തിരുവനന്തപുരം: ഗവർണർക്കു നേരെയുണ്ടായ എസ്എഫ്‌ഐ പ്രതിഷേധത്തിൽ പൊലീസിന്റെ വീഴ്ച സ്ഥിരീകരിച്ച് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ. ഗവർണർക്കു സുരക്ഷയൊരുക്കുന്നതിൽ കേരള പൊലീസിനു വീഴ്ചയുണ്ടായെന്നു വ്യക്തമാക്കി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കേന്ദ്രത്തിന് ഇന്നലെ റിപ്പോർട്ട് നൽകിയതായാണു സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ ഗവർണർക്ക് സുരക്ഷ കൂട്ടുന്നത് കേന്ദ്ര പരിഗണനയിലുണ്ട്. അതിനിടെ ഗവർണ്ണർക്ക് പഴുതടച്ച റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയും ഉന്നതോദ്യോഗസ്ഥരും തീരുമാനിച്ചു. ഗവർണറുടെ സുരക്ഷ അടിയന്തരമായി വർധിപ്പിക്കാനും തീരുമാനിച്ചു.

ഗവർണർ പോകുന്ന പാത അതീവ രഹസ്യമായിരിക്കണമെന്നു നിർദ്ദേശമുണ്ടായിട്ടും പൊലീസ് അസോസിയേഷൻ നേതാവായ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ഇത് എസ്എഫ്‌ഐ നേതൃത്വത്തിനു ചോർത്തിനൽകിയെന്നു കണ്ടെത്തിയിട്ടുണ്ട്. പ്രതിഷേധം മുൻകൂട്ടിക്കണ്ട് ഗവർണർ റൂട്ട് മാറ്റിയിട്ടും ആ വിവരം ചോർന്നത് പൊലീസിന് തലവേദനയാണ്. മുന്നറിയിപ്പുണ്ടായിട്ടും അധിക സുരക്ഷയൊരുക്കാനോ ഇവരെ കരുതൽ തടങ്കലിലെടുത്ത് ഗവർണറുടെ സഞ്ചാര പാതയിൽ നിന്നു മാറ്റാനോ കേരള പൊലീസ് താൽപര്യം കാട്ടിയില്ലെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ കണ്ടെത്തൽ.

ആക്രമണത്തെത്തുടർന്ന്, ചുമതലയുള്ള ഉന്നതോദ്യോഗസ്ഥൻ ആരെന്ന് ഗവർണർ പരസ്യമായി ചോദിച്ചിരുന്നു. സെഡ് പ്ലസ് കാറ്റഗറിയിലുള്ള ഗവർണറുടെ സുരക്ഷയ്ക്ക് എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥർ ആരും സ്ഥലത്തുണ്ടായിരുന്നില്ല. തനിക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തിൽ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് ശേഷം കേന്ദ്രത്തിന് പ്രത്യേക റിപ്പോർട്ട് നൽകാൻ ഗവർണർ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 10, 11 തിയ്യതികളിൽ തനിക്ക് നേരെയുണ്ടായ എസ് എഫ് ഐ പ്രതിഷേധത്തെ കറിച്ചുള്ള റിപ്പോർട്ടും ഇതിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചുമാണ് ഗവർണർ റിപ്പോർട്ട് തേടിയത്.

സംസ്ഥാനത്തിന്റെ ക്രമസമാധാന സ്ഥിതിയെ കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ടല്ലാതെ കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തെ കുറിച്ച് പ്രത്യേക റിപ്പോർട്ട് നൽകിയേക്കുമെന്നാണ് വിവരം. ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് ഇക്കാര്യത്തിൽ ഗവർണർ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ ക്രമസമാധാന സ്ഥിതിയെ കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ടല്ലാതെ കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തെ കുറിച്ച് പ്രത്യേക റിപ്പോർട്ട് നൽകിയേക്കുമെന്നാണ് വിവരം.

ഗവർണർക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് പിടിയിലായ എസ് എഫ് ഐ പ്രവർത്തകരിൽ 6 പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഐ പി സി 124 ആം വകുപ്പ് ചുമത്തിയ ആറു പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജെ എഫ് എം സി കോടതിയാണ് പരിഗണിക്കുക. രാജ്ഭവനിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള ഗവർണറുടെ യാത്രക്കിടെയായിരുന്നു ഗവർണർക്കെതിരെ പ്രതിഷേധം ഉണ്ടായത്. യാത്രയിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. മൂന്നിടത്ത് ഗവർണർക്കെതിരെ പ്രതിഷേധമുണ്ടായി.

ആദ്യം പാളയത്തും പിന്നീട് ജനറൽ ആശുപത്രി പരിസരത്തും ഒടുവിൽ പേട്ട പൊലീസ് സ്റ്റേഷന് സമീപവും പ്രതിഷേധമുണ്ടായി. ഇതാണ് വിവാദങ്ങൾക്ക് കാരണം. പൊലീസിൽ നിന്നും വിവരങ്ങൾ ചോർന്നുവെന്നാണ് ആക്ഷേപം.