തിരുവനന്തപുരം: തിരുവനന്തപുരത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചർച്ചയാക്കിയത് കേന്ദ്ര സർക്കാർ നേട്ടങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിൽ ഇരുത്തിയാണ് ഗവർണർ കേന്ദ്ര പദ്ധതികളിലൂടെ മോദി സർക്കാരിനെ ചർച്ചയാക്കിയത്. രാജ്യത്തിന്റെ നേട്ടങ്ങളായി കേന്ദ്ര സർക്കാരിന്റെ ഹണ നേട്ടം ഉയർത്തിക്കാട്ടി. ലോകശക്തിയായി ഇന്ത്യയെ മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ സൂപ്പർ പവറാക്കാനുള്ള ശ്രമത്തിലാണെന്നും പറഞ്ഞു. കേരളം ആരോഗ്യപരമായ ജനാധിപത്യത്തിലേക്ക് മാറണമെന്നും ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാറിന്റെ വികസന നേട്ടങ്ങൾ എടുത്തുപറഞ്ഞായിരുന്നു ഗവർണറുടെ പ്രസംഗം. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകൾ അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടൽ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യമാണെന്നും ഗവർണർ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തി.

വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻസിസി, സ്‌കൗട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കെഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. മുഖ്യമന്ത്രിയും വേദിയിൽ സന്നിഹിതനായി. മുഖ്യമന്ത്രി എത്തി കുറച്ചു സമയം കഴിഞ്ഞാണ് ഗവർണർ ചടങ്ങിന് വന്നത്. മുഖ്യമന്ത്രിയെ നോക്കാതെയാണ് ചടങ്ങിലേക്ക് ഗവർണർ കടന്നത്. പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രിക്ക് അടുത്ത് ഇരിക്കുകയും ചെയ്തു. അതിന് മുമ്പ് ഇരുവരും അഭിവാദ്യം ചെയ്യുകയും ചെയ്തു. ഏറെ കാലത്തിന് ശേഷമാണ് ഇതു സംഭവിച്ചത്.

മന്ത്രി ശിവൻകുട്ടിയാണ് മുഖ്യമന്ത്രിക്ക് അടുത്ത് ഇരുന്നത്. ശിവൻകുട്ടിയുമായാണ് കൂടുതൽ സമയവും മുഖ്യമന്ത്രി സംസാരിച്ചത്. മലയാളത്തിൽ ആശംസ പറഞ്ഞായിരുന്നു ഗവർണർ പ്രസംഗം തുടങ്ങിയത്. ലോകത്തിന്റെ മുഴുവൻ ക്ഷേമത്തിനായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. വസുധൈവ കുടുംബകം എന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്ന് ഗവർണർ പറഞ്ഞു. കേന്ദ്രസർക്കാറിന്റെ വികസന നേട്ടങ്ങൾ എടുത്തുപറഞ്ഞായിരുന്നു ഗവർണറുടെ പ്രസംഗം. അയോധ്യാ വിഷയം ഉയർത്തിയില്ലെന്നത് സംസ്ഥാന സർക്കാരിന് ആശ്വാസമാകുകയും ചെയ്തു.

റെയിൽ റോഡ് വികസനത്തിലൂടെയും വന്ദേ ഭാരത് ട്രെയിനിലൂടെയും സംസ്ഥാനം കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. എല്ലാവർക്കും പാർപ്പിടം എന്ന രാജ്യത്തിന്റെ സ്വപ്നത്തിനു സർക്കാരിന്റെ പദ്ധതിയായ ലൈഫ് മിഷൻ കരുത്തു പകർന്നുവെന്നും ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. നയപ്രഖ്യാപനം പോലെ സംസ്ഥാന സർക്കാർ എഴുതി കൊടുക്കുന്നതല്ല ഗവർണറുടെ റിപ്പബ്ലിക് ദിന പ്രസംഗം. ഈ അവസരത്തിലാണ് മോദി സർക്കാരിനെ ഗവർണർ ഉയർത്തിക്കാട്ടിയത്.

വൈകുന്നേരം രാജ്ഭവനിൽ ഗവർണറുടെ വിരുന്നുണ്ട്. ഈ വിരുന്നിലേക്ക് മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും ക്ഷണിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ചടങ്ങിന് പോകില്ലെന്നാണ് സൂചന. എന്നാൽ മുഖ്യമന്ത്രി പങ്കെടുക്കുമോ എന്നത് ഇനിയും വ്യക്തത വന്നിട്ടില്ല. ഇന്നലെ നിയമസഭയിൽ എത്തിയ ഗവർണറെ മുഖ്യമന്ത്രി പൂച്ചെണ്ട് കൊടുത്ത് സ്വീകരിച്ചിരുന്നു.

എന്നാൽ നയപ്രഖ്യാപനത്തിന് ഇടെ മുഖ്യമന്ത്രിയുമായി പരിചയ ഭാവം പോലും ഗവർണർ കാട്ടിയില്ല. എന്നാൽ റിപ്പബ്ലിക് ദിനത്തിനിടെ കൈകൂപ്പുമ്പോൾ ആ അകൽച്ച ഗവർണറുടെ മുഖത്ത് ഇല്ലായിരുന്നു.