തിരുവനന്തപുരം: കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലർ പദവിയിൽ നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കി. ഇതുസംബന്ധിച്ച ഉത്തരവ് സാംസ്‌കാരിക വകുപ്പ് പുറത്തിറക്കി. 2006 മുതൽ ഗവർണറാണ് കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലർ. ഗവർണറെ നീക്കുന്നതിനായി ചട്ടത്തിൽ ഭേദഗതി വരുത്തിയാണ് ഉത്തരവിറക്കിയത്.

കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ചാൻസലറാക്കാനാണ് നിലവിലെ തീരുമാനം. അഞ്ച് വർഷത്തേക്കാകും കാലാവധി. 75 വയസ് പ്രായപരിധിയും ഇതിനായി തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 14 സർവകലാശാലകളിലെയും ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ മാറ്റുന്നതിനുള്ള ഓർഡിനൻസിന് കഴിഞ്ഞ ദിവസം മന്ത്രിസഭ യോഗം അനുമതി നൽകിയിരുന്നു. ഇതിന്റെ പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.

കലാമണ്ഡലം കൽപ്പിത സർവ്വകലാശാലയുടെ റൂൾസ് & റെഗുലേഷൻ പ്രകാരം ചാൻസലറെ നിയമിക്കാൻ ഉള്ള അധികാരം സംസ്ഥാന സർക്കാരിലാണ് നിക്ഷ്പ്തമായിരിക്കുന്നത്. ഈ അധികാരം ഉപയോഗിച്ചാണ് സാംസ്‌കാരിക വകുപ്പ് ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കി സർക്കാർ ഉത്തരവ് ഇറക്കിയത് .

2015 ലെ സർക്കാർ ഉത്തരവ് GO (ms) 39/2015/CAD 12.11.2015 പ്രകാരം ആണ് കലാമണ്ഡലം സർവ്വകലാശാലയുടെ ചാൻസലറായി ഗവർണർ പദവിയിൽ തുടരുന്ന വ്യക്തി ആയിരിക്കും ചാൻസലർ എന്ന വ്യവസ്ഥ ഉൾച്ചേർത്തത്. ഇതിൽ ഭേദഗതി വരുത്തിയാണ് ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. കലാ സാംസ്‌കാരിക മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രഗൽഭരെ നിയമിക്കുന്നതിന് മുന്നോടിയായിട്ടാണ് ചാൻസലർ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. പുതിയ ചാൻസലർ ചുമതലയേറ്റെടുക്കും വരെ പ്രോ ചാൻസലർ ചാൻസലറുടെ ചുമതല വഹിക്കും

അതേസമയം, സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള തീരുമാനവുമായി മുന്നോട്ട് തന്നെ പോകുമെന്ന് മന്ത്രി ആർ ബിന്ദു. ഗവർണർ തന്റെ ഉത്തരവാദിത്തം നിർവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർവകലാശാലകളിലെ ചാൻസലർമാരെ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരായിരിക്കും. ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചില്ലെങ്കിൽ സഭയിൽ ബില്ല് പാസാക്കും. ഓർഡിനൻസിന്റെ കാര്യത്തിൽ അനിശ്ചിതത്വമില്ലെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ ആർ ബിന്ദു വ്യക്തമാക്കി.