- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്കും പാക്കിസ്ഥാനും നോട്ടിലെ സെക്യൂരിറ്റി ത്രഡ് നൽകിയിരുന്നത് ഒരേ കമ്പനി; കമ്പനി പ്രതിനിധിക്ക് ഐഎസ്ഐയിൽ നിന്ന് കിട്ടിയത് കോടികൾ; ചിദംബരത്തിന്റെ മുൻ ധനകാര്യ സെക്രട്ടറിക്കെതിരെ കേസെടുത്ത് സിബിഐ; കറൻസി കുംഭകോണം ചർച്ചയാക്കി ബിജെപി; നോട്ടുനിരോധനത്തിനുശേഷം 99 ശതമാനം നോട്ടുകൾ തിരിച്ചുവന്നത് ഇങ്ങനെയോ?
ന്യൂഡൽഹി: ഇന്ത്യയിൽ ഇന്നും വലിയ ചർച്ചയായ സംഭവമാണ് 2016ലെ നോട്ട് നിരോധനം. ഈയിടെ സുപ്രീംകോടതി ഇതിനുള്ള കേന്ദ്രത്തിന്റെ അധികാരം ശരിവെച്ചിരുന്നു. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ദുരന്തങ്ങളിൽ ഒന്നായാണ് പല സാമൂഹിക നിരീക്ഷകരും നോട്ടുനിരോധനത്തെ കണക്കാക്കുന്നത്. സ്വന്തം അക്കൗണ്ടിലെ പണത്തിന് ക്യൂ നിന്ന് നിരവധി പേർ മരിച്ചത് അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ വിലയിടിച്ചു. ഇന്ത്യയുടെ വളരുന്ന സമ്പദ് വ്യവസ്ഥ വലിയ രീതിയിൽ പിറകോട്ട് അടിച്ചു. പക്ഷേ അപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും പറഞ്ഞിരുന്നത്, പാക്കിസ്ഥാനിൽനിന്ന് വലിയ തോതിൽ കള്ളനോട്ടുകൾ ഇന്ത്യയിൽ എത്തിയിരിക്കയാണെന്നും, നോട്ട് നിരോധനത്തിന്ശേഷം 70 ശതമാനം നോട്ടുകളേ തിരിച്ചെത്തുള്ളൂ എന്നുമായിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 99 ശതമാനം നോട്ടുകളും റിസർവ് ബാങ്കിന്റെ കൈയിൽ തിരിച്ചെത്തി. ഇതോടെ തീർത്തും അനാവശ്യമായിരുന്നു നോട്ട് നിരോധനം എന്ന് വലിയ വിമർശനങ്ങളും ഉയർന്നു.
പക്ഷേ കഴിഞ്ഞ ദിവസം ഉണ്ടായ ഒരു അറസ്റ്റ് ചൂണ്ടിക്കാട്ടി ബിജെപി വൃത്തങ്ങൾ നോട്ട് നിരോധിക്കാനിടയായ സാഹചര്യവും, ഇതിന് പിന്നിലെ അന്താരാഷ്ട്ര ഗുഢാലോചനയും വിശദീകരിക്കയാണ്. മുൻ ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാമിനെ സിബിഐ ചോദ്യം ചെയ്തതും കേസ് എടുത്തതുമാണ് സംഘപരിവാർ വൃത്തങ്ങൾ നോട്ട് നിരോധനത്തിന് പിന്നിലെ കാണാക്കുരുക്കായി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യക്കും പാക്കിസ്ഥാനും നോട്ടിലെ സെക്യൂരിറ്റി ത്രഡ് നൽകിയിരുന്നത് ഒരേ കമ്പനിയാണെന്നും ഇതിന് പ്രതിഫലമായി കമ്പനി പ്രതിനിധിക്ക് ഐസ്ഐയിൽ നിന്ന് കോടികൾ കിട്ടിയെന്നും പറയുന്നുണ്ട്. ഇതിന് ഇടനില നിന്നത് മുൻ ധനകാര്യമന്ത്രിയായ ചിദംബരത്തിന്റെ സെക്രട്ടറിയായ അരവിന്ദ് മായാറാം ആണെന്നാണ് ആരോപണം.
ആരാണ് അരവിന്ദ് മായാറാം?
എന്നും രാഹുൽ ഗാന്ധിയുടെ ഉറ്റമിത്രമായ അരവിന്ദ് മായറാമിന്റെ വേരുകൾ രാജസ്ഥാനിലാണ്. 1950കളിൽ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്ന ജുഗൽ കിഷോർ ചതുർവേദിയുടെ ചെറുമകനാണ് ഇദ്ദേഹം. ചതുർവേദിയുടെ മകൾ ഇന്ദിരാ മായാറാം സാംഗനീറിൽ നിന്ന് രണ്ടു വട്ടം നിയമസഭാംഗവും ആദ്യ അശോക് ഗെലോട്ട് സർക്കാരിൽ ധന-നികുതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമായിരുന്നു. എന്നാൽ ഇന്ദിരയുടെ മകൻ അരവിന്ദ് മായാറാമിന് രാഷ്ട്രീയത്തേക്കാൾ ഇഷ്ടം ഭരണനിർവഹണമായിരുന്നു. 1978 ബാച്ച് രാജസ്ഥാൻ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായി സർവ്വീസ് ആരംഭിച്ച അരവിന്ദ് മായാറാം ഒടുവിൽ രാജ്യത്തിന്റെ ധനകാര്യ സെക്രട്ടറിയായാണ് വിരമിച്ചത്.
രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടില്ലെങ്കിലും മുത്തച്ഛനേക്കാളും അമ്മയേക്കാളും നെഹ്റു കുടുംബത്തിന്റെ വിശ്വസ്തത സമ്പാദിക്കാനും അരവിന്ദിന് കഴിഞ്ഞു. ഡിസംബർ 1ന് രാജസ്ഥാനിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽഗാന്ധിക്കൊപ്പം കൈകോർത്തുനീങ്ങുന്ന അരവിന്ദിനെ കാണാനുമായി.
സോണിയാഗാന്ധിയുടേയും ധനമന്ത്രി പി. ചിദംബരത്തിന്റെയും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെയും ഏറെ വിശ്വസ്തനായ അരവിന്ദ് മായാറാം ഇന്ന് സിബിഐ തേടുന്ന സുപ്രധാന കേസിലെ പ്രതിയാണ്. ഇന്ത്യയെ നോട്ട് നിരോധനത്തിലേക്കടക്കം നയിച്ചതെന്ന് കരുതപ്പെടുന്ന രാജ്യത്തെ കറൻസി അട്ടിമറിക്കേസിലെ പ്രധാന പ്രതി. അഴിമതിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അരവിന്ദ് മായാറാമിന്റെ വീടുകളിൽ റെയ്ഡ് നടത്തിയ സിബിഐ, യുപിഎ ഭരണകാലത്തെ മറ്റൊരു വൻഅഴിമതി കൂടിയാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഗണത്തിലെ ഏറ്റവും ഗുരുതരമായ ഒന്നായി കറൻസി അട്ടിമറി കേസ് മാറുകയാണ്.
സെക്യൂരിറ്റി ത്രഡ് വിവാദം
നമ്മുടെ കറൻസി നോട്ടുകളിൽ തിളങ്ങുന്ന ഒരു നാട കണ്ടിട്ടില്ലേ. അതാണ് സെക്യൂരിറ്റി ത്രഡ്. പച്ച, നീല നിറങ്ങളിലുള്ള തിളങ്ങുന്ന നാടയാണ് ഒരു നോട്ടിന്റെ ആത്മാവ്. 100 ,500, 1000 നോട്ടുകളിൽ ഉപയോഗിക്കുന്ന സെക്യൂരിറ്റി ത്രെഡുകളുടെ കരാർ 2004 ജൂലൈയിലാണ് യുകെയിലെ ഡാ ലാ റോ ഇന്റർനാഷണൽ ലിമിറ്റഡ് എന്ന കമ്പനിക്ക് ലഭിക്കുന്നത്. വാജ്പേയി സർക്കാർ ഭരണത്തിൽ നിന്ന് മാറി, ഡോ. മന്മോഹൻസിങിന്റെ ഒന്നാം യൂപിഎ സർക്കാർ അധികാരത്തിലേറി രണ്ടാംമാസം ഈ കരാർ യുകെ കമ്പനിക്ക് നൽകിയത് അന്നത്തെ ധനമന്ത്രി പി ചിദംബരമാണ്.
ചിദംബരത്തിന്റെ കാർമികത്വത്തിൽ 2010 വരെ കാര്യങ്ങൾ നന്നായി നീങ്ങി. എന്നാൽ 2010ൽ നമ്മുടെ ഇന്റലിജൻസ് ഏജൻസികൾ ഇതേ ഡാ ലാ റോ കമ്പനി പാക്കിസ്ഥാനും സെക്യൂരിറ്റി ത്രെഡും കറൻസി പേപ്പറും വിതരണം ചെയ്യുന്നുണ്ട് എന്ന് കണ്ടെത്തി. മാത്രമല്ല വെളിച്ചത്തിനൊത്ത് പച്ചയിൽ നിന്ന് നീല നിറമാകുന്ന തരം സെക്യൂരിറ്റി ത്രെഡുകൾ ഇന്ത്യക്ക് വേണ്ടി പ്രത്യേകം വികസിപ്പിച്ച് പേറ്റന്റ് എടുത്തിട്ടുണ്ട് എന്ന കമ്പനിയുടെ അവകാശവാദവും വ്യാജമാണെന്ന് തെളിഞ്ഞു.
ഇന്ത്യൻ റിസർവ് ബാങ്ക് അച്ചടിക്കുന്ന അതേ കടലാസിൽ അതേ സെക്യൂരിറ്റി ത്രെഡ് വെച്ച് നോട്ടുകൾ അച്ചടിക്കാൻ ഇതിൽപ്പരം സൗകര്യം വേറെന്ത് വേണം. അന്വേഷണത്തിൽ മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത കൂടി തെളിഞ്ഞു. ഡാ ലാ റോക്ക് വേണ്ടി കരാർ ഒപ്പിട്ട അനിൽ രാഗ്ബീർ എന്ന വ്യക്തി, 2011ൽ കമ്പനി നൽകുന്ന വേതനത്തിന് പുറമേ 8.2 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചു എന്നു കണ്ടെത്തി. ഈ ഫണ്ട് അയച്ചത് ഐഎസ്ഐ ആണെന്നാണ് ആരോപണം. ഇനി നോട്ട് നിരോധനക്കാലത്ത് ഒരേ സീരിയൽ നമ്പറിൽ ഉള്ള, ആർബിഐ നോട്ടുകളുമായി യാതൊരു വ്യത്യാസവും ഇല്ലാത്ത അനവധി 500, 1000 രൂപാ നോട്ടുകൾ കണ്ടെത്തിയത് ഇതിന്റെ ഭാഗമാണെന്നാണ് സംഘപരിവാർ അനുകൂലികളായ സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ പറയുന്നത്.
കളിച്ചത് ചിദംബരമോ?
2010 വരെ കാര്യങ്ങൾ പുറത്തറിഞ്ഞില്ല. ഇതിനിടയിൽ രണ്ടാം യുപിഎ സർക്കാർ അധികാരത്തിൽ വരികയും ധനകാര്യ വകുപ്പ് ശക്തനായ പ്രണബ് മുഖർജിയുടെ കയ്യിൽ വന്നിരുന്നു. അദ്ദേഹം ഈ ക്രമക്കേട് ശ്രദ്ധയിൽ പെട്ടതോടെ ഡാ ലാ 'റോ വിന്റെ കാരാർ റദ്ദാക്കുകയും കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തു. ഈ സമയം ചിദംബരം ആഭ്യന്തര മന്ത്രിയാണ്.
ആ സമയം പ്രണബ് മുഖർജിക്ക് എതിരേ തിരിഞ്ഞ പാളയത്തിൽ പടയും തർക്കങ്ങളും പലരും ഇപ്പോഴും മറന്നു കാണില്ല. തുടർന്ന് 2012ൽ പ്രണബ് മുഖർജി ധനകാര്യ വകുപ്പ് ഒഴിയുകയും ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ചിദംബരം വീണ്ടും ധനമന്ത്രി ആയി അധികാരമേറ്റു. ശരവേഗത്തിൽ നടപടിക്രമങ്ങൾ നീങ്ങി. ഡാ ലാ റോ കരിമ്പട്ടികയിൽ നിന്ന് നീക്കപ്പെട്ടു. കരാർ പുനഃസ്ഥാപിക്കപ്പെട്ടു. 2015 വരെ കാലാവധിയും നീട്ടി നൽകപ്പെട്ടു. ഈ നടപടിക്രമങ്ങളുടെ ഫയലുകളിൽ ഒപ്പ് വെച്ച കക്ഷിയാണ് സബിഐ കസ്റ്റഡിയിലായ അരവിന്ദ് മായാറാം.
എന്നാൽ ധനമന്ത്രിയുടെ അനുമതിയില്ലാതെ തന്നെ ഡാ ലാ റോയ്ക്ക് 2009 സപ്തംബർ 4 മുതൽ 2011 ജൂൺ 30 വരെയും, 2011 ജൂലൈ 1 മുതൽ 2011 ഡിസംബർ 31 വരെയും, 2012 ജനുവരി 1 മുതൽ ഡിസംബർ 31 വരെയും യുകെ കമ്പനിക്ക് കരാർ നീട്ടി നൽകിയെന്നാണ് സിബിഐ കണ്ടെത്തിയിട്ടുണ്ട്. 2013ൽ സാമ്പത്തിക കാര്യ സെക്രട്ടറിയായിരിക്കെ അരവിന്ദ് മായാറാം 2015 ഡിസംബർ 31വരെ ഈ കമ്പനിക്ക് മൂന്നുവർഷത്തെക്ക് കൂടി കരാർ നീട്ടി നൽകി. ധനമന്ത്രിമാരുടെ അനുമതിയില്ലാതെയാണ് ഈ അനുമതികൾ നൽകിയതെന്നാണ് രേഖകൾ പരിശോധിച്ച സിബിഐ സംഘത്തിന് ബോധ്യമായത്. എന്നാൽ പി. ചിദംബരത്തിന്റെ അറിവോടെയാണ് യുകെ കമ്പനിക്ക് കരാറുകൾ നീട്ടി നൽകിക്കൊണ്ടിരുന്നതെന്നാണ് ധനമന്ത്രാലയ ഉദ്യോഗസ്ഥർ രഹസ്യമായി സമ്മതിക്കുന്നത്. നോട്ടുനിരോധത്തിന് ശേഷവും 99 ശതമാനം നോട്ടുകൾ തിരിച്ചുവന്നതാണ്് ഇങ്ങനെ പാക്കിസ്ഥാനിൽ അടിച്ച 'ഒറിജിനൽ കള്ളനോട്ടുകൾ' വഴിയാണെന്നാണ്, സംഘപരിവാർ വാദം.
ഡാ ലാ റോയുടെ പേറ്റന്റ് രേഖകൾ ശരിയായി പരിശോധിക്കുന്നതിൽ അന്നത്തെ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ പി.കെ ബിശ്വാസിന് വീഴ്ച പറ്റിയെന്നാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്. യാതൊരു തരത്തിലുമുള്ള റദ്ദാക്കൽ വ്യവസ്ഥകൾ (ടെർമിനേഷൻ ക്ലോസ്) ഇല്ലാതെയാണ് കരാർ ഒപ്പുവെച്ചതെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.2006 ഏപ്രിൽ 17നും 2007 സപ്തംബർ 20നും ആർബിഐയും നോട്ട് അച്ചടി ചുമതലയുള്ള സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡും യുകെ കമ്പനിയുടെ സുരക്ഷാ നാഡ പേറ്റന്റ് സംബന്ധിച്ച് അവരുടെ റിപ്പോർട്ടുകൾ ധനമന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. എന്നാൽ ഇവയൊക്കെ തന്നെ നോർത്ത് ബ്ലോക്കിലെ ധനമന്ത്രാലയ ആസ്ഥാനത്ത് ഒതുക്കപ്പെട്ടു.
നോട്ട് അച്ചടിക്കായി 2006ൽ പി. ചിദംബരത്തിന്റെ തീരുമാനപ്രകാരം ആരംഭിച്ച സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ തലപ്പത്തേക്ക് ധനമന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥരായ അരവിന്ദ് മായാറാമും അശോക് ചാവ്ലയും എത്തി. 2016ലെ നോട്ട് നിരോധന സമയം ഒരേ സീരിയൽ നമ്പറിലുള്ള കോടിക്കണക്കിന് നോട്ടുകൾ റിസർവ് ബാങ്കിലേക്ക് തിരികെ എത്തിയതിന്റെ രഹസ്യം ഇനി വിശദീകരിക്കേണ്ട എന്നാണ് ബിജെപി കേന്ദ്രങ്ങൾ പറയുന്നത്.
കേസുമായി സിബിഐ മുന്നോട്ട് പോവുമ്പോൾ കോൺഗ്രസിലും പ്രതിസന്ധി ഏറെയാണ്. അരവിന്ദ് മായാറാമിന് പുറമേ ധനമന്ത്രാലയത്തിലെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലേയും യു.കെ കമ്പനിയിലേയും ഉദ്യോഗസ്ഥരും സിബിഐയുടെ എഫ്ഐആറിൽ പ്രതിപ്പട്ടികയിലുണ്ട്. 2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനു പിന്നാലെ നടന്ന ആദ്യ കാര്യം ധനസെക്രട്ടറി സ്ഥാനത്തുനിന്ന് അരവിന്ദ് മായാറാമിനെ മാറ്റുകയായിരുന്നു. ഇയാളെ ടൂറിസം സെക്രട്ടറിയായും പിന്നീട് ന്യൂനപക്ഷകാര്യ സെക്രട്ടറിയുമായും തരംതാഴ്ത്തി. എന്നാൽ എല്ലാം മോദിയുടെ പകപോക്കലാണെന്ന കോൺഗ്രസ് നേതാക്കൾ പറയുന്നത്. തങ്ങളുടെ കൈകൾ ശുദ്ധമാണെന്നും അവർ വാദിക്കുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ