ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രനെതിരായ പരാമർശത്തിൽ ഉറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി ഗൂഢാലോചന നടത്തിയെന്ന് ഇന്നും ഗവർണ്ണർ ആരോപിച്ചു. തന്നെ ആക്രമിച്ചവരെ രക്ഷിക്കാൻ സർക്കാർ ശ്രമിച്ചു. കേരളത്തില്എന്തും നടക്കുമെന്ന് ഇർഫാൻ ഹബീബിന് അറിയാമെന്നും ഗവർണ്ണർ പറഞ്ഞു. ഇന്ന് ഗവർണ്ണർ കേരളത്തിലെത്തും. ലോകായുക്താ, സർവ്വകലാശാല നിയമ ഭേദഗതി ബില്ലുകൾ നിയമസഭ പാസാക്കിയാലും ഗവർണ്ണർ ഒപ്പിടില്ല.

ഭരണഘടനാ വിരുദ്ധമായ ബില്ലുകളിൽ ഒപ്പിടില്ലെന്നു ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ അധികാരം വെട്ടിക്കുറച്ച ബിൽ നിയമമാകണമെങ്കിൽ താൻ തന്നെ ഒപ്പിടണമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ഇതിനൊപ്പം ലോകായുക്തയിലും ഒപ്പിടൽ വൈകും. സർക്കാരും ഗവർണറും തമ്മിലുള്ള പോര് കടുക്കുന്നതിനിടയാണ് ബിൽ നിയമസഭയിൽ വരുന്നത്. താൻ ഒപ്പിട്ടാൽ മാത്രമേ ബിൽ നിയമം ആവുകയുള്ളുവെന്നും ബില്ലിൽ ഒപ്പിടില്ലെന്നുമുള്ള നിലപാടിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വിസിക്കെതിരെ നടപടിയെടുക്കാനും സാധ്യത ഏറെയാണ്.

വൈസ് ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിൽ രണ്ട് അംഗങ്ങളെ കൂടി ചേർക്കാനാണ് സർക്കാറിന്റെ നീക്കം. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും സർക്കാർ പ്രതിനിധിയും കൂടി സെർച്ച് കമ്മിറ്റിയിൽ അംഗമാകുന്നതോടെ അംഗങ്ങളുടെ എണ്ണം അഞ്ചാകും. ഗവർണറുടെ പ്രതിനിധിയെ സർക്കാരാകും നോമിനേറ്റ് ചെയ്യുക. ഇതോടെ സർക്കാരിന് കമ്മിറ്റിയിൽ മേൽക്കൈ നേടാനാകും.

ഇഷ്ടമുള്ളവരെ സർവകലാശാല വൈസ് ചാൻസലറായി നിയമിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും സർവകലാശാല നിയമഭേദഗതിയെ എതിർക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയാലും ബില്ലിൽ ഗവർണർ ഒപ്പിടേണ്ടതുണ്ട്. ഇതിലൂടെ സർക്കാർ-ഗവർണർ പോര് രൂക്ഷമാകാനാണ് സാധ്യത. ബിൽ ഭരണഘടന വിരുദ്ധമാണെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകർച്ചയുടെ വക്കിലാണെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗവർണർ

ഇതിനിടെയാണ് ചരിത്ര കോൺഗ്രസ് ചർച്ച. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ ഉണ്ടായ ആക്രമണശ്രമം ആസൂത്രിതമാണെന്ന് ഗവർണർ ആവർത്തിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭകാലത്ത് 2019 ഡിസംബർ 28നു കണ്ണൂർ സർവകലാശാലയിലെ ഇന്ത്യൻ ചരിത്ര കോൺഗ്രസ് വേദിയിൽ തനിക്കെതിരെ പ്രതിഷേധിച്ച ചരിത്രകാരൻ ഇർഫാൻ ഹബീബ് ഗുണ്ടയാണെന്നും ഗവർണർ തുറന്നടിച്ചു.

ഡൽഹിയിലെ കേരള ഹൗസിൽ മാധ്യമങ്ങളെ കാണുമ്പോഴാണ് ഗവർണർ ആരോപണങ്ങൾ ആവർത്തിച്ചത്. ''കണ്ണൂർ സർവകലാശാല സംഘടിപ്പിച്ച ആ പരിപാടിയിൽ നടന്നത് പ്രതിഷേധമല്ല, മറിച്ച് ആക്രമണമാണ്. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ വച്ചുതന്നെ ആസൂത്രണവും ഗൂഢാലോചനയും നടന്നു. ഈ ഗൂഢാലോചനയിൽ കണ്ണൂർ സർവകലാശാല വിസിയും പങ്കാളിയാണ്. വൃത്തികെട്ട മനസ്സാണ് ഇവർക്കുള്ളത്' ഗവർണർ പറഞ്ഞു.

ഇർഫാൻ ഹബീബ് തെരുവുഗുണ്ടയെപ്പോലെയാണ് പെരുമാറിയതെന്നും ഗവർണർ ആരോപിച്ചു. ഇർഫാന്റെ പ്രവൃത്തിയെ പ്രതിഷേധമെന്നു വിളിക്കാനാകില്ല. തന്നെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. കറുത്ത ഷർട്ടിട്ടാൽ കേസെടുക്കുന്ന നാടാണ് കേരളം. ഫേസ്‌ബുക് പോസ്റ്റിന്റെ പേരിലും ഇവിടെ കേസെടുക്കും. എന്നിട്ടും ഗവർണറെ ആക്രമിച്ചവർക്കെതിരെ നടപടിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.