- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എവിടെയും ഒറ്റയ്ക്ക് നടന്നു പോകാൻ തയ്യാർ; ദൂരെ നിന്ന് കൊടി കാണിച്ചോട്ടെ..പ്രശ്‌നമില്ല; കാറിന്റെ അടുത്ത് വന്ന് കൊടി കാണിച്ചാൽ ഓരോ സ്ഥലത്തും ഞാൻ ഇറങ്ങും; വിദ്യാർത്ഥികളെ ഇറക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗം; പൊലീസിനെതിരേയും ആരോപണം; ഗവർണർ രണ്ടും കൽപ്പിച്ച്; കാറിന് അടുത്ത് പോകരുതെന്ന് എസ് എഫ് ഐക്കാർക്ക് നേതാക്കളുടെ നിർദ്ദേശം

ന്യൂഡൽഹി: ഗവർണ്ണർ-സർക്കാർ പോര് പുതിയ തലത്തിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധത്തിൽ മുഖ്യമന്ത്രിക്കെതിരെയും എൽഡിഎഫ് സർക്കാരിനെതിരെയും ആരോപണം ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തു വന്നു. വിദ്യാർത്ഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണെന്നും പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്നും ഗവർണർ ആരോപിച്ചു. പൊലീസ് വാഹനത്തിൽ അക്രമികളെ കൊണ്ടുവന്നുവെന്നും തിരിച്ച് കൊണ്ടുപോയതും പൊലീസ് വാഹനത്തിലാണെന്നും ഗവർണർ ആരോപിക്കുന്നു.
മുഖ്യമന്ത്രിക്കെതിരെ ആരോപണം ആവർത്തിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗൂഢാലോചനക്ക് മുഖ്യമന്ത്രി നേതൃത്വം നൽകിയെന്നാണ് ഗവർണർ ആരോപിക്കുന്നത്. അക്രമികൾക്കെതിരായ ദുർബല വകുപ്പുകൾ നിലനിൽക്കില്ലെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും അറിയിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറിന് ഷൂ എറിഞ്ഞവർക്കെതിരെ ചുമത്തിയ വകുപ്പുകൾ ഏതാണെന്നും അദ്ദേഹം ചോദിച്ചു. പൊലീസ് വാഹനത്തിലാണ് അക്രമികളെ കൊണ്ടുവന്നതെന്നും തിരിച്ച് കൊണ്ടു പോയതെന്നും ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. കേരളത്തിൽ ഭരണഘടന പ്രതിസന്ധിയുണ്ടെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു.
ആക്രമികളായ വിദ്യാർത്ഥികൾ ക്രിമിനലുകളാണ്. പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചന. തന്റെ കാറിന്റെ അടുത്തു വന്ന് പ്രതിഷേധക്കാർ തല്ലി തകർക്കാൻ കഴിഞ്ഞു. കാറിന് കേടുപാടുകളുണ്ടായെന്നും ചിത്രങ്ങൾ ഉയർത്തിക്കാട്ടി ഗവർണർ വിശദീകരിച്ചു. കാറിന്റെ അടുത്ത് എത്തി തല്ലി തകർക്കാൻ ശ്രമിക്കുന്നത് എങ്ങനെ പ്രതിഷേധമാകും. കേരളം ഇന്ത്യയിലാണെന്ന കാര്യം മറക്കരുതെന്നും ഗവർണ്ണർ വിശദീകരിച്ചു. അതിനിടെ ഗവർണ്ണർക്കെതിരെ കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐയും അറിയിച്ചു. വാഹനത്തിൽ തൊടാതെ ജാഗ്രത തുടരുമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം ഗവർണർ വാഹനത്തിൽ നിന്ന് ഇറങ്ങിയത് എസ് എഫ് ഐയെ ഞെട്ടിച്ചിരുന്നു. ഗവർണർക്കെതിരെ പ്രതിഷേധിച്ച 19 എസ്എഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഇവരിൽ 11 പേർക്കെതിരെ ജാമ്യമില്ലാ കുറ്റമാണു ചുമത്തിയിരിക്കുന്നത്.
ഗവർണ്ണർ ഡൽഹിയിൽ പറഞ്ഞത്.
തനിക്കെതിരേ ഉണ്ടായ ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സംഭവത്തിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധക്കാർ കാറിനെ വട്ടം വളഞ്ഞപ്പോൾ പൊലീസുകാർ കാഴ്ചക്കാരായി നിന്നെന്നും പൊലീസിനുമേൽ സമ്മർദ്ദമുണ്ടെന്നും ഗവർണർ ആരോപിച്ചു. കഴിഞ്ഞദിവസം ഡൽഹിയിലേക്ക് തിരിക്കാൻ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ തിരുവനന്തപുരത്ത് എസ്.എഫ്.ഐക്കാർ കരിങ്കൊടി കാണിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമർശനം ഉന്നയിച്ചതിന് തുടർച്ചയായാണ് ഡൽഹിയിലെത്തിയ ശേഷവും ഗവർണറുടെ പ്രതികരണം.
'പ്രതിഷേധക്കാരെ വിലക്കരുതെന്ന് പൊലീസിന് നിർദ്ദേശം ഉണ്ടായിരുന്നു. പൊലീസ് കാഴ്ചക്കാരായി നിന്നു. അക്രമികളെ പൊലീസ് പിന്തിരിപ്പിച്ചില്ല. അക്രമികൾക്കെതിരേ ഐപിസി 124 ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും നിർദ്ദേശം നൽകി', ഗവർണർ പറഞ്ഞു. എസ്.എഫ്.ഐയുടെ പ്രതിഷേധാഹ്വാനം നേരത്തെ തന്നെ ഉണ്ടായിരുന്നു. അതറിഞ്ഞിട്ടും സഞ്ചരിച്ച വഴിയിൽ മൂന്നിടത്ത് പ്രതിഷേധം ഉണ്ടാകുന്നു. പ്രതിഷേധത്തിൽ അക്രമികൾ വന്നതും പോയതും പൊലീസ് വാഹനത്തിലാണെന്ന ഗുരുതര ആരോപണവും ഗവർണർ ഉന്നയിച്ചു.
ഗവർണർ വാഹനത്തിൽനിന്ന് ഇറങ്ങാൻ പാടില്ലായിരുന്നുവെന്നും പ്രോട്ടോക്കോൾ ലംഘിച്ചത് ഗവർണറാണെന്നും മന്ത്രിമാരടക്കം ആരോപിച്ചിരുന്നു. എന്നാൽ തനിക്കെതിരേ ആക്രമണവും കല്ലേറും ഉണ്ടായ പശ്ചാത്തലത്തിലാണ് പുറത്തിറങ്ങിയതെന്നായിരുന്നു ഗവർണറുടെ വിശദീകരണം. വാഹത്തിനരകത്ത് ഇരുന്നാൽ താൻ പരിക്കേൽക്കപ്പെടും എന്ന സാഹചര്യം ഉണ്ടായപ്പോഴാണ് പുറത്തിറങ്ങിയതെന്നാണ് ഗവർണർ വ്യക്തമാക്കിയത്. കണ്ണൂരിലും സമാന ആക്രമണം ഉണ്ടായിരുന്നു. തുടരെത്തുടരെ തന്നെ അപായപ്പെടുത്താനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും ഗവർണർ പറയുന്നു. എന്നാൽ തനിക്ക് ഭയമില്ലെന്നും പ്രതിഷേധങ്ങൾ അഭിമുഖീകരിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്ന് ഗവർണർ ആരോപിച്ചു. വിദ്യാർത്ഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണ്. തനിക്കെതിരായ ആക്രമണം ആസൂത്രിതമാണ്. പൊലീസ് പ്രതിഷേധക്കാരെ സഹായിച്ചു. പ്രതിഷേധം കണ്ട് താൻ കാറിൽ ഇരിക്കണമായിരുന്നോ?. പൊലീസ് അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ലെന്നും ഗവർണർ ആരോപിച്ചു.
'' തനിക്കെതിരെയുണ്ടായ അക്രമം മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമുള്ളതായിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടൊണ് ഇതെല്ലാം. മുഖ്യമന്ത്രി മറുപടി പറയണം. കണ്ണൂരിലും സമാന സംഭവങ്ങൾ ഉണ്ടായി. ചെരുപ്പ് എറിഞ്ഞതിന് വധശ്രമത്തിനാണ് കേസെടുത്ത്. പ്രതിഷേധക്കാർ ഇരിക്കുന്നത് പൊലീസ് ജീപ്പിലാണ്. എന്ത് പ്രത്യാഘാതവും നേരിടാൻ തയാറാണ്. ഞാൻ എവിടെയും ഒറ്റയ്ക്ക് നടന്നു പോകാൻ തയാറാണ്. ദൂരെ നിന്ന് കൊടി കാണിച്ചോട്ടെ, പ്രശ്‌നമില്ല. പക്ഷേ എന്റെ കാറിന്റെ അടുത്ത് വന്ന് കൊടി കാണിച്ചാൽ ഓരോ സ്ഥലത്തും ഞാൻ ഇറങ്ങും. ''മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്തത് ?. എന്നെ കരിങ്കൊടി കാണിച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്തത് ?. പെൻഷൻ കൊടുക്കാൻ പോലും പണമില്ലെന്നാണ് സത്യവാങ്മൂലത്തിൽ ചീഫ് സെക്രട്ടറി അറിയിച്ചത്.
''സംസ്ഥാനം പ്രതിസന്ധിയിലാണെങ്കിൽ അക്കാര്യം കേന്ദ്രത്തെ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. സാമ്പത്തിക ഭദ്രത ഉറപ്പുനൽകാൻ കഴിയുന്ന സാഹചര്യമല്ല സംസ്ഥാനത്തെന്നാണ് ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തിൽ അറിയിച്ചത്. എല്ലാത്തിനും മുകളിലാണ് നിയമം'' ഗവർണർ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിഷേധവുമായി പാഞ്ഞടുത്ത എസ് എഫ്‌ഐ പ്രവർത്തകരെ കാറിൽനിന്നിറങ്ങി ഗവർണർ വെല്ലുവിളിച്ചിരുന്നു. 'ആരാണ് ഇവിടത്തെ സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ' എന്നു ചോദിച്ച ഗവർണർ പ്രതിഷേധക്കാരെ 'ബ്ലഡി ഫൂൾസ്, ക്രിമിനൽസ്' എന്നു വിളിച്ചു. അടിക്കാൻ വന്നവരാണെങ്കിൽ വരാൻ വെല്ലുവിളിച്ച ഗവർണർ, പേടിച്ചോടുന്നയാളല്ല താനെന്നും പൊട്ടിത്തെറിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം തന്നെ കായികമായി ആക്രമിക്കാനാണു ശ്രമിച്ചതെന്നും തലസ്ഥാനത്തു ഗുണ്ടാരാജാണെന്നും ആരോപിച്ചു.


