- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹൽവ രുചിച്ച് ഗവർണർ മിഠായിത്തെരുവിൽ; സെൽഫിയെടുത്തും അഭിവാദ്യം ചെയ്തും ജനങ്ങൾ; കോഴിക്കോട് ഗവർണറുടെ നടത്തമുണ്ടാക്കിയത് നാടകീയ രംഗങ്ങൾ; കോഴിക്കോടിന് നന്ദി പറഞ്ഞ് മടക്കം; ഹൃദയം നിറഞ്ഞെന്ന് ആരിഫ് മുഹമ്മദ് ഖാൻ

കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. സർക്കാരുമായി പരസ്യമായ ശീതയുദ്ധം പ്രഖ്യാപിച്ച് ജനനിബിഡമായ വഴികളിലേക്ക് ഇറങ്ങിച്ചെന്ന ഗവർണർ കോഴിക്കോട്ടെ മിഠായി തെരുവിനെ അക്ഷരാർത്ഥത്തിൽ കൈയിലെടുത്തു. മലയാളിയുടെ മനസ്സ് തനിക്കൊപ്പമാണെന്ന് പറഞ്ഞായിരുന്നു ഗവർണർ കോഴിക്കോട്ടെ ആൾതിരക്കുള്ള തെരുവുകളിലേക്ക് എത്തിയത്.
എസ് എഫ് ഐയുമായുള്ള പോർവിളിക്ക് പിന്നാലെ കോഴിക്കോട്ടെ എറ്റവും തിരക്കേറിയ മിഠായിത്തെരുവിലാണ് ഗവർണർ എത്തിയത്. കോഴിക്കോട് നഗരത്തിലെത്തിയ അദ്ദേഹം ഔദ്യോഗിക വാഹനത്തിൽ നിന്നും ഇറങ്ങി റോഡിനരികിൽ നിന്ന് കുട്ടികളെ വാരിപ്പുണർന്നു. അവരെ എടുത്ത് ഒക്കത്തിരുത്തി കുശലം ചോദിച്ചു. തുടർന്ന് തന്നെ കാണാൻ കടിയ നാട്ടുകാരോടെല്ലാം ഗവർണർ വിശേഷങ്ങൾ ആരാഞ്ഞു. പിന്നെ കാറിൽ കയറി പതിയെ മിഠായി തെരുവിലേക്ക്. അവിടെ ജനത്തിരക്കിലേക്ക് ഗവർണർ നടന്നിറങ്ങി. 40 മിനിറ്റാണ് ഗവർണർ ആ തിരക്കിൽ നിന്നത്.
പൊലീസ് സുരക്ഷ വേണ്ടെന്ന് പറഞ്ഞാണ് മിഠായി തെരുവിൽ എത്തിയത്. എന്നാൽ പൊലീസും മറ്റുദ്യോഗസ്ഥരുടെയും സുരക്ഷാ വലയത്തിൽ തന്നെയായിരുന്നു ഗവർണർ. മിഠായിത്തെരുവിലേക്കെത്തിയ ഗവർണർ അലുവ വാങ്ങുന്നതിനായി ബേക്കറിയിലേക്ക് കയറി. ഇക്കാര്യം തന്റെ ഉദ്യോഗസ്ഥരോടും പോലും ഗവർണർ പറഞ്ഞിരുന്നില്ല.കടയുടമയോട് അലുവ മുറിച്ച് തന്റെ വായിലേക്ക് വച്ചുതരാൻ ഗവർണർ ആവശ്യപ്പെട്ടു. ഇത് കണ്ടുനിന്നവരെയെല്ലാം ഞെട്ടിച്ചു. പിന്നീട് ജനങ്ങൾക്കൊപ്പം തേർന്ന് നടത്തം. അടുത്തു വന്നപ്പവർക്കൊപ്പം സെൽഫിയും എടുത്ത് തോളിൽ തട്ടി അഭിവാദനം നൽകി. പലരും ഗവർണറെ കടകളിലേക്ക് ക്ഷണിച്ചു കൊണ്ടു പോകുന്നതും കണ്ടു.
താൻ ഹൽവ വാങ്ങുന്നതിനായാണ് മിഠായിത്തെരുവിലെത്തിയതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. നിരവധി പേർ ഗവർണർക്ക് ആഭിവാദ്യം അർപ്പിക്കാൻ സ്ഥലത്തെത്തി. യുവാക്കളോടൊപ്പം ഗവർണർ സെൽഫിയെടുത്തു. തന്നെ വെല്ലുവിളിച്ച പ്രതിഷേധക്കാർക്കുള്ള മറുപടിയായാണ് ഗവർണറുടെ സന്ദർശനം വിലയിരുത്തപ്പെടുന്നത്. ആരും ഗവർണർക്കെതിരെ പ്രതിഷേധിക്കാൻ എത്തിയില്ലെന്നതും ശ്രദ്ധേയമാണ്. മാനാഞ്ചിറയിൽ നാടകീയ രംഗങ്ങൾ സൃഷ്ടിക്കുകയായിരുന്നു ഗവർണർ. നേരത്തെ, തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച ആരിഫ് മുഹമ്മദ് ഖാൻ മിഠായിത്തെരുവിലൂടെ ഇറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തു.
അസാധാരണ നീക്കത്തിൽ അമ്പരന്നുനിന്ന ആളുകൾക്കിടയിലേക്ക് അദ്ദേഹം കടന്നുചെന്നു. കടകളിൽ കയറിയ അദ്ദേഹം ആളുകളോട് കുശലം പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് തന്നോട് വലിയ സ്നേഹമാണെന്ന് ഗവർണർ പറഞ്ഞു. ഇതിനിടയിൽ ചില ബിജെപി പ്രവർത്തകർ മുദ്രാവാക്യവുമായി അദ്ദേഹത്തെ പിന്തുടർന്നു. മിഠായിത്തെരുവിൽ ഉടനീളം നടന്നശേഷം അദ്ദേഹം ജനങ്ങൾക്ക് നന്ദി പറഞ്ഞു. ഹൃദയം നിറഞ്ഞ അനുഭവമാണ് ഈ യാത്ര സമ്മാനിച്ചതെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങൾ തനിക്ക് സുരക്ഷ ഒരുക്കുമെന്നും കൂട്ടിച്ചേർത്തു. ജനങ്ങളുമായി നേരിട്ട് സംവദിച്ചശേഷം ഗവർണർ ഔദ്യോഗിക വാഹനത്തിൽ കയറി മടങ്ങി.
പൊതുവേ തിരക്കേറിയ മിഠായിത്തെരുവിനെ ജനസമുദ്രമാക്കിയാണ് ഗവർണർ ഇറങ്ങിനടന്നത്. ഗവർണറെ കണ്ട് ആളു കൂടിയതോടെ ജനത്തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. സെൽഫിയെടുക്കാനായി വന്ന ആളുകളെയും അദ്ദേഹം നിരാശരാക്കിയില്ല. ഗവർണർ തള്ളിപ്പറഞ്ഞെങ്കിലും വൻ സുരക്ഷയാണ് പൊലീസ് ഗവർണർക്കായി ഒരുക്കിയത്. നേരത്തേ, കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിൽനിന്ന് പുറത്തിറങ്ങിയ ഗവർണർ മുഖ്യമന്ത്രിക്കും എസ്എഫ്‌ഐക്കുമെതിരെ വിമർശനം ആവർത്തിച്ചിരുന്നു. തുടർന്ന് തനിക്ക് പൊലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നു പ്രഖ്യാപിച്ച് കോഴിക്കോട്ടേക്കു യാത്ര തിരിക്കുകയായിരുന്നു.
വേണ്ടിവന്നാൽ ഒറ്റയ്ക്ക് മാർക്കറ്റിൽ പോകുമെന്ന് ക്യാംപസിനുള്ളിൽവച്ച് മാധ്യമങ്ങളെ കാണുമ്പോൾ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒരു ഭീഷണിക്കു മുന്നിലും ഭയന്നിരിക്കാൻ തയാറല്ല. അവർക്ക് എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ചെയ്യട്ടെ. 35ാം വയസ്സിൽ ഞാൻ ഭയപ്പെട്ടിട്ടില്ല. എനിക്ക് ഇപ്പോൾ 70 വയസ്സ് കഴിഞ്ഞു. ദേശീയ ശരാശരിയേക്കാൾ ഉയർന്ന പ്രായമാണത്. അവർക്ക് മോശമായി എന്തെങ്കിലും ചെയ്യണമെങ്കിൽ ചെയ്യാമെന്നും പറഞ്ഞ ശേഷമായിരുന്നു മിഠായിത്തെരുവു യാത്ര.
ക്യാംപസ് പരിസരത്തുവച്ച് മാധ്യമപ്രവർത്തകരെ കണ്ട ഗവർണർ, സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കണ്ണൂരിലെ ജനം മോശമാണെന്ന് താൻ പറഞ്ഞോ എന്ന് ഗവർണർ ചോദിച്ചു. അവിടുത്തെ ചില പാർട്ടികളുടെ രാഷ്ട്രീയമാണ് പ്രശ്‌നം. കേരളത്തിലെ പ്രമുഖ എഴുത്തുകാരൻ അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞാൻ പ്രകോപിപ്പിക്കുകയാണെന്ന് പറയുന്നതിൽ എന്താണർഥം? കണ്ണൂരിൽ എത്ര രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നുവെന്നത് നിങ്ങൾക്ക് അറിയാവുന്നതല്ലേ? എത്ര കൊലപാതകങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും ഗവർണർ ചോദിച്ചു.
പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്നും, സേന നിഷ്‌ക്രിയമായിരിക്കാൻ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നും ഗവർണർ ആരോപിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും ഗവർണർ പറഞ്ഞു. സർവകലാശാലാ ഭരണത്തിൽ സർക്കാർ ഇടപെടുന്നതിനേയും ഗവർണർ രൂക്ഷമായി വിമർശിച്ചു.


