴിഞ്ഞ ദിവസം എസ് എഫ് ഐക്കാർ ഗവർണറുടെ വാഹനം തടയുന്ന അവസ്ഥയും വന്നു. ഇതോടെ വാഹനത്തിൽ നിന്നും ഗവർണർ പുറത്തേക്കും ഇറങ്ങി. ഇത് വലിയ സുരക്ഷാ വീഴ്ചയാണ്. ഇതിന് പിന്നാലെയാണ് യാത്രാ വഴി ചോർത്തിയത് പൊലീസാണെന്ന വാർത്തയുമെത്തുന്നത്.

കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചതിനെ തുടർന്നു ഞായറാഴ്ച വൈകിട്ടായിരുന്നു ഇന്റലിജൻസിന്റെ ആദ്യ റിപ്പോർട്ട്. ഇന്നലെ ഗവർണർക്ക് വിമാനത്താവളത്തിലേക്കു പോകുന്നതിന് സ്ഥിരം റൂട്ടല്ലാതെ മറ്റൊരു സമാന്തര റൂട്ട് കൂടി നിശ്ചയിക്കണമെന്നും നിർദ്ദേശിച്ചു. ഇതു രഹസ്യമായി സൂക്ഷിക്കണമെന്നു സിറ്റി പൊലീസ് കമ്മിഷണർ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഞായറാഴ്ച വൈകിട്ട് വയർലെസ് സന്ദേശവും നൽകി. പ്രതിഷേധം കനക്കുമെന്ന സൂചന നൽകി ഇന്നലെ രാവിലെയായിരുന്നു രണ്ടാമത്തെ ഇന്റലിജൻസ് റിപ്പോർട്ട്. ഉച്ചയ്ക്ക് നൽകിയ മൂന്നാമത്തെ റിപ്പോർട്ടിൽ പാളയത്ത് അണ്ടർ പാസിന് സമീപത്തും പേട്ടയിലുമായി 3 സ്ഥലങ്ങളിലാണു പ്രതിഷേധ സാധ്യതയെന്നു കൃത്യമായി ചൂണ്ടിക്കാട്ടുകയും സുരക്ഷയ്ക്ക് അധിക പൊലീസിനെ നിയോഗിക്കണമെന്നു നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഇതനുസരിച്ചുള്ള മുൻകരുതലോ അധിക സുരക്ഷാ നടപടികളോ പൊലീസ് സ്വീകരിച്ചില്ലെന്നാണ് വാർത്ത.

സംസ്ഥാന സ്പെഷൽ ബ്രാഞ്ചിൽ ജോലി ചെയ്യുന്ന പൊലീസ് അസോസിയേഷൻ ഉന്നത നേതാവ് റൂട്ട് കൃത്യമായി എസ്എഫ്ഐ നേതൃത്വത്തിന് ചോർത്തിയെന്നു കണ്ടെത്തിയതും ഇന്നലെ രാവിലെയാണ്. സ്വർണക്കടത്തു കേസ് കത്തിനിൽക്കെ ജയിലിലായിരുന്ന സ്വപ്ന സുരേഷിനെക്കൊണ്ട് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ശബ്ദരേഖ റിക്കോർഡ് ചെയ്യിപ്പിച്ചതും ഏറെക്കാലമായി സംസ്ഥാന സ്പെഷൽ ബ്രാഞ്ചിലുള്ള ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണെന്ന് ആരോപണം ഉയർന്നിരുന്നു. സ്ഥിതി ഗതികൾ രാജ് ഭവൻ വിലയിരുത്തുന്നുണ്ട്.