- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പദ്ധതിയിട്ടത് ഉമ്മൻ ചാണ്ടിയുടെ തലയിൽ നിന്നും ചോര പൊടിഞ്ഞതിന് സമാന ആക്രമണം? പൈലറ്റ് വാഹനം വേഗം കുറച്ചതും ഗൂഢാലോചന; കല്ലെറിയാനുള്ള നീക്കവും കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിൽ; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എന്തും സംഭവിക്കാമെന്ന സ്ഥിതി; ഗവർണ്ണർ രണ്ടും കൽപ്പിച്ച്

തിരുവനന്തപുരം: ഗവർണറുടെ വാഹനത്തിന് പൈലറ്റുപോയ പൊലീസ് വാഹനം വേഗം കുറച്ചതും പൊലീസുകാർ വാഹനത്തിൽ നിന്നിറങ്ങിയതും എസ്.എഫ്.ഐ.ക്കാരായ പ്രതിഷേധക്കാർക്ക് അനുകൂലമായെന്ന് വിലയിരുത്തൽ. പൈലറ്റ് വാഹനം വേഗം കുറച്ചത് ഗവർണറുടെ വാഹനത്തിന്റെ വേഗം കുറയുന്നതിനും സമരക്കാർക്ക് വാഹനത്തിൽ അടിക്കുന്നതിനും അവസരമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. എസ്.എഫ്.ഐ.ക്കാർ പ്രതിഷേധം തുടരുമെന്ന് അറിയിച്ച സാഹചര്യത്തിൽ ഗവർണറുടെ സുരക്ഷ വർധിപ്പിക്കും. കൂടുതൽ കമാൻഡോകളെയും ഗവർണ്ണർക്ക് നൽകും. കേന്ദ്ര സേനയുടെ സുരക്ഷ വരുമെന്നും സൂചനയുണ്ട്.
ഇക്കാര്യം സ്ഥിരീകരിക്കുന്ന സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങൾ പൊലീസിന് കിട്ടി. എന്നാൽ, പ്രതിഷേധക്കാർ ചാടിവീണതിനാലാണ് പൈലറ്റ് വാഹനത്തിന് നിർത്തേണ്ടിവന്നതെന്ന വിശദീകരണം പൊലീസിൽനിന്നുണ്ട്. ഗവർണറുടെ യാത്രാപാത സംബന്ധിച്ച കൃത്യമായ അറിയിപ്പുണ്ടായിട്ടും കാര്യമായ രീതിയിൽ സുരക്ഷയൊരുക്കാൻ പൊലീസിനായില്ലെന്നതാണ് വസ്തുത. സുരക്ഷാ വീഴ്ചയിൽ സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരോട് ഗവർണർ റിപ്പോർട്ട് ചോദിച്ചിരുന്നെങ്കിലും അത് നൽകിയിട്ടില്ല. ഡൽഹിയിലേക്കു പോയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 16-ന് കോഴിക്കോട്ടെത്തും. 18-ന് കാലിക്കറ്റ് സർവകലാശാലയുടെ സെമിനാർ കോംപ്ലക്‌സിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. എസ് എഫ് ഐയെ വെല്ലുവിളിച്ചാണ് ഇത്. യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലാകും താമസം.
അതിനിടെ ഗവർണർക്കെതിരെ പ്രതിഷേധത്തിന്റെ പേരിൽ നടന്നത് ആക്രമണമാണെന്നും കല്ലെറിയാൻ ഗൂഢാലോചന നടന്നിരുന്നുവെന്നും സുരക്ഷയിലുണ്ടായത് അതിഗുരുതരമായ വീഴ്ചയാണെന്നും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോർട്ട് നൽകി. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും തൊട്ടുതാഴെ സെഡ് പ്ലസ് സുരക്ഷയുള്ള ഗവർണർക്ക് കേരളത്തിൽ കൃത്യമായ സുരക്ഷ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ടെന്നാണു വിവരം. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറവാണെന്നും കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നു. വലിയ സുരക്ഷാ പാളിച്ചയാണുണ്ടായതെന്നാണ് കേന്ദ്ര ഏജൻസിയുടെ നിഗമനം. ഈ സാഹചര്യത്തിൽ കേന്ദ്രവും സുരക്ഷ കൂട്ടിയേക്കും.
ഗവർണറുടെ വാഹനം തടഞ്ഞുനിർത്തി ചില്ലിലും ബോണറ്റിലും അടിച്ചത് സുരക്ഷാ വീഴ്ചയുടെ ഗൗരവം വ്യക്തമാക്കുന്നു. ഒരിടത്ത് വച്ച് കല്ലെറിയാൻ ഗൂഢാലോചന നടന്നു. വാഹനവ്യൂഹത്തിന്റെ (കാർകേഡ്) അടുത്തേക്കു പോലും ആരും കടന്നുവരാൻ പാടില്ലെന്നതാണ് സുരക്ഷാ പ്രോട്ടോക്കോളിൽ വ്യക്തമാക്കുന്നത്. ഇതെല്ലാം അട്ടിമറിക്കപ്പെട്ടു. കണ്ണൂരിൽ വച്ച് മുമ്പ് മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് നേരെയുണ്ടായ ആക്രമണത്തിന് സമാനമായതാണ് എസ് എഫ് ഐ പദ്ധതിയിട്ടതെന്ന സൂചനയാണ് കേന്ദ്ര റിപ്പോർട്ടിലുള്ളത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ തലയ്ക്ക് കല്ലേറിൽ പരിക്കേറ്റിരുന്നു. സഞ്ചരിച്ചിരുന്ന കാറിനെ തടഞ്ഞു നിർത്തി പ്രതിഷേധിച്ചായിരുന്നു ഈ ആക്രമണം. ഈ മോഡൽ ഇനിയും ഗവർണ്ണർക്കെതിരെ സംഭവിക്കുമെന്ന ആശങ്കയും കേന്ദ്ര ഏജൻസിക്കുണ്ട്.
കോഴിക്കോട്ടെ പരിപാടിക്ക് വലിയ സുരക്ഷയൊരുക്കും. ആവശ്യമെങ്കിൽ കേന്ദ്ര സേനയും ഗവർണറെ സംരക്ഷിക്കാൻ എത്തും. സംസ്ഥാനത്തെ ഒറ്റ ക്യാമ്പസിലും കയറ്റില്ലെന്ന എസ്.എഫ്.ഐയുടെ വെല്ലുവിളി നേരിടാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറെടുക്കുന്നത്. ഇപ്പോൾ ഡൽഹിയിലുള്ള അദ്ദേഹം 16ന് കാലിക്കറ്റ് സർവകലാശാലയിലെത്തും. ശ്രീനാരായണ ധർമ്മത്തെക്കുറിച്ച് 17ന് നടക്കുന്ന സെമിനാർ ഉദ്ഘാടനത്തിനാണ് എത്തുന്നത്. 16, 17, 18 ദിവസങ്ങളിൽ അദ്ദേഹം തേഞ്ഞിപ്പാലത്തെ കാലിക്കറ്റ് വാഴ്‌സിറ്റി ഗസ്റ്റ്ഹൗസിൽ താമസിക്കും. 17ന് മലപ്പുറത്ത് ഒരു വിവാഹച്ചടങ്ങിലും ഗവർണർ പങ്കെടുക്കും. 18ന് രാത്രി രാജ്ഭവനിലെത്തും.
മുൻപ് നാലു വട്ടം ഗവർണർ കാലിക്കറ്റ് വാഴ്‌സിറ്റി ഗസ്റ്റ്ഹൗസിൽ താമസിച്ചിട്ടുണ്ട്. മലബാറിൽ പരിപാടികളുണ്ടെങ്കിൽ കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസിലും താമസിക്കാറുണ്ട്. എന്നാൽ എസ്.എഫ്.ഐ വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ തന്റെ താമസം യൂണിവേഴ്‌സിറ്റി ഗസ്റ്റ്ഹൗസിലാക്കാൻ ഗവർണർ തീരുമാനിക്കുകയായിരുന്നു.കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്ക് പൊലീസ് പഴുതടച്ച സുരക്ഷയൊരുക്കും.. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിനുള്ളത്. ഗവർണറുടെ . പരിപാടികൾക്ക് പാസ് അടക്കം ഏർപ്പെടുത്തും.
കാലിക്കറ്റ്, കേരള വാഴ്‌സിറ്റികളിൽ സർക്കാരിന്റെ പാനൽ തള്ളി സ്വന്തം നിലയിൽ സംഘപരിവാർ ബന്ധമുള്ളവരെയടക്കം സെനറ്റംഗങ്ങളായി നാമനിർദ്ദേശം ചെയ്തതിനെതിരെയാണ് ഗവർണർക്കെതിരേ എസ്.എഫ്.ഐ സമരം നടത്തുന്നത്. കഴിഞ്ഞ ദിവസം രാജ്ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ തലസ്ഥാനത്ത് മൂന്നിടത്ത് അദ്ദേഹത്തിന്റെ കാർ തടഞ്ഞ് കരിങ്കൊടി കാട്ടുകയും അതിക്രമത്തിന് ശ്രമിക്കുകയും ചെയ്തതിന് എസ്.എഫ്.ഐക്കാർ അറസ്റ്റിലായിരുന്നു.


