ന്യൂഡൽഹി: ഗവർണർ രണ്ടും കൽപ്പിച്ച് തന്നെ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കാലിക്കറ്റിൽ എത്തും. എസ്എഫ്‌ഐക്കാരെ ഗവർണർ വീണ്ടും ഗുണ്ടകളെന്ന് വിളിച്ചു. എസ്എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. വരുന്നവർ ഗുണ്ടകളാണ്. അവരോട് സന്ധിയില്ല. പൊലീസ് സുരക്ഷയെ കുറിച്ച് ആകുലതയില്ലെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളിക്കുന്നത് താനല്ലെന്നും എസ് എഫ് ഐയുടെ വെല്ലുവളി ഏറ്റെടുക്കുകയാണ് ചെയ്യുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ വിശദീകരിച്ചു.

എസ്.എഫ്.ഐയുടെ വെല്ലുവെളി ഏറ്റെടുക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും തടഞ്ഞാൽ കാറിൽ നിന്നിറങ്ങുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. എസ്.എഫ്.ഐ തടയില്ലെന്നും പ്രതിഷേധം തുടരുമെന്നുമാണ് ഇപ്പോൾ പറയുന്നത്. അപ്പോൾ നേരത്തെ തടഞ്ഞുവെന്ന് സമ്മതിക്കുകയല്ലേ? അവർ നിലപാട് മാറ്റിയോ എന്നും ഗവർണർ ചോദിച്ചു. കാറിന് സമീപത്തെത്തിയാൽ കാർ നിർത്തുകയും പുറത്തിറങ്ങുകയും ചെയ്യും. ജനാധിപത്യരാജ്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. പ്രതിഷേധങ്ങളെ താൻ ഭയക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഡിയോ റിപ്പോർട്ട് കാണാം.

അകലെ നിന്ന് കരിങ്കൊടി കാണിക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ തന്റെ വാഹനത്തിനടുത്ത് പ്രതിഷേധക്കാർ എത്തിയാൽ പുറത്തിറങ്ങുമെന്ന് ആവർത്തിക്കുകയാണ് ഗവർണർ. ഗുണ്ടകളോടും സാമൂഹ്യവിരുദ്ധരോടും സന്ധിയില്ല. ബാനർ ഉയർത്താനുള്ള അവകാശം എസ്എഫ്‌ഐക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സുരക്ഷയിൽ ആകുലതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാലയങ്ങളിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാലുകുത്തിക്കില്ലെന്നാണ് എസ്എഫ്ഐയുടെ വെല്ലുവിളി. ഇത് അവഗണിച്ച് താൻ ഇന്ന് കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ എത്തുന്നത്. സർവ്വകലാശാല ഗസ്റ്റ്ഹൗസിൽ താമസിക്കുന്ന അദ്ദേഹം തിങ്കളാഴ്ച ക്യാമ്പസിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ?വർണർക്കായി ഒരുക്കിയിരിക്കുന്നത്.

ഗവർണറുടെ കമാൻഡോ വിങ് അംഗങ്ങളുടെ എണ്ണം കൂട്ടി. അധികമായി മൂന്ന് പൈലറ്റ് വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. പരിപാടി നടക്കുന്നയിടത്ത് പൊലീസ് പട്രോളിങ് ശക്തമാക്കും. ഗവർണറുടെ വാഹനത്തിന് ഇരുവശത്തും പൊലീസ് വാഹനങ്ങളുണ്ടാകും. അകമ്പടിയായി 15 വാഹനങ്ങളും. റോഡിന് ഇരുവശത്തും പൊലീസ് സന്നാഹമുണ്ടാകും. പ്രധാന റൂട്ടിന് പുറമെ രണ്ട് രഹസ്യ റൂട്ടുകളും ഒരുക്കും. പ്രതിഷേധക്കാരെ കണ്ടാൽ കരുതൽ തടങ്കലിലാക്കും. ഗവർണ്ണർ പങ്കെടുക്കുന്ന പരിപാടി വേദികളിലും രാജ്ഭവന് ചുറ്റും 'റിങ് സുരക്ഷ'യൊരുക്കുകയും ചെയ്യും. പുതിയ മാറ്റങ്ങൾ ഇന്നുമുതൽ നിലവിൽ വരും.

എസ്.എഫ്.ഐ ഉൾപ്പെടെ ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണു പുതിയ നടപടികൾ. സംഘ്പരിവാർ ബന്ധമുള്ളവരെ സർവകലാശാല സെനറ്റുകളിൽ തിരുകിക്കയറ്റി ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ചാൻസലർ ശ്രമിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഗവർണ്ണർ രണ്ട് ദിവസം താമസിക്കുന്നത് കാലിക്കറ്റ് സർവ്വകലാശാല ഗസ്റ്റ് ഹൗസിലാണ്. വഴിയിലും വേദികളിലും തന്നെ കനത്ത പൊലീസ് ബന്തവസ്സുണ്ട്. 150 ലേറെ പൊലീസുകാരെ ഗവർണ്ണറുടെ സുരക്ഷയ്ക്കായി വിനിയോഗിക്കുന്നുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം സംഘപരിവാർ അനകൂല സംഘടനയുടെ ശ്രീനാരായണ ഗുരു അനുസ്മരണമാണ് അദ്ദേഹത്തിന്റെ പ്രധാന പൊതുപരിപാടി. ഞായറാഴ്ച പാണക്കാട് സാദിഖലി തങ്ങളുടെ മകന്റെ വിവാഹച്ചടങ്ങിലും പങ്കെടുക്കുന്നുണ്ട്. കാലിക്കറ്റ് സർവ്വകലാശാലയിലും ഗസ്റ്റ് ഹൗസിലും പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട്. പ്രതിഷേധം എങ്ങിനെയായിരിക്കുമെന്ന് എസ്എഫ്‌ഐ മലപ്പുറം ജില്ലാ ഘടകം വ്യക്തമാക്കിയിട്ടില്ലെങ്കിലും പാർട്ടി സെക്രട്ടറി മുന്നറിയിപ്പ് നൽകുന്നുണ്ട്.