- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടേറിയറ്റിലെ തസ്തികകൾ പലതും വെട്ടിചുരുക്കും; വെറുതേ ഇരുന്ന് ശമ്പളം വാങ്ങാൻ പറ്റില്ല; ഓഫീസുകളിൽ ആൾക്കൂട്ടം ഒഴിവാക്കും; പ്യൂൺമാർക്കും ടൈപ്പ് റൈറ്റർമാർക്കും പകരം ജോലി; സെക്രട്ടേറിയറ്റിലെ ജീവനക്കാരെ വെട്ടിനിരത്താൻ പിണറായി വിജയൻ പ്രത്യേക സമിതിയെ നിയോഗിക്കുമ്പോൾ
തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ അധികമുള്ള ജീവനക്കാരെ പുനർവിന്യസിക്കാനും അപ്രസക്തമായ തസ്തികകൾ വെട്ടിചുരുക്കാനുമുള്ള നടപടികളുമായി പിണറായി വിജയൻ സർക്കാർ മുന്നോട്ട്. ഏറെ നാളായി ഇത് സംബന്ധിച്ച നടപടികൾ ആരംഭിച്ചെങ്കിലും സെക്രട്ടറിയേറ്റിലെ ഇടതുപക്ഷ സംഘടനകൾ ഉൾപ്പടെ എതിർത്തതോടെ നടപടികൾ നിലച്ചിരുന്നു.
പരിഷ്‌ക്കാരങ്ങൾ സംബന്ധിച്ച് മൂന്ന് സമിതികൾ പഠനം നടത്തി ശുപാർശകൾ നൽകിയിരുന്നു. ഭരണ പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട്, ഉദ്യോഗസ്ഥ പരിഷ്‌ക്കാര കമ്മിഷൻ റിപ്പോർട്ട്, ശമ്പള പരിഷ്‌ക്കാര കമ്മീഷൻ റിപ്പോർട്ട് എന്നിവയാണ് സർക്കാരിന് മുന്നിലുള്ളത്. എന്നാൽ ശുപാർശകൾ നടപ്പാക്കാനൊരുങ്ങുമ്പോൾ സംഘടനകൾ എതിർപ്പുമായി രംഗത്ത് എത്തും. ഇതോടെ ഇക്കാര്യം ശാസ്ത്രീയമായി പഠിക്കാൻ വിദഗ്ദധ സമിതിയെ നിയോഗിക്കാമെന്നും സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി സംഘടനാ നേതാക്കളെ അറിയിച്ചിരുന്നു.
എന്നാൽ സമിതി രൂപീകരണം അനന്തമായി നീണ്ടു. ഇനി ഇത് സംബന്ധിച്ച് നടപടികളുണ്ടാകില്ലെന്ന് കരുതിയിരുന്നപ്പോഴാണ് റിട്ട. പ്രിൻസിപ്പൽ സെക്രട്ടറി സെനന്തിൽ സമിതി ചെയർമാനും പൊതുഭരണ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ കൺവീനറുമായി സമിതി നിശ്ചയിച്ച് സർക്കാർ ഉത്തരവായത്. പൊതു ഭരണ വകുപ്പ് റിട്ട. അഡീഷണൽ സെക്രട്ടറി രാജാറാം തമ്പി, പൊതുഭരണ വകുപ്പ്് റിട്ട.അഡീഷണൽ സെക്രട്ടറി എൻ കെ ശ്രീകുമാർ, ധനകാര്യ വകുപ്പ് റിട്ട.അഡീഷണൽ സെക്രട്ടറി എൻ എം രവീന്ദ്രൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
മൂന്ന് മാസത്തിനകം, സമിതി സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഇതോടെ പല തസ്തികകളും വെട്ടിചുരുക്കുമെന്നാണ് വിവരം. ഇ ഓഫീസ് സംവിധാനമായതോടെ പ്യൂൺമാരുടെയും ഓഫീസ് അസിസ്റ്റന്റുമാരുടെയും സേവനം പല ഓഫീസുകളിലും ആവശ്യമില്ല. ഇവരെ മറ്റേതെങ്കിലും ഓഫീസുകളിലേക്ക് മാറ്റുകയാണ് ലക്ഷ്യം. താരതമ്യേന ജോലിഭാരം കുറഞ്ഞ സെക്ഷനുകളിൽ സ്വാധീനം ഉപയോഗിച്ച് ഇഷ്ടക്കാർക്കായി തസ്തികകൾ സൃഷ്ടിച്ച് നൽകിയിട്ടുണ്ട്. അതും ഇല്ലാതാക്കും. താഴേതട്ടു മുതൽ മേൽതട്ടിൽ അഡീഷണൽ സെക്രട്ടറി വരെയുള്ള തസ്തികകൾ ഇത്തരത്തിൽ വെട്ടിചുരുക്കും. അതേസമയം കാലാനുസൃതമായി ഏതെങ്കിലും തസ്തിക ആവശ്യമാണെങ്കിൽ അത് സംബന്ധിച്ച് സമിതി ശുപാർശയും നൽകും.
സെക്രട്ടറിയറ്റിലെ ഭരണ പരിഷ്‌കരണം സംബന്ധിച്ച ഭരണ പരിഷ്‌കാര കമ്മിഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങളും ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ഭരണ പരിഷ്‌ക്കരണം സംബന്ധിച്ച റിപ്പോർട്ടും പരിശോധിച്ച ശേഷം റിപ്പോർട്ടുകളിലെ നിർദ്ദേശങ്ങളിൽ സമീപ ഭാവിയിൽ നടപ്പിലാക്കേണ്ടവ, സമീപഭാവിയിൽ നടപ്പാക്കേണ്ടവ, സമയമെടുത്ത് നടപ്പിലാക്കേണ്ടവ എന്നിങ്ങനെ തരംതിരിച്ച് നൽകണം. ഇതിനകം നടപ്പിലാക്കിയതും പുതുതായി നടപ്പിലാക്കുന്നതുമായ പരിഷ്‌കരണങ്ങൾക്കനുസൃതമായി നിലവിലുള്ള സർവീസ് ചട്ടങ്ങളിലും നിയമങ്ങളിലും വരുത്തേണ്ട മാറ്റങ്ങളും സമിതി നിർദ്ദേശിക്കും.
സമിതിക്ക് ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകുന്നതിനായുള്ള മാനേജ്മന്റ് കൺസൾട്ടൻസിക്കായി കോഴിക്കോട് ഐ.ഐ.എം ന്റെ സേവനം ഉപയോഗിക്കാമെന്നും ഉത്തരവിലുണ്ട്. സെക്രട്ടറിയറ്റിലെ വിവിധ വകുപ്പുകളിലെ മേലുദ്യോഗസ്ഥരുമായി സമിതിക്ക് ആവശ്യമായ ചർച്ചകൾ നടത്താനും അധികാരമുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്