കോഴിക്കോട്: ജനങ്ങളെ തനിക്ക് പേടിയില്ലെന്ന സന്ദേശം നൽകുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊലീസ് സുരക്ഷ വേണ്ടെന്ന് പൊലീസ് മേധാവിക്ക് കത്തെഴുതി ഗവർണർ എത്തിയത് കോഴിക്കോട് മിഠായി തെരുവിൽ. അവിടെ ഉണ്ടായിരുന്ന കുട്ടികളെ അദ്ദേഹം വാരിയെടുത്തു. മുത്തം കൊടുത്തു. അടുത്ത് എത്തിയവർക്കെല്ലാം കൈയും നൽകി.

കാര്യങ്ങളും ചോദിച്ചറിഞ്ഞു. പിന്നലെ വേഗത കുറച്ച് കോഴിക്കോട് നഗത്തിലൂടെ കാറിൽ റോഡ് ഷോ. ജനങ്ങളെ കണ്ട് മടക്കം. തനിക്ക് ജനങ്ങൾ സുരക്ഷയൊരുക്കുമെന്ന് പ്രഖ്യാപിച്ചാണ് ഗവർണർ മിഠായി തെരുവിൽ എത്തിയത്. പൊലീസ് സുരക്ഷ വേണ്ടെന്ന് കത്തെഴുതിയെങ്കിലും പൊലീസും കൂടെയുണ്ടായിരുന്നു. ഗവർണർക്ക് സുരക്ഷ നൽകേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നതു കൊണ്ടായിരുന്നു അത്.

റോഡിൽ ഇറങ്ങി ജനങ്ങളെ കണ്ട് സെൽഫിയുമെടുത്ത് മടങ്ങുന്ന ഗവർണർ വെല്ലുവിളിക്കുന്നത് എസ് എഫ് ഐയെയാണ്. യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിൽ ഒളിച്ചു താമസിക്കുക അല്ല തന്റെ ലക്ഷ്യമെന്ന് പറഞ്ഞു വയ്ക്കുക കൂടിയാണ് ഗവർണർ. ഇത് അക്ഷരാർത്ഥത്തിൽ സർക്കാരിനും വെല്ലുവിളിയാണ്. മിഠായി തെരുവിൽ കൂടി നിന്നവരെ കൈകാട്ടി അഭിവാദ്യം ചെയ്താണ് ഗവർണറുടെ സന്ദർശനം. വലിയ ആൾക്കൂട്ടം ഗവർണറെ കാണാൻ തടിച്ചു കൂടി. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങൾ ഗവർണ്ണർ നടന്നു കണ്ടു. താൻ ജനങ്ങളിലേക്ക് ഇറങ്ങുകയാണെന്ന സന്ദേശമാണ് ഗവർണർ നൽകുന്നത്.

പൊലീസ് എല്ലാ വിധത്തിലും പഴുതടച്ച സുരക്ഷയൊരുക്കി. മിഠായി തെരുവിലെ കടകളിലും കയറി. വലിയ ആൾക്കൂട്ടം ഗവർണറെ അനുഗമിച്ചു. കോഴിക്കോട്ടെ അലുവയുടെ രുചിയും ഗവർണർ നേരിട്ടറിഞ്ഞു. അലുവ കടയിലും ഗവർണർ കയറി. കടക്കാർ സെൽഫി അടക്കം എടുത്താണ് ഗവർണറുടെ വരവ് ആഘോഷമാക്കിയത്.

യഥാർത്ഥത്തിൽ സർക്കാരിനേയും എസ് എഫ് ഐയേയും വെല്ലുവളിക്കുകയായിരുന്നു ഗവർണർ. എല്ലാ അർത്ഥത്തിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് നഗരത്തിലിറങ്ങി ജനങ്ങളുമായി സൗഹൃദം പുതുക്കി. ജനങ്ങളെ അഭിവാദ്യം ചെയ്ത ഗവർണർ മാനാഞ്ചിറ സ്‌ക്വയറിലെത്തി. ഈ സമയം അവിടെയെത്തിയ സ്‌കൂൾ കുട്ടികളെ ചേർത്ത് നിർത്തുകയും കൊച്ചു കുഞ്ഞുങ്ങളെ കൈയിലെടുത്ത് ലാളിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു.

തെരുവിലൂടെ നടന്നു നീങ്ങിയ ഗവർണർ കാണാനും സ്‌നേഹാന്വേഷണം നടത്താനും വഴിയരികിൽ ജനങ്ങൾ തടിച്ചു കൂടി. സാധാരണ ജനങ്ങൾക്കൊപ്പം സംസാരിക്കുകയും അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. തുടർന്ന് മിഠായി തെരുവിലെത്തിയ ഗവർണർ ഓരോ കടകളും സന്ദർശിച്ചു. വ്യാപാരികളുമായി കുശലാന്വേഷണം നടത്തി. കേരളത്തിലെ ജനങ്ങളെ എനിക്ക് ഇഷ്ടമാണ് അവർക്ക് തിരിച്ചു അങ്ങനെ തന്നെയെന്നും ഗവർണർ പറഞ്ഞു. തനിക്ക് പൊലീസ് സുരക്ഷ വേണ്ടെന്നും തന്നെ ഭയപ്പെടുത്താനാകില്ലെന്നും ഗവർണർ വ്യക്തമാക്കി.

സംസ്ഥാനത്തെ പൊലീസ് നിഷ്‌ക്രിയമാകാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയനാണ്. പൊലീസിനെ അവരുടെ കടമ നിർവഹിക്കാൻ അനുവദിക്കുന്നില്ല. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ക്യാമ്പസിലെ ബാനർ പൊലീസ് സംരക്ഷിച്ചു. കണ്ണൂരിൽ അക്രമത്തിന് നേതൃത്വം നൽകിയ ആളാണ് പിണറായി വിജയനെന്നും ഗവർണർ വിമർശിച്ചിരുന്നു. ഇതിന് ശേഷമാണ് മിഠായി തെരുവിൽ എത്തിയത്.