- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലഗോപാലിന്റെ അപ്രീതിയിൽ ഒതുങ്ങില്ല ഗവർണറുടെ കലിപ്പ്; അടുത്ത നീക്കം മന്ത്രി ആർ.ബിന്ദുവിനെയും അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പിനെയും ലക്ഷ്യമാക്കി; ഇരുവരോടും ഉള്ള പ്രീതി നഷ്ടമായെന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകും; കണ്ണൂർ വി സി പുനർനിയമന കേസിൽ ഇരുവരും തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ തുടരുന്നതിൽ തനിക്കുള്ള അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ച ഗവർണർ അടുത്തതായി നീങ്ങുന്നത് മന്ത്രി ആർ.ബിന്ദുവിനെയും അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറിപ്പിനെയും ലക്ഷ്യമിട്ടാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഇരുവരെയും നിയമിക്കുന്നത് താനാണെന്നും തനിക്ക് ഇവരിലുള്ള പ്രീതി നഷ്ടമായെന്നും മുഖ്യമന്ത്രിക്ക് ഗവർണർ കത്ത് നൽകും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുമായി ഇക്കാര്യത്തെക്കുറിച്ച് ഗവർണർ കൂടിയാലോചന നടത്തി. ഇരുവരും തന്നെ തെറ്റിദ്ധരിപ്പിച്ച് സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട് ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നേടിയെടുത്തെന്നാണ് ഗവർണറുടെ വിലയിരുത്തൽ.
ഗവർണർ ആവശ്യപ്പെടാതെയാണ് എ.ജി നിയമോപദേശം നൽകിയത്. പുനർനിയമനത്തിൽ ഗവർണർക്ക് വ്യത്യസ്ത അഭിപ്രായമായിരുന്നു. നിയമപരമായി നിലനിൽക്കുമോ എന്നായിരുന്നു സംശയം. സെലക്ഷൻ നടപടികൾ പുരോഗമിക്കവേ ഇത്തരമൊരു ആവശ്യം നിയമപരമായി അംഗീകരിക്കാനാവാത്തതാണെന്ന് ഗവർണർ നിലപാടെടുത്തു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും ഏത് നിയമപരിശോധനയിലും നിയമപരമായി നിലനിൽക്കുന്നതാണെന്നും നിയമോപദേശകൻ അറിയിച്ചു. സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഏതാനും പേപ്പറുകൾ അദ്ദേഹം കാട്ടി. ഒപ്പിടാത്ത ഈ പേപ്പറുകളുടെ ആധികാരികത എന്താണെന്ന് ഗവർണർ ചോദിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശമാണെന്ന് പറഞ്ഞ നിയമോപദേശകൻ, പുനർനിയമനത്തിനുള്ള സർക്കാരിന്റെ ആവശ്യം പരിഗണിക്കണമെന്ന് നിർബന്ധിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ ഒപ്പും സീലുമില്ലാത്ത ഉപദേശത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് ഗവർണർ പറഞ്ഞപ്പോൾ, ഒപ്പും സീലുമുള്ള നിയമോപദേശം ഉടൻ ഹാജരാക്കാമെന്നായിരുന്നു നിയമോപദേശകന്റെ മറുപടി.
പുനർനിയമനത്തിന് നിയമപരമായി തടസമില്ലെന്നും കണ്ണൂർ യൂണിവേഴ്സിറ്റി ആക്ടിൽ വി സിയുടെ പ്രായപരിധി അറുപത് വയസാണെങ്കിലും യുജിസി മാനദണ്ഡത്തിൽ ഇങ്ങനെയില്ലെന്നും അഡ്വക്കേറ്റ് ജനറലിന്റെ എട്ടുപേജുള്ള നിയമോപദേശത്തിലുണ്ടായിരുന്നു. യുജിസി മാനദണ്ഡത്തിന് വിരുദ്ധമായതിനാൽ സർവകലാശാലാ ചട്ടം നിലനിൽക്കില്ല. ഗവർണർ പുനർനിയമന ശുപാർശ അംഗീകരിക്കുകയാണെങ്കിൽ, സെർച്ച് കമ്മിറ്റി വിജ്ഞാപനം പിൻവലിക്കണമെന്നും പ്രോചാൻസലറായ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പുനർനിയമനത്തിന് ശുപാർശ നൽകാൻ അനുവദിക്കണമെന്നും എ.ജിയുടെ ഉപദേശത്തിലുണ്ടായിരുന്നു.
ഉന്നതവിദ്യാഭ്യാസ മന്ത്രിയും എ.ജിയുടെ നിയമോപദേശം രാജ്ഭവനിലേക്ക് അയച്ചു. എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച ഫയലിൽ നടപടി തുടരുകയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ശുപാർശ സ്വീകരിക്കാൻ ഗവർണർ സമ്മതിക്കുകയുമായിരുന്നുവെന്നാണ് ഗവർണർ മുഖ്യമന്ത്രിക്ക് നേരത്തേ അയച്ച കത്തിൽ വിശദീകരിക്കുന്നത്. പുനർനിയമനത്തിന് സർവകലാശാലാ നിയമത്തിൽ വകുപ്പുണ്ടെങ്കിലും നിയമിക്കപ്പെടുമ്പോൾ അറുപത് വയസ് കഴിയരുതായിരുന്നു. യുജിസി മാനദണ്ഡത്തിൽ പ്രായപരിധി പറയുന്നില്ലെങ്കിലും പുനർനിയമനത്തിന് വ്യവസ്ഥയില്ല. നിയമനം സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന പാനലിൽ നിന്നായിരിക്കണം. ഇത് മറച്ചുവച്ചായിരുന്നു എ.ജിയുടെ നിയമോപദേശമെന്ന് ഗവർണർ പറയുന്നു.
സർവകലാശാലാ നിയമപ്രകാരം പ്രോ ചാൻസലറായ മന്ത്രിക്ക് ഭരണകാര്യങ്ങളിൽ ഇടപെടാനാവില്ലെന്നിരിക്കെയാണ് വി സിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി വിജ്ഞാപനം റദ്ദാക്കാൻ മന്ത്രി ബിന്ദു കത്തിലൂടെ ആവശ്യപ്പെട്ടത്. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ കണ്ണൂർ സർവകലാശാല നിയമത്തിലെ സെക്ഷൻ10(10) പ്രകാരം തടസമില്ലെന്നും ഇതിന് പ്രായപരിധി തടസമല്ലെന്നുമായിരുന്നു ഒരു കത്തിലുണ്ടായിരുന്നത്. പ്രോ ചാൻസലർ എന്ന നിലയിലുള്ള അവകാശമുപയോഗിച്ച് ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ ശുപാർശ ചെയ്യുന്നെന്നാണ് രണ്ടാംകത്ത്. ഈ കത്തുകളിലൂടെ മന്ത്രി ബിന്ദു അധികാരദുർവിനിയോഗം നടത്തിയെന്നാണ് ഗവർണറുടെ വിലയിരുത്തൽ. പുനർനിയമനം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിയമനം റദ്ദാക്കപ്പെട്ടാൽ സർക്കാരിന് അത് വൻ തിരിച്ചടിയായിരിക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്