- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടുക്കിയിലേക്ക് ഗവർണർ എത്തന്നത് രണ്ടും കൽപ്പിച്ച് തന്നെ
ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടുക്കി സന്ദർശനത്തിൽ സുരക്ഷാ വീഴ്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാൻ കർശന നിരീക്ഷണങ്ങൾക്ക് പൊലീസ്. ചൊവ്വാഴ്ച തൊടുപുഴയിൽ നടക്കുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് ഗവർണർ എത്തുന്നത്. ഗവർണറെ സിപിഎം യുവജന-വിദ്യാർത്ഥി സംഘടനകൾ തടയാൻ സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ഗവർണ്ണറുടെ യാത്ര വഴിയടക്കം പൊലീസ് രഹസ്യമാക്കി വയ്ക്കും. ഗവർണറുടെ യാത്രാ വഴിയിൽ എല്ലാം കർശന സുരക്ഷയും ഒരുക്കും. ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കാനാണ് ഗവർണർ എത്തുന്നതെന്ന് സിപിഎം ആരോപിച്ചിട്ടുണ്ട്.
ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കാനാണ് ഗവർണർ എത്തുന്നതെന്ന് സിപിഎം വ്യക്തമാക്കി. ഗവർണറെ ക്ഷണിച്ച നിലപാടിൽ പ്രതിഷേധിച്ചു ചൊവ്വാഴ്ച എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഭൂമിഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ ചൊവ്വാഴ്ച ഇടതുമുന്നണി ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരുന്നു. രാജ്ഭവൻ മാർച്ച് നടത്തുന്ന ദിവസം തന്നെ ഗവർണർ ഇടുക്കിയിൽ എത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് ഇടുക്കി ജില്ലാകമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്. ഗവർണർ തന്ത്രപൂർവ്വം ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയായിരുന്നു. എംഎം മണിയും സിപിഎം ജില്ലാ സെക്രട്ടറിയും ഗവർണറെ അധിക്ഷേപിച്ച് തന്നെ രംഗത്തു വന്നു. കോഴിക്കോട് ഗവർണറുടെ സന്ദർശനം വലിയ തോതിൽ ചർച്ചയായിരുന്നു. മിഠായി തെരുവിലും മറ്റും പോയി ഗവർണർ ജനങ്ങളുമായി അടുത്തിടപഴുകി. ഇതൊഴിവാക്കാൻ കൂടി വേണ്ടിയാണ് സിപിഎം ഇടുക്കിയിൽ ഹർത്താൽ ആഹ്വാനം ചെയ്തതെന്നും സൂചനയുണ്ട്.
ഗവർണർ കർഷകരെ വെല്ലുവിളിക്കുന്നുവെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. കർഷകരുടെ ആശങ്ക പരിഹരിക്കാനാണ് ഗവർണർ ശ്രമിക്കേണ്ടത്. കർഷകർ രാജ്ഭവനിൽ പ്രതിഷേധിക്കുന്ന ദിവസം ഗവർണർ ഇടുക്കിയിലേക്ക് പോകുന്നത് വെല്ലുവിളിയാണ്. എല്ലാവരോടും വെല്ലുവിളിയുടെ സ്വരമാണ് ഗവർണർക്കെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. എന്നാൽ ഇടതുമുന്നണി നടത്തുന്നത് അനാവശ്യ ഹർത്താൽ എന്ന് ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചു. സിപിഎം വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നു. കൂടുതൽ പ്രകോപനമുണ്ടായാൽ പരസ്യ പ്രസ്താവന നടത്തിയേക്കുമെന്നും ഡീൻ അറിയിച്ചു. ഇത് സിപിഎമ്മിന് തിരിച്ചടിയായി. ഇതോടെ ഗവർണറെ തടയില്ലെന്ന് സിപിഎം പരസ്യമായി പറഞ്ഞിട്ടുണ്ട്. എന്നാൽ അത് പൊലീസ് അത് മുഖവലിയ്ക്കെടുക്കില്ല.
ഇടുക്കിയിലെത്തുന്ന ഗവർണറെ തടയാൻ ആർക്കും സാധിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. കാരുണ്യ പ്രവർത്തനത്തെപോലും തടസപ്പെടുത്തുന്ന സിപിഎമ്മിന്റെ അസഹിഷ്ണുത ജനം മനസിലാക്കുമെന്ന് സന്തോഷ് കുമാർ പറഞ്ഞു. ശബരിമല തീർത്ഥാടനത്തിനു തടയിടാനാണ് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചതെന്നും സന്തോഷ് കുമാർ കുറ്റപ്പെടുത്തി. ഗവർണർക്ക് വേണ്ടി ബിജെപി നേതൃത്വും പ്രതിരോധം തീർക്കും. ഇതും സംഘർഷത്തിന് കാരണമാകുമെന്ന വിലയിരുത്തൽ പൊലീസിനുണ്ട്. തൽകാലം ആരേയും കരുതൽ തടങ്കലിൽ എടുക്കില്ല. എന്നാൽ കർശന നിരീക്ഷണം പൊലീസ് ഇടുക്കിയിൽ ഉടനീളം നടത്തും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എംഎം മണി പരിധിവിട്ട അധിക്ഷേപ പരാമർശം നടത്തിയതോടെ ഗവർണർ- സർക്കാർ പോര് പുതിയ തലത്തിൽ എത്തിയിട്ടുണ്ട്. നിയമസഭയിൽ നയപ്രഖ്യാപനം നടത്തുമെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. മണിയുടെ പരാമർശം ഒറ്റപ്പെട്ട സംഭവമെന്ന നിലയ്ക്ക് രാജ്ഭവൻ കാണുന്നില്ല. നേരത്തേ മന്ത്രിമാരടക്കം മോശം പരാമർശങ്ങൾ നടത്തിയപ്പോൾ ഇതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്ന നിലയിലുള്ള പ്രതികരണമാണ് ഗവർണർ നടത്തിയത്. മണിയെ കടത്തി വെട്ടുന്ന തരത്തിൽ സിപിഎം ജില്ലാ സെക്രട്ടറി വർഗീസും പ്രതികരിച്ചിട്ടുണ്ട്. അതിനിടെ ഇടുക്കിയിൽ എത്തുന്ന ഗവർണർ മറിയക്കുട്ടിയെ സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്.
എൽ.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് നടത്താൻ തീരുമാനിച്ച ജനു.ഒമ്പതിന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് ഗവർണർ തൊടുപുഴയിലെത്തുന്നതാണ് മണിയെ ചൊടിപ്പിച്ചത്. നിശ്ചയിച്ചപോലെ ഒമ്പതിന് പരിപാടി നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ പറഞ്ഞു. എങ്ങനേയും പരിപാടി മാറ്റി വയ്പ്പിക്കുകയായിരുന്നു മണിയുടെ ലക്ഷ്യം. ഈ സമ്മർദ്ദത്തിന് ഏകോപന സമിതി വഴങ്ങിയതുമില്ല. ഇതിനൊപ്പമാണ് മറിയക്കുട്ടിയെ കണ്ട് സർക്കാരിന് മറുപടി നൽകാനുള്ള രാജ്ഭവൻ ആലോചന. ഇക്കാര്യത്തിൽ ഗവർണർ തീരുമാനം എടുത്തിട്ടില്ല. സുരക്ഷാ പ്രശ്നങ്ങൾ കൂടി പരിഗണിച്ച് മാത്രമേ തീരുമാനിക്കൂ.
ഭൂമിപതിവ് ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നിലപാടിനെതിരെയാണ് ജില്ലയിൽ നിന്ന് പതിനായിരങ്ങളെ അണിനിരത്തി എൽ.ഡി.എഫ് രാജ്ഭവൻ മാർച്ച് നടത്തുന്നത്. അതേ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ ഗവർണ്ണറെ ക്ഷണിച്ചത് സിപിഎമ്മും ഗൗരവത്തോടെ കാണുന്നുണ്ട്. സിപിഎമ്മിനെ പരിഹസിക്കുകയാണ് ഏകോപന സമിതി എന്നതാണ് നിലപാട്. ഏതായാലും ഇടുക്കിയിൽ ഗവർണ്ണർ എല്ലാ വിഷയങ്ങൾക്കും മറുപടി നൽകും.
നവംബർ ആറിനാണ് ഗവർണറെ ക്ഷണിച്ചതെന്നും ഡിസംബറിലെ തീയതി നൽകണമെന്നാണ് അഭ്യർത്ഥിച്ചതെന്നും വ്യാപാരികൾ വ്യക്തമാക്കി. ജനുവരി രണ്ടാം തീയതിയാണ് ഗവർണറുടെ ഓഫീസിൽ നിന്ന് ഒമ്പതിന് പങ്കെടുക്കാമെന്ന് അറിയിച്ചത്. ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അംഗങ്ങൾ മാത്രമാണ് പങ്കെടുക്കുന്നത്. ഗവർണർ പങ്കെടുക്കുന്നു എന്ന ഒറ്റക്കാരണത്താൽ ജീവകാരുണ്യ പരിപാടിയെ എതിർക്കുന്നത് ശരിയാണോയെന്ന് വ്യാപാരികൾ ചോദിക്കുന്നു.
പരിപാടിയുമായി മുന്നോട്ടുപോകുന്നതിന് രാജ്ഭവൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഹർത്താലിന്റെ ഭാഗമായി ഗവർണറെ തടയുന്ന നടപടി ഉണ്ടായാൽ അത് പുതിയ തലത്തിലെത്തും. രണ്ടും കൽപ്പിച്ചാണ് ഗവർണർ ഇടുക്കിയിലേക്ക് പോകുന്നത്.