- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാലിക്കറ്റിൽ ഗവർണറുടേത് സമാനതകളില്ലാത്ത വെല്ലുവിളി ഏറ്റെടുക്കൽ; ബാനർ പൊലീസിനെ കൊണ്ട് മാറ്റിയെങ്കിലും വീണ്ടുമുയർത്തി എസ് എഫ് ഐ തിരിച്ചടി; മുഖ്യമന്ത്രിയുടെ വാക്കുകളിലെ പ്രകോപനവും സമാനതകളില്ലാത്തത്; പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ; കാലിക്കറ്റിൽ ഇനി എന്ത്? ഗവർണർ-സർക്കാർ പോര് തുടരും

കോഴിക്കോട്: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് പരിധി വിടുമ്പോൾ ഇന്ന് എന്ത് സംഭവിക്കുമെന്നത് നിർണ്ണായകം. ഗവർണ്ണറുടെ പൊതു പരിപാടി കാലിക്കറ്റ് സർവ്വകലാശാലയിലുണ്ട്. ഈ പരിപാടിയെ തടസ്സപ്പെടുത്തുമെന്നാണ് എസ് എഫ് ഐ മുന്നറിയിപ്പ്. അതുണ്ടായാൽ സ്ഥിതി ഗതികൾ പുതിയ തലത്തിലെത്തും. ഭരണഘടനാസംവിധാനം തകർക്കാൻ മുഖ്യമന്ത്രി ബോധപൂർവം ശ്രമിക്കുന്നുവെന്ന ഗുരുതരമായ ആരോപണവുമായി രാജ്ഭവൻ പത്രക്കുറിപ്പിറക്കിയത് ഈ സാഹചര്യം മുന്നിൽ കണ്ടാണ്. സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറ്റപ്പെടുത്തലും ചർച്ചകളിലുണ്ട്.
മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിന് 'ബ്ലഡി ഹിസ്റ്ററി' ഉണ്ടെന്നും അവിടെ പരസ്പരം കൊല്ലുകയാണെന്നുമുള്ള ഗവർണരുടെ പരാമർശത്തിനും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. അവസരവാദിയായ ആരിഫ് മുഹമ്മദ്ഖാന് കണ്ണൂരിന്റെ ചരിത്രം അറിയാമോയെന്ന് പിണറായി വിജയൻ ചോദിച്ചു. കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങളാണ് ഉണ്ടായത്. കാലിക്കറ്റ് സർവകലാശാലയിൽ തങ്ങുന്ന ഗവർണർ തനിക്കെതിരേ എസ്.എഫ്.ഐ. ഉയർത്തിയ ബാനർ അഴിച്ചുമാറ്റാൻ പൊലീസിനോട് നിർദ്ദേശിച്ചു. വി സി.യെ വിളിച്ചുവരുത്തി ദേഷ്യപ്പെട്ട് വിശദീകരണം തേടി. ഞായറാഴ്ച വൈകുന്നേരവും ബാനർ അഴിച്ചില്ലായെന്നുകണ്ട് പുറത്തിറങ്ങി ജില്ലാപൊലീസ് മേധാവിയെ ശകാരിച്ചു.
ഇതോടെ എസ്‌പി.യുടെ നേതൃത്വത്തിൽ പൊലീസുകാർ ബാനർ അഴിച്ചുമാറ്റി. പ്രകോപിതരായ എസ്.എഫ്.ഐ. പ്രവർത്തകർ മുദ്രാവാക്യവുമായി എത്തി. പൊലീസ് തടഞ്ഞതോടെ അതിരൂക്ഷമായി വിമർശിച്ച എസ്.എഫ്.ഐ. പ്രവർത്തകർ കൂടുതൽ ബാനറുകൾ ഉയർത്തി. ഈ ബാനറുകൾ കാലിക്കറ്റിൽ ഇപ്പോഴുമുണ്ട്. ഇതിനോട് ഗവർണർ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണ്ണായകം. കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറെ അപമാനിക്കുന്ന ബാനറുകൾ ഉയർത്തിയത് പൊലീസുകാരാണ് എന്ന് രാജ്ഭവൻ പറയുന്നു. ഇത് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ഗൗരവത്തോടെയാണ് ഇക്കാര്യം ഗവർണർ കാണുന്നത്.
മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലും നിർണ്ണായകമാണ്, ഗവർണർ എന്തൊക്കെയോ വിളിച്ചുപറയുന്നു. പ്രതിഷേധിക്കുന്നവരെ ക്രിമിനൽസ് എന്ന് വിളിക്കാൻ എങ്ങനെയാണ് കഴിയുക. ഉന്നതസ്ഥാനത്തിരിക്കുന്ന ഏതെങ്കിലും വ്യക്തി, കരിങ്കൊടി കാണിക്കുന്നവരെ അങ്ങോട്ട് നേരിടാൻ പോയിട്ടുണ്ടോ. പ്രകോപനപരമായിരുന്നു ഗവർണറുടെ നടപടി. ഞങ്ങൾക്കുനേരെ കരിങ്കൊടിയുമായി വന്നവർക്കുനേരെയും ഞാൻ കൈവീശുകയാണുണ്ടായത്. പ്രതിഷേധം അക്രമമായാൽ പൊലീസ് ഇടപെടും പിന്നീട് വിലപിച്ചിട്ട് കാര്യമില്ലെന്നാണ് പറഞ്ഞത്-മുഖ്യമന്ത്രി പറയുന്നു.
കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ നിലപാട് വിശദീകരിച്ചിട്ടുണ്ട്. പ്രതിഷേധത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് ഫേസ്‌ബുക്കിലൂടെയാണ് ആർഷോ വ്യക്തമാക്കിയത്. നാളെ നേരം പുലരും മുമ്പ് നൂറോളം ബാനറുകൾ ഗവർണർക്കെതിരെ ക്യാമ്പസിൽ ഉയർത്തുമെന്നും ക്യാമ്പസുകളെ കാവിവത്ക്കരിക്കാൻ അനുവദിക്കില്ലെന്നും ആർഷോ മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നു.
അതേസമയം, ഗവർണർക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തി. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവർണറുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗവർണർ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവർണറുടെ നടപടിയാണ് ഭരണഘടനാ വിരുദ്ധമെന്ന് ഗോവിന്ദൻ പറഞ്ഞു.
'സർവകലാശാലകളിൽ ആർഎസ്എസ്, സംഘപരിവാർ അനുകൂലികളെ കുത്തിനിറച്ച് രാഷ്ട്രീയം കളിക്കാനാണ് ഗവർണറുടെ ശ്രമം. സർവകലാശാലകളിലെ കാവിവൽക്കരണത്തിന്റെ തുടർച്ചയാണിത്. ഇതിനെതിരായ വിദ്യാർത്ഥികളുടെ പ്രതിഷേധം ഭരണഘടനപരമായ ജനാധിപത്യ അവകാശമാണ്. എസ്എഫ്‌ഐ ഒരു സ്വതന്ത്ര വിദ്യാർത്ഥി സംഘടനയാണ്.' എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തെ എതിർക്കാനെന്നവണ്ണം ചാൻസിലർ മുഖ്യമന്ത്രിയെ നിരന്തരം അപഹസിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നതെ എംവി ഗോവിന്ദൻ പറഞ്ഞു.
'ഗവർണർ പദവിയിലിരിക്കുന്ന വ്യക്തി പാലിക്കേണ്ട ഭരണഘടനാപരമായ ചുമതലകൾ പാലിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല എന്ന് മാത്രമല്ല ഭരണഘടനാ വിരുദ്ധമായ പ്രവൃത്തികളാണ് അദ്ദേഹത്തിൽ നിന്നും നിരന്തരം ഉണ്ടാകുന്നത്. ഏകപക്ഷീയമായി വർഗീയത അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത്. അത് കേരളത്തിൽ വിലപ്പോകില്ലെന്ന് വ്യക്തമായപ്പോഴുള്ള വെപ്രാളമാണിപ്പോൾ കാണുന്നത്. സർവകലാശാലയിലെ കാവിവൽക്കരണ നിലപാടുകൾ ഭരണഘടന ഉപയോഗിച്ച് മറയ്ക്കാനുള്ള നീക്കമാണ് ഗവർണർ നടത്തുന്നത്.' അത് കേരളം അനുവദിച്ചു നൽകില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.


