- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആരിഫ് മുഹമ്മദ് ഖാനെ സംരക്ഷിക്കാൻ എത്തുക ബംഗളൂരുവിൽ നിന്നുള്ള സിആർപിഎഫിന്റെ പ്രത്യേക വിഐപി സെക്യൂരിറ്റി സംഘം; യാത്ര റൂട്ട് ചോർത്തുന്ന പൊലീസിലെ സഖാവിനെ രാജ്ഭവന് ഇപ്പോഴും സംശയം; രാജ്ഭവനിൽ തുടരാൻ കേരളാ പൊലീസും; ഗവർണർക്ക് രാജ്യമെങ്ങും ഇസഡ് പ്ലസ്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാചുമതല സി.ആർ.പി.എഫിന് കൈമാറിയ ഉത്തരവ് ഉടൻ ഇറങ്ങും. സംസ്ഥാനത്തിന് ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പം മാറ്റുന്നതാകും തരൂമാനം. ഗവർണർക്ക് ഇസഡ് പ്ലസ് സുരക്ഷ കേന്ദ്രസേന നൽകുമെങ്കിലും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്ഭവന്റെ സുരക്ഷ സി.ആർ.പി.എഫിന് ഏറ്റെടുക്കാനാകില്ലെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. അതിനിടെ ഇതിലെ സാങ്കേതിക വശങ്ങൾ രാജ്ഭവനും പരിശോധിക്കും. രാജ്ഭവനിലെ നീക്കങ്ങൾ ചോർത്താനാണ് പൊലീസ് സുരക്ഷ തുടരാനുള്ള നീക്കമെന്ന വിലയിരുത്തൽ രാജ്ഭവനിലെ ചില കേന്ദ്രങ്ങൾക്കുണ്ട്. ഏതായാലും പൂർണ്ണമായും പൊലീസിനെ ഒഴിവാക്കാൻ കഴിയില്ലെന്ന് ഗവർണ്ണറുടെ ഓഫീസിനും അറിയാം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷയൊരുക്കുക ബെംഗളൂരുവിൽ നിന്നുള്ള സിആർപിഎഫിന്റെ പ്രത്യേക വിഐപി സെക്യൂരിറ്റി സംഘമാകും. 41 പേർ ഒരു സമയം ഗവർണർക്കൊപ്പം ഡ്യൂട്ടിക്കുണ്ടാകും. ഗവർണർ രാജ്യത്തെവിടെപ്പോയാലും സെഡ് പ്ലസ് സുരക്ഷയൊരുക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. കേരളത്തിന് വിശദ ഉത്തരവ് ഉടൻ കൈമാറും. 30ന് സിആർപിഎഫിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും യോഗം രാജ്ഭവനിൽ ചേരും. ഇതിനു ശേഷമാകും സുരക്ഷയുടെ രീതി നിശ്ചയിക്കുക. വിഐപി സുരക്ഷയ്ക്കായി പ്രത്യേക പരിശീലനം ലഭിച്ച സിആർപിഎഫ് ഡിവിഷൻ ദക്ഷിണേന്ത്യയ്ക്കായി ബെംഗളൂരുവിലാണുള്ളത്. സിആർപിഎഫ് സേനാംഗങ്ങൾക്ക് ബാരക്കും മെസ്സും ഒരുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നലെ രാജ്ഭവന് നിർദ്ദേശം നൽകി.
സിആർപിഎഫ്. സുരക്ഷ സംബന്ധിച്ച് കേന്ദ്രത്തിൽനിന്ന് രാജ്ഭവനാണ് അറിയിപ്പ് ലഭിച്ചത്. സർക്കാരിന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ കൃത്യമായ തീരുമാനം കൈക്കൊണ്ടിട്ടുമില്ല. ശനിയാഴ്ച കൊല്ലം നിലമേലിൽ നടന്ന നാടകീയസംഭവങ്ങൾക്കു പിന്നാലെ വൈകീട്ടോടെ ഇരുപതോളം സിആർപിഎഫ്. ഉദ്യോഗസ്ഥരെത്തി. ഇതിൽ ഒരുവിഭാഗം വൈകീട്ട് നടന്ന പരിപാടികളിൽ ഗവർണറുടെ സുരക്ഷ ഏറ്റെടുക്കുകയും ചെയ്തു. ബാക്കിയുള്ളവർ രാജ്ഭവനിലായിരുന്നു. ഇതിൽ കൂടുൽ സി ആർ പി എഫുകാർ എത്തേണ്ടതുണ്ട്. ഉത്തരവിന് ശേഷം അവർ എത്തും. അതിന് ശേഷം കേരളാ പൊലീസുമായി ചർച്ചയും. ഇതിൽ എല്ലാം തെളിയും.
ഗവർണറുടെ യാത്രാ റൂട്ട് പലപ്പോഴും ചോർത്തുന്നുണ്ട്. ഇതിന് പിന്നിൽ സിപിഎം അനുകൂല സംഘടനാ നേതാവാണെന്നാണ് സംശയം. ഈ സാഹചര്യത്തിൽ ഗവർണറുടെ യാത്ര അതീവ രഹസ്യ സ്വഭാവം പുലർത്തുന്നില്ല. റൂട്ടിൽ കേരളാ പൊലീസ് ഇടപെടുന്നതിൽ പലർക്കും സംശയമുണ്ട്. യാത്രാ വഴികൾ പൊലീസിന്റെ സഹായത്തോടെയേ പ്രാവർത്തികമാക്കാനും കഴിയൂ. ഈ വിഷയത്തിൽ യോജിച്ച ചർച്ച പൊലീസുമായി സിആർപിഎഫ് നടത്തും. അവസാന നിമിഷം മാത്രം റൂട്ട് പൊലീസിന് കൈമാറുന്ന തരത്തിൽ തീരുമാനം എടുത്തേക്കും.
രാജ്ഭവനിലെ സുരക്ഷ പതിവുപോലെ സംസ്ഥാന പൊലീസാണ് കൈകാര്യംചെയ്തത്. ഇക്കാര്യത്തിൽ കേന്ദ്രത്തിൽനിന്നുള്ള അറിയിപ്പ് ലഭിച്ചശേഷമാവും തുടർനടപടികൾ. ചൊവ്വാഴ്ച രാജ്ഭവനും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരും തമ്മിൽ ചർച്ചനടക്കും. സി.ആർ.പി.എഫാണ് ഇനിമുതൽ ഗവർണർക്ക് സുരക്ഷയൊരുക്കുന്നതെങ്കിലും അത് സംസ്ഥാന പൊലീസുമായി സഹകരിച്ചുമാത്രമേ സാധ്യമാകുകയുള്ളൂവെന്നും പൊലീസിലെ ഉന്നതവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഗവർണറുടെ വ്യക്തിസുരക്ഷയ്ക്കാകും കേന്ദ്രസേന മുൻതൂക്കം നൽകുക.
അനിഷ്ടസംഭവങ്ങളുണ്ടായാൽ വിശിഷ്ട വ്യക്തിയെ എത്രയും പെട്ടെന്ന് സംഭവസ്ഥലത്തുനിന്ന് മാറ്റുകയെന്നതാകും പ്രാഥമിക ഉത്തരവാദിത്വം. വാഹനം നിർത്തുന്നതിനോ വിശിഷ്ട വ്യക്തി പുറത്തിറങ്ങുന്നതിന് അവസരമുണ്ടാക്കുന്നതിനോ പ്രോട്ടക്കോൾ പ്രകാരം സാധ്യമല്ല. ഗവർണറുടെ സഞ്ചാരപാതയിൽ തീരുമാനമെടുക്കുന്നത് കേന്ദ്രസേനതന്നെയാകും. എന്നാൽ, ഈ പാതയും സ്ഥലങ്ങളും സുരക്ഷിതമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നത് സംസ്ഥാന പൊലീസുമായിരിക്കും.
പ്രതിഷേധങ്ങൾ തടയുന്നതിലും പ്രതിഷേധക്കാരെ മാറ്റുന്നതിലും കേന്ദ്രസേന ഇടപെടില്ല. അത് സംസ്ഥാന പൊലീസിന്റെ ചുമതല തന്നെയാകും. അതിൽ വീഴ്ചയുണ്ടായാൽ ഇനിയും ഗവർണർ കാറിൽ നിന്നും പുറത്തിറങ്ങും. ഗവർണ്ണർക്ക് നിലവിൽ കേരള പൊലീസ് ഒരുക്കുന്നതും സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ്. ഒരു അസിസ്റ്റന്റ് കമ്മിഷണറെയും 50 പൊലീസുദ്യോഗസ്ഥരെയുമാണ് ഇപ്പോൾ ഗവർണർക്കായി കേരള പൊലീസ് നൽകിയിരിക്കുന്നത്.
ഗവർണർക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും കഴിഞ്ഞതവണ നഗരത്തിൽ പേട്ടയിൽ എസ്എഫ്‌ഐ പ്രവർത്തകർ പാഞ്ഞടുത്ത് ഗവർണറുടെ കാറിൽ അടിച്ച സംഭവത്തോടെ തന്നെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഗവർണർക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നു കടുപ്പിച്ച റിപ്പോർട്ട് തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നൽകിയിരുന്നു. ഗവർണർ പോകുന്നിടത്തെല്ലാം എസ്എഫ്‌ഐ പ്രവർത്തകരുടെ സംഘം അക്രമസജ്ജരായി മുന്നോട്ടുവരുന്നുണ്ടെന്ന് റിപ്പോർട്ട് കൈമാറിയിരുന്നു. അതാണ് ശനിയാഴ്ച സംഭവമുണ്ടായുടൻ സുരക്ഷയൊരുക്കാൻ കേന്ദ്രം നിർദേശിച്ചത്.
ഇപ്പോൾ പുണെയിലുള്ള ഗവർണർ 30ന് കൊച്ചിയിൽ മടങ്ങിയെത്തും. തുടർന്നാകും തിരുവനന്തപുരത്ത് എത്തുക. 2 ന് അദ്ദേഹം ഡൽഹിയിലേക്ക് പോകും. ഡൽഹി യാത്രയിൽ അദ്ദേഹം പ്രധാന കേന്ദ്ര നേതാക്കളെയും സന്ദർശിക്കുന്നുണ്ട്.