കോഴിക്കോട്: വീണ്ടും സർക്കാരിനെ വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ് എഫ് ഐ പ്രതിഷേധത്തെ ഭയക്കുന്നില്ലെന്നും ഗവർണർ അറിയിച്ചു. താൻ കോഴിക്കോട് നഗരത്തിലേക്ക് പോവുകയാണെന്നും തനിക്ക് പൊലീസ് സുരക്ഷ വേണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും ഗവർണർ അറിയിച്ചു. തന്നെ ആർക്കും ഭയപ്പെടുത്താൻ കഴിയില്ല. പേടിക്ക് വഴങ്ങുന്ന ആളല്ല താനെന്നും ഗവർണർ പറഞ്ഞു. പൊലീസിനെതിരെ പരാതിയില്ലെന്നും രാജ്യത്തെ മികച്ച പൊലീസാണ് കേരളാ പൊലീസെന്നും ഗവർണർ അറിയിച്ചു.

പൊലീസിനെ മുഖ്യമന്ത്രിക്ക് ഉപയോഗിക്കാം. എനിക്ക് പൊലീസിനെ വേണ്ട. പൊലീസ് മികച്ചതാണ്. എന്നാൽ അവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. തനിക്ക് പൊലീസ് സുരക്ഷ വേണ്ടെന്ന് പൊലീസ് മേധാവിയെ കത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും ഗവർണർ അറിയിച്ചിട്ടു. സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനാണ് താനെന്നും ഗവർണർ അറിയിച്ചു. ബാനർ അടക്കം കെട്ടുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണെന്നും ഗവർണർ വിശദീകരിച്ചു. പൊലീസിനെ വേണ്ട രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കാത്തതിനാൽ സുരക്ഷ വേണ്ടെന്നാണ് ഗവർണർ നിലപാട്. ഒരടി പോലും പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഗവർണർ.

കണ്ണൂരിലെ ക്രിമിനൽ പ്രവർത്തികൾക്ക് നേതൃത്വം കൊടുത്ത വ്യക്തിത്വമാണ് തന്നെ ഭയപ്പെടുത്താൻ ശ്രമിക്കുന്നത്. കണ്ണൂരിലെ ഗുണ്ടായിസത്തിന് പിന്നിൽ മുഖ്യമന്ത്രിയാണെന്ന സൂചനകളും നൽകി. സുരക്ഷാ ആശങ്കയില്ല. കേരളത്തിലെ ജനങ്ങൾക്ക് തന്നോട് സ്‌നേഹമാണ്. കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ സുപ്രീംകോടതി വിധിയാണ് കേരള സർക്കാരിനെ പ്രകോപിപ്പിക്കുന്നത്. അതിന് ശേഷമാണ് ഈ പ്രശ്‌നമെല്ലാം. സർവ്വകലാശാലകളിലെ സ്വയം ഭരണം സംരക്ഷിക്കും. കണ്ണൂരിലെ ജനങ്ങൾ നല്ലവരാണ്. കണ്ണൂരിലെ സിപിഎം ഗുണ്ടായിസത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ഗവർണർ പറഞ്ഞു.

ആക്രമിക്കണമെങ്കിൽ അവർ നേരിട്ട് വരട്ടെ. സുരക്ഷ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് കത്ത് നൽകുമെന്നും കാലിക്കറ്റ് സർവകലാശാല കാമ്പസിൽ മാധ്യമങ്ങളോട് സംസാരിക്കെ അദ്ദേഹം പറഞ്ഞു. പൊലീസ് സുരക്ഷയില്ലാതെ കോഴിക്കോട് നഗരത്തിലേക്ക് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സുരക്ഷയും ആവശ്യമില്ലെന്ന് പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നെ ആക്രമിക്കണമെങ്കിൽ അവർ നേരിട്ട് വരട്ടെ. എന്റെയടുത്ത് നിന്നും പൊലീസിനെ മാറ്റി നിർത്തിയാൽ, തന്റെയടുത്ത് വരരുതെന്ന് ആദ്യം എസ്.എഫ്ഐ പ്രവർത്തകർക്ക് നിർദ്ദേശം നൽകുന്നത് മുഖ്യമന്ത്രിയായിരിക്കും. അദ്ദേഹത്തിന് ഇക്കാര്യത്തിലുണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ട്. എസ്.എഫ്.ഐക്കാർ മാത്രമാണ് പ്രതിഷേധിക്കുന്നത്. കേരളത്തിലെ ജനങ്ങൾക്ക് എന്നോട് സ്നേഹമാണ് - ഗവർണർ പറഞ്ഞു.

താൻ ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തിയാണ്. കേരള പൊലീസ് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നാണ്. എല്ലാ സംവിധാനങ്ങളിലും ചില പ്രശ്നങ്ങളുണ്ടാകും. എന്നിരുന്നാലും സംസ്ഥാനത്തെ പൊലീസ് സംവിധാനം മികച്ചതാണ്. ഒരുകാരണവശാലും താൻ പൊലീസിനെ കുറ്റം പറയില്ല. അവരെ തങ്ങളുടെ ചുമതല നിർവഹിക്കാൻ സർക്കാർ സമ്മതിക്കുന്നില്ല. തിരുവനന്തപുരത്ത് താൻ മൂന്ന് സ്ഥലങ്ങളിൽ ആക്രമിക്കപ്പെട്ടു. എന്നാൽ, മൂന്നാമത് അക്രമിക്കപ്പെട്ട സ്ഥലത്ത് മാത്രമാണ് പൊലീസ് ഇടപെട്ടത്. അതും താൻ പുറത്തിറങ്ങിയ സാഹചര്യത്തിൽ, ഗവർണർ ചൂണ്ടിക്കാട്ടി. മുമ്പ് രാജീവ് ഗാന്ധി സർക്കാരിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു ഗവർണർ.

താൻ പിന്തുടരുന്നത് സ്വാമി വിവേകാനന്ദനെയാണ്. വെല്ലുവളികളെ ഏറ്റെടുക്കണമെന്നാണ് സ്വാമി വിവേകാന്ദൻ പറയുന്നത്. ഒളിച്ചോടുന്നത് ഭീരുത്വമാണ്. അത് തുടരുമെന്നും ഗവർണർ പറയുന്നു. ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നിരുന്നു. ഗവർണറുടേത് ജൽപനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ആർക്കാണ് ഉൾക്കൊള്ളാൻ കഴിയുകയെന്നും കൊല്ലം കൊട്ടാരക്കരയിൽ നവ കേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ചോദിച്ചു. ഇതിന് ശേഷമാണ് ഗവർണർ കടന്നാക്രമണവുമായി രംഗത്തു വന്നത്.

പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുക്കുന്ന ഗവർണർ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. എന്തെല്ലാം കഠിന പദങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. എന്തും വിളിച്ചു പറയുന്ന മാനസിക അവസ്ഥയിലേക്ക് അദ്ദേഹം എത്തി. ബ്ലഡി കണ്ണൂർ എന്ന പ്രയോഗത്തിലൂടെ ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണ്. പ്രകോപനപരമായ അവസ്ഥ സൃഷ്ടിക്കുകയാണ്. എസ്എഫ്‌ഐ ബാനറിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നതിന് എന്ത് തെളിവാണുള്ളത്. നാട് കുഴപ്പത്തിലാണെന്ന പ്രതീതി ഉണ്ടാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പിന്നാലെയാണ് കണ്ണൂരിലെ ക്രിമിനലിസത്തിന് കാരണം മുഖ്യമന്ത്രിയാണെന്ന് ഗവർണർ പരോക്ഷമായി പറഞ്ഞു വയ്ക്കുന്നത്.