ഇടുക്കി: ജില്ലാ ഇൻഫർമേഷൻ ഓഫീസറുടെ തന്തയ്ക്കു വിളിച്ച് പ്ലാനിങ് ഓഫീസിലെ ഉദ്യോഗസ്ഥൻ. ഇടുക്കി കളക്ടറേറ്റിലെ 2 ജീവനക്കാർ തമ്മിലാണ് സാമൂഹിക മാധ്യമത്തിലെ കമന്റ് ബോക്‌സിൽ ഏറ്റുമുട്ടിയത്. നവംബർ രണ്ടിന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ഉപന്യാസരചന, കഥ കവിത രചന മത്സര

ങ്ങളിൽ പ്ലാനിങ് ഓഫീസിലെ ഉദ്യോഗസ്ഥനായ ജിജിമോൻ ചാക്കോ പങ്കെടുത്തിരുന്നു. തനിക്ക് ലഭിയ്‌ക്കേണ്ടിയിരുന്ന സമ്മാനം ചിലർ ഇടപെട്ട് അനർഹർക്ക് നൽകിയെന്ന തരത്തിൽ ജിജിമോൻ പോസ്റ്റ് ഇട്ടിരുന്നു.

മത്സരം തുടങ്ങി അരമണിക്കൂറിന് ശേഷം ഹാളിൽ പ്രവേശിച്ച ആൾക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്നാണ് ജിജിമോന്റെ ആരോപണം. ഇൻഫർമേഷൻ ഓഫീസിലെ തന്നെ ഏതോ ഒരു ജീവനക്കാരൻ തനിക്ക് സമ്മാനം ഉണ്ടെന്ന് പറഞ്ഞിരുന്നു എന്നും എന്നാൽ ഫലം വന്നപ്പോൾ തനിക്ക് നിരാശപ്പെടേണ്ടി വന്നു എന്നും പോസ്റ്റിൽ ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്. ആരെങ്കിലും പറയുന്ന കാര്യങ്ങൾ കേട്ട് വിശ്വസിക്കുന്ന താങ്കളെ വിഡ്ഢി എന്ന് വിളിക്കാൻ സാധിക്കുകയുള്ളു എന്ന് വ്യക്തമാക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസർ സതീഷ് കുമാർ ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരുന്നു.

ഈ കമന്റിനുള്ള മറുപിടിയിലാണ് ജിജിമോൻ ചാക്കോ ഇൻഫർമേഷൻ ഓഫീസറുടെ തന്തയ്ക്ക് വിളിക്കുന്ന രീതിയിലുള്ള പരാമർശം നടത്തിയിട്ടുളത്.മാത്രമല്ല നേരിൽ കണ്ടാൽ ശരിപ്പെടുത്തി കളയും എന്ന ധ്വനിയിലുള്ള ഭീഷണിയും ഇയാൾ പങ്കു വച്ചിട്ടുണ്ട്. മുമ്പ് ഇൻഫർമേഷൻ ഓഫീസിൽ സർവ്വത്ര അഴിമതിയാണ് എന്ന തരത്തിൽ ജിജിമോൻ സാമൂഹിക മാധ്യമത്തിൽ കുറിപ്പിട്ടിരുന്നു.

ഓഫീസിലെ തന്നെ വനിതാ ജീവനക്കാർ ഇയാളുടെ സ്വഭാവ ദൂഷ്യത്തിനെതിരെ പരാതി നൽകിയിയതായും ഇതിനുമുമ്പും ഇയാൾ സാമൂഹിക മാധ്യമത്തിൽ സർക്കാരിനെതിരെ പലപ്പോഴും കുറിപ്പുകൾ ഇട്ടിട്ടുണ്ടെന്നും മറ്റുമുള്ള വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ഇടുക്കി മെഡിക്കൽ കോളേജിലെ കെട്ടിട നിർമ്മാണത്തെ എതിർത്ത് കടങ്കഥ രൂപത്തിൽ ജിജിമോൻ കവിത എഴുതിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥൻ ഇത്തരം കാര്യങ്ങളിൽ പരാതിയുണ്ടെങ്കിൽ മേലുദ്യോഗസ്ഥനെ അറിയിക്കുക എന്നുള്ളതല്ലാതെ സോഷ്യൽ മീഡിയയിൽ സർക്കാരിനെ കളങ്കപ്പെടുത്തുന്ന തരത്തിൽ ഒന്നും എഴുതരുത് എന്നതാണ് സർവീസ് ചട്ടം.

സർക്കാരിനെതിരെ ഇയാൾ ഇട്ട പോസ്റ്റിന് താഴെ സർക്കാരിനെ വിമർശിച്ചുകൊണ്ട് നിരവധി കമന്റുകളും വന്നു ചേർന്നിട്ടുണ്ട്. സർക്കാരും വിമുക്ത ഭടന്മാരുടെ സംഘടനയും ഇയാൾക്കെതിരെ നടപടി എടുക്കണം എന്നാണ് ഇടുക്കി കളക്ടറേറ്റിലെ ജീവനക്കാരിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.