- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിഴിഞ്ഞം തുറമുഖത്തിന് അടുത്ത് 26,400 കോടിയുടെ ഹരിത ഹൈഡ്രജൻ പദ്ധതി വരുന്നു; 'റിന്യു' പവർ കമ്പനി നിക്ഷേപിക്കുന്നത് പുനരുപയോഗ ഊർജ്ജ മേഖലയിലെ വമ്പൻ പദ്ധതിയിൽ; അയ്യായിരത്തോളം പേർക്ക് സ്ഥിരം തൊഴിൽ നൽകുന്ന പദ്ധതി കേരളത്തിലേക്ക്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് അടുത്തായി ബൃഹത്തായ ഹരിത ഹൈഡ്രജൻ പദ്ധതി വരുന്നു. റിന്യൂവബ്ൾ എനർജി മേഖലയിലെ പ്രമുഖ കമ്പനിയായ 'റിന്യു' പവറാണ് 26,400 കോടി നിക്ഷേപിച്ച് കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ ഭാഗമാണ് പദ്ധതി. വൈദ്യുതി മേഖലയിൽ ഈ പദ്ധതി വലിയ പ്രതീക്ഷ നൽകുന്നു.
ഉത്പാദിപ്പിക്കുന്ന ഹരിത ഹൈഡ്രജൻ കയറ്റുമതിക്കായി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇക്കണോമിക് ടൈംസാണ് പദ്ധതിയെ കുറിച്ച് റിപ്പോർട്ട് ചെയ്തത്. മൂന്നുഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ വർഷം തോറും 100 കിലോടൺ ശേഷിയുള്ള ഹരിത ഹൈഡ്രജൻ പ്ലാന്റ്. പിന്നീട് രണ്ടും മൂന്നും ഘട്ടത്തിൽ 500 കിലോടൺ വീതവും ഉ്ത്പാദിപ്പിക്കും. ഓരോ ഘട്ടവും പൂർത്തിയാക്കാൻ 36 മുതൽ 42 മാസം വരെ വേണ്ടി വരും. ഗ്രീൻ ഹൈഡ്രജൻ ഉണ്ടാക്കുന്നത് പുനരുപയോഗ ഊർജം (സൗരോർജ്ജം, കാറ്റ് മുതലായവ) ഉപയോഗിച്ച് ജലത്തിന്റെ വൈദ്യുതവിശ്ലേഷണം വഴിയാണ്. അതിനാൽ അന്തരീക്ഷത്തിലേക്ക് കാർബൺ ഡൈ ഓക്‌സൈഡ് പോകുന്നില്ല.
2021 ലെ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി 'ദേശീയ ഹൈഡ്രജൻ ദൗത്യം'( National Green Hydrogen Mission) പ്രഖ്യാപിച്ചത്. 2023 ജനുവരി നാലിന് കേന്ദ്ര മന്ത്രിസഭ ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന് 19,744 കോടി രൂപയുടെ പ്രാരംഭ ചെലവ് അനുവദിച്ചിരുന്നു. 2030-ഓടെ പ്രതിവർഷം 50 ലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. മൊത്തം വിഹിതത്തിൽ, അഞ്ച് വർഷത്തേക്ക് ഇലക്ട്രോലൈസറുകളും ഗ്രീൻ ഹൈഡ്രജനും ഉൽപ്പാദിപ്പിക്കുന്നതിന് കേന്ദ്രം 17,490 കോടി രൂപയുടെ പ്രോത്സാഹനങ്ങൾ നൽകും. 2030-ഓടെ എട്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും ആറ് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 'ദേശീയ ഹൈഡ്രജൻ ദൗത്യം' മുഖേന കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പാരീസ് ഉടമ്പടിക്ക് കീഴിലുള്ള ഇന്ത്യയുടെ പ്രതിജ്ഞയനുസരിച്ച് 2030-ഓടെ ഏകദേശം അഞ്ച് കോടി മെട്രിക് ടൺ വാർഷിക ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കാൻ ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു
കേരളത്തിൽ റിന്യു നടപ്പാക്കുന്ന പദ്ധതിക്ക് ദിവസം 50 ദശലക്ഷം ലിറ്റർ വെള്ളം വേണ്ടി വരുമെന്ന് കണക്കാക്കുന്നു. 4000 മുതൽ 5000 വരെ വിദഗ്ധ-അവിഗദ്ധ തൊഴിലാളികൾക്ക് ജോലി കിട്ടും. നിർമ്മാണ ഘട്ടത്തിൽ 18,000 ജീവനക്കാർ വേണ്ടി വരും. 220 കിലോടൺ ഗ്രീൻ ഹൈഡ്രജൻ പദ്ധതി പ്രതിവർഷം 1100 കിലോടൺ ഗ്രീൻ അമോണിയ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കും. 2 ഗിഗവാട്ട് ശേഷിയുള്ള ഇലക്രൊളൈസർ പ്രവർത്തിപ്പിക്കാൻ 6 ഗിഗാവാട്ട് വരെ ശേഷിയുള്ള പുനരുപയോഗ വൈദ്യുതി പ്ലാന്റുകളിൽ നിന്ന് പ്രതിവർഷം 14,000 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കും.
നിലവിൽ റിഫൈനറികളിലും വളങ്ങളിലുമാണ് 93 ശതമാനവും ഹൈഡ്രജൻ ഉപയോഗിക്കുന്നത്. എന്നാൽ, 2030 ഓടെ ഉരുക്ക് അടക്കമുള്ള മേഖലരകളിൽ ഹൈഡ്രജൻ സുപ്രധാന പങ്കുവഹിക്കുമെന്ന് കരുതപ്പെടുന്നു. ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ഹൈഡ്രജൻ എന്നതാണ് ഭാവി സാധ്യത. പ്രകൃതിവാതകം, ആണവോർജ്ജം, ബയോഗ്യാസ്, സൗരോർജ്ജം, കാറ്റ് തുടങ്ങിയ ഊർജ സ്രോതസ്സുകളുപയോഗിച്ച് ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിയും.ഹൈഡ്രജൻ കത്തിക്കുമ്പോൾ കാർബൺ ഡൈ ഓക്‌സൈഡ് പുറത്തുവരുന്നില്ല എന്നതാണ് സവിശേഷത.
ഹൈഡ്രജൻ ഇന്ധന സെല്ലുകളിൽ പ്രവർത്തിക്കുന്ന കാറുകൾ ലോകത്ത് പലയിടത്തും ഇറങ്ങിക്കഴിഞ്ഞു. ജപ്പാൻ, ജർമ്മനി,അമേരിക്ക എന്നീ രാജ്യങ്ങളിൽ പൊതു ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളുണ്ട്, ഇത് പെട്രോളോ ഡീസലോ നിറയ്ക്കുന്നത് പോലെ കാറിൽ നിറയ്ക്കാൻ കഴിയും. റോഡ്, എയർ, ഷിപ്പിങ് ഗതാഗതത്തിനുള്ള ഭാരം കുറഞ്ഞ ബദൽ ഇന്ധനം കൂടിയാണ് ഹൈഡ്രജൻ.