- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഗവർണർക്കെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചത് പിണറായിക്ക് തന്നെ തിരിച്ചടിയാകും; വിശദീകരണം തേടുമ്പോൾ ധനപ്രതിസന്ധിയും ക്രമസമാധാന തകർച്ചയും അടക്കം വിശദീകരിച്ച് മറുപടി നൽകാൻ രാജ്ഭവൻ; 'കത്തെഴുതൽ' ബുദ്ധിയും പിഴയ്ക്കുമോ?

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് കേരള സർക്കാർ. ഗവർണർ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോക്കോൾ ലംഘനം നിരന്തരം നടത്തുന്നുവെന്നുമാണ് വിമർശനം. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമാണ് സംസ്ഥാന സർക്കാർ കത്തയച്ചിരിക്കുന്നത്. ഈ കത്ത് കേന്ദ്ര സർക്കാരും രാഷ്ട്രപതിയും തള്ളും. കത്തിന്മേൽ ഗവർണ്ണറോട് രാഷ്ട്പതിയും കേന്ദ്രവും വിശദീകരണം തേടും. മറുപടി വാങ്ങിയ ശേഷം കേരളത്തിന്റെ ആരോപണം തള്ളും.
ഗവർണറും സർക്കാരും തമ്മിൽ ഏറെ നാളായി നിലനിൽക്കുന്ന തർക്കത്തിൽ ഏറെ ഗൗരവമുള്ള നടപടിയാണ് സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവെച്ച നടപടിയിലാണ് ഗവർണർ ചുമതലകൾ നിറവേറ്റുന്നില്ലെന്ന വിമർശനം സർക്കാർ ഉന്നയിക്കുന്നത്. ഇത് മുൻനിർത്തിയാണ് ഇപ്പോൾ അയച്ചിരിക്കുന്ന കത്തും. എന്നാൽ ഈ കത്തിൽ വിശദീകരണം ചോദിച്ചാൽ കേരളത്തിലെ ധന പ്രതിസന്ധിയും ക്രമസമാധാന നില തകർച്ചയും അടക്കം ഗവർണർ ചർച്ചയാക്കും. ഗവർണർ ഈ വിഷയങ്ങളിൽ കേന്ദ്രത്തിന് റിപ്പോർട്ട് അയയ്ക്കാൻ കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയക്കുന്നത്.
സ്വാഭാവിക വിശദീകരണം ചോദിച്ചാൽ കേരള സർക്കാരിനെതിരെ അക്കമിട്ട് നിരത്തുന്ന തരത്തിൽ മറുപടി നൽകും. കേരളത്തെ മുഖ്യമന്ത്രി കലാപഭൂമിയാക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനകളിലൂടെ തന്നെ വിശദീകരിക്കും. സർവ്വകലാശാലകളുടെ ധൂർത്തും അഴിമതിയും അടക്കം കേന്ദ്രത്തെ ധരിപ്പിക്കും. ഇതിനൊപ്പം സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കെടുകാര്യസ്ഥതയാണെന്നും പറയും. ഇതിനുള്ള സുവർണ്ണാവസരമാണ് ഗവർണർക്ക് ഇപ്പോൾ കൈവന്നിരിക്കുന്നത്. ഏതായാലും ഗവർണർ-സർക്കാർ പോര് അതിരൂക്ഷമായി തുടരുമെന്നതിന് തെളിവാണ് സംഭവ വികാസങ്ങൾ.
2024 ജനുവരിയിൽ നിയമസഭ വിളിച്ചുചേർക്കാനുള്ള നടപടിക്രമങ്ങളിലേക്കു സർക്കാർ കടക്കാനിരിക്കെയാണു ഗവർണറുമായി തെരുവിലുള്ള ഏറ്റുമുട്ടലിലേക്കു സിപിഎം കടന്നത്. നയപ്രഖ്യാപന പ്രസംഗം ഗവർണറുടെ മുൻപിലേക്ക് എത്തുമ്പോൾ അദ്ദേഹം എന്തു നിലപാട് സ്വീകരിക്കുമെന്നതിൽ ഇതോടെ ഉദ്വേഗമായി. ഭരണഘടനാപരമായ ബാധ്യതയാണെങ്കിലും ഈ അവസരങ്ങൾ സർക്കാരിനെതിരെയുള്ള കണക്കുതീർക്കാൻ ഉപയോഗപ്പെടുത്തുകയെന്ന മാർഗം ആരിഫ് മുഹമ്മദ് ഖാൻ മുൻപു പലവട്ടം സ്വീകരിച്ചിട്ടുണ്ട്.
എസ്എഫ്‌ഐ പ്രവർത്തകരെ തെരുവിലിറക്കി ഗവർണർക്കെതിരെ സർക്കാർ യുദ്ധ പ്രഖ്യാപനത്തിനു തുനിയുകയും, മുഖ്യമന്ത്രിക്കെതിരെ ഗവർണർ ഗൂഢാലോചന ആരോപിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇത്തവണ സർക്കാരിനു കാര്യങ്ങൾ എളുപ്പമാകാനിടയില്ല. ജനുവരി മധ്യത്തിൽ 2024ലെ ആദ്യ നിയമസഭാ സമ്മേളനം ചേരാനാണു സർക്കാർ ആലോചിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള നയപ്രഖ്യാപന പ്രസംഗമായതിനാൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം പ്രസംഗത്തിൽ സർക്കാർ ഉൾപ്പെടുത്തുമെന്നുറപ്പ്. ഇതിനോട് ഗവർണർ എടുക്കുന്ന സമീപനവും നിർണ്ണായകമാകും.
ഗവർണറായി തുടരാൻ നീക്കവുമായി ആരിഫ് മുഹമ്മദ് ഖാൻ - എന്ന തലക്കെട്ടിൽ ഇന്നലെ സിപിഎം പത്രമായ ദേശാഭിമാനി ഒന്നാം പേജ് വാർത്ത നൽകിയിരുന്നു. ബിജെപി അധികാരത്തിൽ വന്നാൽ മാത്രമേ അതിന് കഴിയൂ. ഈ സാഹചര്യത്തിൽ ഗവർണർ നടത്തുന്ന നീക്കം ബിജെപി തുടർഭരണമെത്തുമെന്നതിന്റെ സ്ഥിരീകരണമാണെന്ന് പരിവാറുകാർ പ്രചരിപ്പിച്ചു. അതിരാവിലെ തന്നെ ഈ പ്രചരണം തുടങ്ങുകയും ചെയ്തു. ആരിഫ് മുഹമ്മദ് ഖാൻ അഞ്ചു കൊല്ലം കൂടി ഗവർണറായി തുടരണമെന്ന അഭിപ്രായം ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കുവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദേശാഭിമാനി വാർത്ത.
ഗവർണർ പദവിയിൽ സെപ്റ്റംബറിൽ കാലാവധി കഴിയുന്ന ആരിഫ് മുഹമ്മദ് ഖാൻ പുനർ നിയമനം കിട്ടാൻ കേരള ബിജെപി നേതാക്കളുടെ പിന്തുണയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കുന്നു എന്നാണ് ദേശാഭിമാനി ഒന്നാം പേജ് വാർത്ത. ഏപ്രിൽ - മേയിൽ ലോക്സഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ സെപ്റ്റംബറിലെ ഗവർണർ നിയമനവും മോദി തീരുമാനിക്കുമെന്ന ഉറപ്പിലുള്ള വാർത്തയാണ് ദേശാഭിമാനി നൽകിയത്. ഇതിന് പിന്നാലെയാണ് ഗവർണർക്കെതിരെ കത്തുമായി സംസ്ഥാന സർക്കാർ എത്തുന്നത്.


