തിരുവനന്തപുരം: ഗവർണറുടെ പ്രീതി നഷ്ടപ്പെട്ട ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇനി എങ്ങനെ മന്ത്രിസഭയിൽ തുടരും? രാജ്യത്ത് ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത നടപടിയാണ് ഗവർണർ ഇന്ന് കൈക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി കഴിഞ്ഞാൽ മന്ത്രിസഭയിലെ രണ്ടാമനായ ബാലഗോപാലിനെ ഗവർണർ ലക്ഷ്യമിട്ടത് സർക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ പ്രീതി പിൻവലിച്ചെന്ന ഗവർണറുടെ നിലപാട് നിയമപരമായി നിലനിൽക്കുന്നതാണോയെന്ന വലിയ നിയമപോരാട്ടത്തിനാണ് ഇത് വഴിതുറക്കുന്നത്.

ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിൽ തനിക്ക് തടസമുണ്ടാക്കുന്നെന്ന കാരണമാണ് അപ്രീതിക്ക് കാരണമായി ഗവർണർ ചൂണ്ടിക്കാട്ടുന്നത്. പ്രീതി നഷ്ടമായാൽ മന്ത്രിപദവി പിൻവലിക്കാൻ, നിയമനാധികാരിയായ ഗവർണർക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് രാജ്ഭവൻ വ്യക്തമാക്കുന്നു. അതേസമയം, മന്ത്രിമാരെ പിൻവലിക്കാനുള്ള പ്രീതി നഷ്ടമാകലിന് ഭരണഘടന വ്യാഖ്യാനങ്ങൾ നൽകുന്നില്ല. ഏതൊക്കെ സാഹചര്യത്തിൽ പ്രതീയില്ലാതാകാമെന്നും വിശദീകരണമില്ലെന്നും രാജ്ഭവൻ വ്യക്തമാക്കി.

ഭരണഘടനയുടെ 163, 164 അനുച്ഛേദങ്ങളിൽ ഗവർണർക്കുള്ള അധികാരം ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ മുന്നറിയിപ്പ്. 164പ്രകാരം മുഖ്യമന്ത്രിയെ ഗവർണർ നിയമിക്കുകയും മറ്റ് മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവർണർ നിയമിക്കുകയും വേണം. ഗവർണറുടെ പ്രീതിയുള്ളിടത്തോളം കാലം മന്ത്രിമാർക്ക് പദവിയിൽ തുടരാം. 163പ്രകാരം ഗവർണറെ ചുമതലകൾ നിർവഹിക്കുന്നതിൽ സഹായിക്കാനും ഉപദേശിക്കാനും മുഖ്യമന്ത്രി തലവനായി മന്ത്രിസഭയുണ്ടാവണം. ഭരണഘടനാപരമായ വിഷയങ്ങളിൽ ഗവർണറുടെ വിവേചനം ഉപയോഗിച്ചെടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.

വിവേചനാധികാരം ഉപയോഗിച്ചെന്നോ ഇല്ലെന്നോ ഉള്ള കാരണത്താൽ ഗവർണറുടെ നടപടികളുടെ സാധുത ചോദ്യംചെയ്യപ്പെടാൻ പാടില്ല. മന്ത്രിമാർ ഗവർണർക്ക് നൽകിയ ഉപദേശങ്ങളൊന്നും കോടതിയിൽ വിചാരണ ചെയ്യപ്പെടാൻ പാടില്ല. ഇനി ആക്ഷേപിച്ചാൽ മന്ത്രിസ്ഥാനം പിൻവലിക്കുമെന്ന ഗവർണറുടെ മുന്നറിയിപ്പിന്റെ നിയമസാംഗത്യത്തെച്ചൊല്ലി നിയമവിദഗ്ദ്ധർ രണ്ടുതട്ടിലാണ്. മുൻപെങ്ങും ഇത്തരമൊരു സാഹചര്യമുണ്ടായിട്ടില്ല. ഗവർണറുടെ പ്രീതിയുള്ളിടത്തോളം മന്ത്രിമാർക്ക് പദവിയിൽ തുടരാമെന്നാണ് ഭരണഘടനയിലുള്ളത്.

ഗവർണറുടെ പ്രീതിയിൽ തുടരുന്ന മന്ത്രിയെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമുണ്ട് എന്ന് പറയുന്നവരുമുണ്ട്. നിയമനാധികാരിയായ ഗവർണർക്ക് മന്ത്രിയെ നീക്കം ചെയ്യാനുമാവുമെന്നും പറയുന്നു. ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിന് തടസം എന്നത് മതിയായ കാരണമാണ്. സംസ്ഥാനത്തിന്റെ ഭരണത്തലവനും ഒന്നാം പൗരനുമായ ഗവർണർക്ക് ഇതിന് ഭരണഘടനാപരമായ അധികാരമുണ്ടെന്ന വാദവും സജീവമാണ്. വിവേചനാധികാരമുപയോഗിച്ച് മന്ത്രിയെ പിൻവലിച്ചാൽ ഗവർണർക്കെതിരേ കേസിന് പോവാൻ സർക്കാരിന് കഴിയില്ലെന്ന് ഹൈക്കോടതി റിട്ട ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ വിശദീകരിക്കുന്നുണ്ട്.

എന്നാൽ സ്വന്തം ഇഷ്ടപ്രകാരം മന്ത്രിസ്ഥാനം റദ്ദാക്കാനുള്ള അധികാരം ഗവർണർക്കില്ലെന്ന് ലോകസഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി പറയുന്നു. അങ്ങനെ ചെയ്യുന്നതിനുള്ള അധികാരം ഗവർണർക്ക് ഭരണഘടന നൽകുന്നുമില്ല. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമേ ഗവർണർക്ക് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനാവൂ. ഇന്ത്യൻ ഭരണഘടനയനുസരിച്ച് മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മന്ത്രിമാരെ മാറ്റാൻ ഗവർണർക്ക് അധികാരമില്ല. ഗവർണർക്ക് പ്രീതിയുള്ളിടത്തോളം പദവിയിൽ തുടരാമെന്നു ഭരണഘടനയിൽ പറയുന്നതിലെ 'പ്രീതിയെ' തോന്നിയ രീതിയിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയുടെ അനുവാദമുണ്ടെങ്കിൽ മന്ത്രിയെ മാറ്റുന്നതിനു തടസമില്ല. ഗവർണർ സ്വന്തം നിലയിൽ മന്ത്രിമാരെ നീക്കിയാൽ അത് സമാന്തരഭരണമാകും. ഭരണത്തിൽ ഇടപെടാൻ ഗവർണർക്ക് അധികാരമില്ലെന്നും മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഉപദേശമില്ലാതെ ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാനാവില്ലെന്ന് സുപ്രീംകോടതി അഭിഭാഷകൻ എംആർ അഭിലാഷ് പ്രതികരിച്ചു. മന്ത്രിസഭ നിയമസഭയോടാണ് ഉത്തരവാദിത്തപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മാത്രമേ മന്ത്രിയെ മാറ്റാൻ കഴിയൂ. അതല്ലാതെ ഗവർണർക്ക് രാഷ്ട്രീയമായതോ വ്യക്തിപരമായതോ ആയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരു മന്ത്രിയെ പിൻവലിക്കാനാവില്ല. അത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ അട്ടിമറിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണർ സ്വന്തം നിലയ്ക്ക് മന്ത്രിയെ മാറ്റിയാൽ സർക്കാരിനു കോടതിയെ സമീപിക്കാമെന്ന് മറ്റുചില നിയമവിദഗ്ദ്ധർ വ്യക്തമാക്കി. 356 അനുച്ഛേദപ്രകാരം സർക്കാരുകളെ പിരിച്ചുവിടാൻ ഗവർണർക്ക് രാഷ്ട്രപതിയോട് ശുപാർശ ചെയ്യാൻ അധികാരമുണ്ട്. എന്നാൽ രാഷ്ട്രപതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. ഇതെല്ലാം പുതിയ തലത്തിൽ ചർച്ചയാക്കുന്നതാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കം.