- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണർക്ക് പുല്ലുവില നൽകി ചീഫ്സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും പൊലീസ് മേധാവിയും; സാങ്കേതിക സർവകലാശാലാ വി സിക്ക് സംരക്ഷണം നൽകണമെന്ന നിർദ്ദേശം അവഗണിച്ചു; വി സിക്ക് സർവകലാശാലയിൽ എത്താനായില്ല; പുറത്തിറങ്ങിയാൽ അപകടമെന്ന് സ്പെഷ്യൽ ബ്രാഞ്ച്; ഗവർണർ നിയമിച്ച വി സിയെ സമരം ചെയ്ത് തോൽപ്പിക്കാൻ സർക്കാർ
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലറുടെ ചുമതലയുള്ള പ്രൊഫ. സിസാ തോമസിന് പൂർണ സുരക്ഷയൊരുക്കണമെന്നും ജോലി ചെയ്യാൻ സാഹചര്യമൊരുക്കണമെന്നുമുള്ള ഗവർണറുടെ നിർദ്ദേശത്തിന് പുല്ലുവില നൽകി ഉദ്യോഗസ്ഥ മേധാവികൾ. ചീഫ്സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി എന്നിവർക്കാണ് ഈ നിർദ്ദേശം രേഖാമൂലം ഗവർണർ നൽകിയിരുന്നത്. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്രകുമാർ ദൊഡാവത് ഒപ്പിട്ട നിർദ്ദേശം ഇവർക്കെല്ലാം നേരിട്ട് കൈമാറുകയായിരുന്നു. എന്നാൽ ഇവരാരും ഗവർണറുടെ നിർദ്ദേശം ചെവിക്കൊണ്ടില്ല.
വി സിയെ സർവകലാശാലയിൽ എത്തിക്കാൻ ഔദ്യോഗിക കാറും ഡ്രൈവറും രാവിലെ തയ്യാറായി. എന്നാൽ ഏതാനും വിദ്യാർത്ഥികൾ സർവകലാശാലാ കവാടത്തിൽ കാർ തടഞ്ഞു. ഡ്രൈവറെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഇതോടെ വി സിക്ക് സർവകലാശാലയിൽ എത്താനായില്ല. സ്വന്തം കാറിൽ സർവകലാശാലയിൽ എത്താനുള്ള വി സിയുടെ ശ്രമം പൊലീസ് തടഞ്ഞു. വിദ്യാർത്ഥികൾ കാറിനു മുന്നിൽ ചാടിവീഴാനിടയുണ്ടെന്നും സമരം കടുക്കുമെന്നും പൊലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തതോടെ വി സി സർവകലാശാലയിലേക്കുള്ള യാത്ര ഉപേക്ഷിച്ചു. സാങ്കേതിക സർവകലാശാലാ ഡയറക്ടറേറ്റിലെ ഓഫീസിലിരുന്നാണ് സിസാതോമസ് സർവകലാശാലയിലെ ചുമതലകൾ നിർവഹിച്ചത്. സർക്കാരുമായി ആലോചിക്കാതെ വി സിയുടെ ചുമതല ഗവർണർ സിസാ തോമസിന് നൽകിയതിനെതിരേ സർക്കാരിന്റെ ഹർജിയിൽ വെള്ളിയാഴ്ച ഹൈക്കോടതി വിധിപറയും. അതുവരെ സർവകലാശാലയിൽ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സമരം തുടരും. അനധികൃതമായി സമരം ചെയ്യുന്ന ജീവനക്കാരുടെ വിവരം നൽകാൻ രാജ്ഭവൻ വി സിക്ക് നിർദ്ദേശം നൽകിയിരുന്നു.
സുപ്രീംകോടതി നിയമനം റദ്ദാക്കിയ ഡോ. എം.എസ്. രാജശ്രീക്ക് പകരം സാങ്കേതിക സർവകലാശാല വി സിയുടെ ചുമതലയേൽക്കാനെത്തിയ സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടർ പ്രൊഫ. സിസാ തോമസിനെ സർവകലാശാലയിൽ തടഞ്ഞിരുന്നു. ജീവനക്കാരും എസ്.എഫ്.ഐ പ്രവർത്തകരും ചേർന്ന് തടഞ്ഞുവച്ച വി സിയെ പൊലീസെത്തിയാണ് സർവകലാശാലയിൽ കടത്തിയത്. ഒപ്പുവച്ച് ചുമതലയേൽക്കാൻ പ്രൊഫ. സിസയ്ക്ക് രജിസ്റ്റർ നൽകിയില്ല. രജിസ്ട്രാർ സ്ഥലത്തില്ലെന്നായിരുന്നു വി സിയെ അറിയിച്ചത്. ഇതേത്തുടർന്ന് വെള്ളപേപ്പറിൽ ജോയിനിങ് റിപ്പോർട്ട് എഴുതി രജിസ്ട്രാറുടെ ഓഫീസിലെത്തിച്ച വി സി, ഇത് ഉടനടി ഗവർണർക്ക് കൈമാറാനും നിർദ്ദേശിക്കുകയായിരുന്നു. പിന്നീട് ഗവർണറെ സന്ദർശിച്ച വി സിക്ക് പൂർണ സുരക്ഷിതത്വം ഗവർണർ ഉറപ്പു നൽകിയതാണ്.
സർക്കാർ നിർദ്ദേശിച്ച രണ്ടു പേരുകൾ തള്ളി ഗവർണർ ചുമതലയേൽപ്പിച്ചതാണ് സിസാതോമസിനെതിരേ പ്രതിഷേധമുയരാൻ കാരണം. ഡിജിറ്റൽ സർവകലാശാലാ വി സി സജി ഗോപിനാഥ്, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയി എന്നിവർക്ക് ചുമതല നൽകണമെന്ന സർക്കാരിന്റെ ശുപാർശയാണ് ഗവർണർ തള്ളിയത്. വി സിയുടെ ചുമതല കൈമാറാൻ, ഗവർണർ ആവശ്യപ്പെട്ട ബാർട്ടൺഹിൽ, സി.ഇ.ടി എൻജിനീയറിങ് കോളേജുകളിലെ സീനിയർ പ്രൊഫസർമാരുടെ പട്ടിക സർക്കാർ കൈമാറാത്തതി?നാൽ സ്വന്തം നിലയിലാണ് ഗവർണർ വി സിയുടെ ചുമതല സിസാതോമസിന് കൈമാറി ഉത്തരവിറക്കിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്