തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന സൂചനയോടെ ഒന്നാം പേജിൽ വാർത്ത കൊടുത്തുവെന്ന വിലയിരുത്തലിൽ ദേശാഭിമാനി മാനേജ്‌മെന്റ് വിവാദത്തിലായെന്ന് റിപ്പോർട്ട്. സി പി എം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ ദേശാഭിമാനിയെ അതൃപ്തി അറിയിച്ചെന്നാണ് റിപ്പോർട്ട്. ചീഫ് എഡിറ്റർ ദിനേശൻ പുത്തലത്തിനെ വിളിച്ച് അതൃപ്തി രേഖപ്പെടുത്തിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എന്ന മട്ടിലുള്ള വാർത്തയാണ് വിവാദമായത്. ഗവർണറായി തുടരാൻ നീക്കവുമായി ആരിഫ് മുഹമ്മദ് ഖാൻ - എന്ന തലക്കെട്ടിലായിരുന്നു ഒന്നാം പേജ് വാർത്ത. ബിജെപി അധികാരത്തിൽ വന്നാൽ മാത്രമേ അതിന് കഴിയൂ. ഈ സാഹചര്യത്തിൽ ഗവർണർ നടത്തുന്ന നീക്കം ബിജെപി തുടർഭരണമെത്തുമെന്നതിന്റെ സ്ഥിരീകരണമാണെന്ന് പരിവാറുകാർ പ്രചരിപ്പിച്ചു. അതിരാവിലെ തന്നെ ഈ പ്രചരണം തുടങ്ങുകയും ചെയ്തു. ആരിഫ് മുഹമ്മദ് ഖാൻ അഞ്ചു കൊല്ലം കൂടി ഗവർണറായി തുടരണമെന്ന അഭിപ്രായം ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കുവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദേശാഭിമാനി വാർത്ത.

ഗവർണർ പദവിയിൽ സെപ്റ്റംബറിൽ കാലാവധി കഴിയുന്ന ആരിഫ് മുഹമ്മദ് ഖാൻ പുനർ നിയമനം കിട്ടാൻ കേരള ബിജെപി നേതാക്കളുടെ പിന്തുണയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കുന്നു എന്നാണ് ദേശാഭിമാനി ഒന്നാം പേജ് വാർത്ത. ഏപ്രിൽ - മേയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ സെപ്റ്റംബറിലെ ഗവർണർ നിയമനവും മോദി തീരുമാനിക്കുമെന്ന ഉറപ്പിലുള്ള വാർത്തയാണ് ദേശാഭിമാനി നൽകിയത്. ഇത് മണ്ടത്തരമല്ലേയെന്ന പാർട്ടി നേതാക്കളുടെ ചോദ്യത്തിനു മുന്നിൽ ദേശാഭിമാനി മാനേജ്‌മെന്റ് വിയർക്കുകായണ്.

ഉത്തരവാദികളോട് വിശദീകരണം ചോദിക്കുമെന്ന മറുപടി മാത്രമേ പുത്തലത്തിനുണ്ടായിരുന്നുള്ളു. വാർത്ത ഒന്നാം പേജിൽ കൊടുക്കാനുള്ള തീരുമാനമെടുത്ത ചീഫ് ന്യൂസ് എഡിറ്റർക്കും ലേഖകനും രാവിലെ തന്നെ വിശദീകരണം നൽകേണ്ടി വരും. മുഖ്യമന്ത്രി പിണറായി വിജയനെ മുണ്ടുടുത്ത മോദിയെന്ന് കളിയാക്കിയ ടെലിഗ്രാഫ് പത്രം എഡിറ്റർ അറ്റ് ലാർജ് രാജഗോപാലിന്റെ അഭിമുഖം അടുത്തിടെ ദേശാഭിമാനി എഡിറ്റ് പേജിൽ പ്രാധാന്യത്തോടെ കൊടുത്തതും സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനെ ചൊടിപ്പിച്ചിരുന്നു. പപിണറായിയും ഇതിൽ അസ്വസ്ഥനായിരുന്നു.

നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കി ദേശാഭിമാനിയിൽ ഒന്നാം പേജിൽ വാർത്തയെന്ന് ജന്മഭൂമിയും വാർത്ത നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എന്ന മട്ടിലാണ് വാർത്ത. ഗവർണറായി തുടരാൻ നീക്കവുമായി ആരിഫ് മുഹമ്മദ് ഖാൻ എന്ന തലക്കെട്ടിലായിരുന്നു ഒന്നാം പേജ് വാർത്ത. ദേശാഭിമാനിയെ ഇത് പ്രതിസന്ധിയിലാക്കിയെന്നും ജന്മഭൂമി പറയുന്നുണ്ട്.

ദേശാഭിമാനി വാർത്തയുടെ പൂർണ്ണ രൂപം ചുവടെ

തിരുവനന്തപുരം: ഉപരാഷ്ട്രപതിസ്ഥാനം ലക്ഷ്യമിട്ട് നിരാശനായ ആരിഫ് മൊഹമ്മദ് ഖാൻ കേരള ഗവർണർ പദവിയിൽ തുടരാൻ പരിശ്രമം തുടങ്ങി. അടുത്ത സെപ്റ്റംബറിൽ കാലാവധി തീരുന്ന സാഹചര്യത്തിൽ ആർഎസ്എസ്, ബിജെപി സംസ്ഥാന നേതൃത്വങ്ങളുടെ പിന്തുണയോടെ കേന്ദ്ര നേതൃത്വവുമായി അദ്ദേഹം ചർച്ചകൾ തുടങ്ങിയതായാണ് വിവരം. ജനുവരി മൂന്നിന് പ്രധാനമന്ത്രി തൃശൂരിലെത്തുമ്പോൾ ബിജെപി നേതാക്കളുമായി ചേർന്ന് കൂടിക്കാഴ്ച നടത്താനും ശ്രമിക്കുന്നുണ്ട്.

നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റശേഷം റിട്ട. ചീഫ് ജസ്റ്റിസ് പി സദാശിവത്തെയാണ് കേരള ഗവർണറാക്കിയത്. ബിജെപി നിർദ്ദേശങ്ങൾ അതേപടി അനുസരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അർഹമായ അവസരങ്ങളിൽ സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കാലാവധി തീർന്നപ്പോൾ ആരിഫ് മൊഹമ്മദ് ഖാനെ നിയോഗിച്ചു.

ബിജെപി നേതൃത്വം പറയുന്നത് അതേപടി അനുസരിക്കുന്ന ആളാണെന്ന് അദ്ദേഹം തുടക്കംമുതലേ തെളിയിച്ചു. പ്രത്യുപകാരമായി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നും പ്രചാരണമുണ്ടായി. ആ മോഹം പൊലിഞ്ഞപ്പോൾ സംസ്ഥാനവിരുദ്ധ നിലപാടുകളിലൂടെ വാർത്തകൾ സൃഷ്ടിക്കാനായി പരിശ്രമം. ഇതിനിടയിൽ തൃശൂരിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി സംഘപരിവാർ വിധേയത്വം പരസ്യമാക്കി. തുടർന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖല കൈപ്പിടിയിലൊതുക്കാനുള്ള സംഘപരിവാർ നീക്കം ശക്തമാക്കി.

ആർഎസ്എസ് പട്ടിക അനുസരിച്ച് സർവകലാശാലകളിൽ വൈസ് ചാൻസലർമാരെയും സെനറ്റ് അംഗങ്ങളെയും നിയമിക്കുന്നതിലേക്കുവരെയെത്തി വിധേയത്വം. കേരളത്തിൽ ഗവർണർമാർക്ക് രണ്ടാംവട്ടം അവസരം നൽകിയിട്ടില്ല. ആരിഫ് മൊഹമ്മദ് ഖാൻ തുടർന്നാൽ കുഴപ്പമില്ല എന്ന നിലപാടിലേക്ക് ബിജെപി സംസ്ഥാന നേതൃത്വവും എത്തിയിട്ടുണ്ട്.

ഈ വാർത്തയുടെ വെബ് സൈറ്റ് ലിങ്ക് ചുവടെ