- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഉടമ മാത്രമുള്ള കമ്പനിയുടെ ഒരു സാമ്പത്തിക വർഷത്തെ ആകെ വരുമാനം രണ്ടര കോടി കവിഞ്ഞാൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കണമെന്ന് ചട്ടം; വീണ ജി എസ് ടി റജിസ്ട്രേഷൻ എടുത്തത് ഈ ചട്ടം മറികടക്കാൻ; ആ വരുമാനം ഭർത്താവ് മന്ത്രി റിയാസിന്റെ കണക്കിലുമില്ല; 'മാസപ്പടിയിൽ' വീണ്ടും ട്വിസ്റ്റ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും കമ്പനിക്കും ജിഎസ്ടി രേഖകളനുസരിച്ച് 2017 മുതൽ 2021 വരെ വിവിധ കമ്പനികളുമായുള്ള കരാറിലൂടെ ലഭിച്ച വരുമാനമായ 4.05 കോടി രൂപ മന്ത്രി മുഹമ്മദ് റിയാസിന്റെ കണക്കുകളിൽ ഇല്ലാത്തത് ചർച്ചകളിൽ. വീണയുടെ ഭർത്താവായ മന്ത്രി മുഹമ്മദ് റിയാസ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ ആദായ നികുതി റിട്ടേൺ പ്രകാരം വീണയുടെ വരുമാനമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് 1.08 കോടി രൂപ മാത്രമാണ്.
2.97 കോടിയുടെ വരുമാനം മറച്ചുവയ്ക്കുകയോ വിട്ടുപോകുകയോ ചെയ്തെന്നാണു ലഭ്യമായ രേഖകളിൽ നിന്നു വ്യക്തമാകുന്നത്. ഇത് പുതിയ വിവാദങ്ങൾക്ക് വഴി വയ്ക്കും. എല്ലാ തുകയ്ക്കും ജി എസ് ടി അടച്ചുവെന്നാണ് ധന വകുപ്പ് പറയുന്നത്. അങ്ങനെ എങ്കിൽ എന്തുകൊണ്ട് റിയാസ് അത് കണക്കുകളിൽ ഉൾപ്പെടുത്തിയില്ലെന്നതാണ് ഉയരുന്ന ചോദ്യം. ഇത് പുതിയ നിയമ പോരാട്ടത്തിന് കാരണമാകും. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനും സാധ്യത ഏറെയാണ്. ജി എസ് ടി വിവാദത്തിൽ പരാതി നൽകേണ്ടത് കർണ്ണാടകയിലാണെന്ന വാദവും ശക്തമാണ്. ഇതിനിടെയാണ് സത്യവാങ്മൂല വെളിപ്പെടുത്തൽ.
സ്ഥാനാർത്ഥിയോ ജീവിതപങ്കാളിയോ പൊതുമേഖലാ സ്ഥാപനങ്ങളുമായോ സ്വകാര്യ സ്ഥാപനങ്ങളുമായോ കരാറിലേർപ്പെട്ടിട്ടുണ്ടോ എന്ന സത്യവാങ്മൂലത്തിലെ ചോദ്യത്തിനും 'ഇല്ല' എന്നായിരുന്നു റിയാസിന്റെ മറുപടി. വീണയും വീണയുടെ കമ്പനിയും സിഎംആർഎൽ അടക്കമുള്ള കമ്പനികളുമായി കരാറിലേർപ്പെടുകയും 'പ്രതിഫലം' കൈപ്പറ്റുകയും ചെയ്തപ്പോഴാണ് സത്യവാങ്മൂലത്തിൽ 'ഇല്ല' എന്ന മറുപടിയെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇതൊരു ഗുരുതര വീഴ്ചയായി വിലയിരുത്തപ്പെടാവുന്ന സംഭവമാണ്.
ജിഎസ്ടി രേഖകൾ പ്രകാരം വീണയ്ക്ക് 2018 മുതൽ 2021 വരെ 1.55 കോടി രൂപയാണു വിറ്റുവരവ്. വീണയുടെ കമ്പനിയായ എക്സാലോജിക്കിന് 2017 മുതൽ 2021 വരെ കിട്ടിയതാകട്ടെ 2.50 കോടി രൂപയും. ഇതു രണ്ടും ചേർത്തുള്ള ആകെ വരുമാനമാണ് 4.05 കോടി രൂപ. എന്നാൽ സത്യവാങ്മൂലത്തിൽ പറയുന്ന വരുമാനം 1.08 കോടി മാത്രം. ഒരു ഉടമ മാത്രമുള്ള കമ്പനിയുടെ (വൺ പഴ്സൻ കമ്പനി) ഒരു സാമ്പത്തിക വർഷത്തെ ആകെ വരുമാനം രണ്ടര കോടി രൂപ കവിഞ്ഞാൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കണമെന്നാണു ചട്ടം. ഇതും വീണ അതിജീവിക്കാൻ തന്ത്രമെടുത്തു.
എക്സാലോജിക്കിന്റെ വരുമാനം രണ്ടര കോടിയിലെത്തിയപ്പോൾ വീണ സ്വന്തം പേരിൽ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കുകയും സിഎംആർഎല്ലുമായി ബിസിനസ് ആരംഭിക്കുകയും ചെയ്തത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉണ്ടാക്കാതിരിക്കാൻ കൂടിയാണ്. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽസ് കമ്പനി (സി.എം.ആർ.എൽ.) മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യൻസ് എന്ന കമ്പനിക്ക് നൽകാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന ആരോപണത്തിൽ അന്വേഷണത്തിനായി പരാതിനൽകേണ്ടത് കർണാടകത്തിലാണെന്ന് നിയമോപദേശം ഗൗരവത്തോടെ എടുക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
കോൺഗ്രസ് ദേശീയ നേതൃത്വവുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കും. രാഷ്ട്രീയലക്ഷ്യത്തോടെയാണ് പരാതി എന്ന ആരോപണം ഒഴിവാക്കാനാണ് കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ പരാതിനൽകാത്തതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞിരുന്നു. അതിന്റെ സാധ്യത പിന്നീട് പരിശോധിക്കുമെന്നും മാത്യു കുഴൽനാടൻ വിശദീകരിച്ചു. പണം നൽകിയ സ്ഥാപനം കേരളത്തിലും സ്വീകരിച്ച സ്ഥാപനം കർണാടകത്തിലും സെറ്റിൽമെന്റ് ബോർഡ് ഡൽഹിയിലും ആയതിനാൽ സിബിഐ.പോലൊരു ഏജൻസിക്ക് അന്വേഷണം കൈമാറാൻ കഴിയുമെന്നാണ് വിലയിരുത്തൽ. എക്സാലോജിക് ബെംഗളൂർ കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. മാത്യു കുഴൽനാടൻ എംഎൽഎ. കേരളത്തിലെ വിജിലൻസിനാണ് പരാതിനൽകിയത്. ക്രിമിനൽ നടപടിച്ചട്ടത്തിലെ വകുപ്പ് 178-ബി പ്രകാരം ഒരു കുറ്റകൃത്യം എവിടെയാണോ നടന്നത് അവിടെ അന്വേഷണവും വിചാരണയും നടത്താം. ആ അർഥത്തിൽ പണം നൽകിയ കമ്പനി എറണാകുളത്തായതിനാൽ കേരളത്തിലും പരാതിനൽകാം.
എന്നാൽ, അന്വേഷണ ഏജൻസിയെ നിയന്ത്രിക്കുന്ന അധികാരകേന്ദ്രവുമായി ബന്ധപ്പെട്ടുയരുന്ന ആരോപണമാണ് ഇത്. അതുകൊണ്ട് കർണ്ണാടകയിൽ പരാതി നൽകണമെന്നാണ് ആവശ്യം. നൽകാത്ത സേവനത്തിന് ലഭിച്ച പണം നിയമവിരുദ്ധമാണെന്നാണ് സെറ്റിൽമെന്റ് കമ്മിഷന്റെ ഉത്തരവിൽ പറയുന്നത്. പണത്തിന് നികുതിയടച്ചു എന്നതിന്റെപേരിൽ കുറ്റാരോപണം ഇല്ലാതാകില്ലെന്നാണ് വിലയിരുത്തൽ. അഴിമതിനിരോധന നിയമത്തിലെ വകുപ്പ് 13 ബി പ്രകാരം പൊതുസ്ഥാനത്തിരിക്കുന്നയാൾ ആ കാലയളവിൽ സ്വന്തമായോ അല്ലെങ്കിൽ തന്റെപേരിൽ മാറ്റൊരാൾ വഴിയോ നിയമവിരുദ്ധമായ നേട്ടം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ കുറ്റകരമാണ്. വീണാ വിജയന്റെ കമ്പനിക്ക് സി.എം.ആർ.എൽ. നൽകിയ പണം നിയമവിരുദ്ധമാണെന്ന സെറ്റിൽമെന്റ് കമ്മിഷന്റെ റിപ്പോർട്ടിനെതിരേ വീണയോ മുഖ്യമന്ത്രിയോ ഇതുവരെ നിയമനടപടി സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അന്വേഷണം അനിവാര്യമാണ്.
ഒരു സേവനവും നൽകാതെ സിഎംആർഎൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് പണം നൽകിയെന്നതാണ് പ്രധാന വിഷയമെന്ന് കോൺഗ്രസ് പറയുന്നു.രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണിത്.സേവനം നൽകാതെ കോടികൾ നൽകിയെന്നതാണ് പ്രധാനം. കൈപ്പറ്റിയ തുകയ്ക്ക് ജി എസ് ടി അടച്ചോ എന്നതായിരുന്നു ചോദ്യം. സിഎംആർഎൽ എന്ന കമ്പനി എക്സാലോജിക്കുമായി ഒരു കരാറിൽ ഏർപ്പെട്ടുവെന്ന് ധനവകുപ്പ് കുഴൽനാടൻ നൽകിയ മറുപടി കത്തിലുണ്ട്. മൂന്ന ലക്ഷം മാസം ലഭിക്കുന്ന രീതിയിൽ 2.3.2017 ൽ സിഎംആർഎൽ കമ്പനി വീണയുടെ കമ്പനിയുമായി കരാർ ഒപ്പിട്ടു. 1.1.2017 മുതൽ വീണ വിജയനുമായി അഞ്ച് ലക്ഷം മാസം നൽകുന്ന മറ്റൊരു കരാറുമുണ്ടായിട്ടുണ്ട്.
എക്സാലോജിക്കിന് 1.7.2017 ലാണ് ജിഎസ്ടി രജിസ്ട്രേഷൻ ലഭിക്കുന്നത്. ഇതിനു മുൻപ് വീണാ വിജയനും കമ്പനിയും സിഎംആർഎല്ലിൽ നിന്നും വാങ്ങിയ പണം ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാതെയാണ്. വീണക്ക് ജിഎസ്ടി അടയ്ക്കാൻ കഴിയുക 17.1.2018 മുതൽ മാത്രമാണ്. അപ്പോൾ ഈ കരാർ പ്രകാരമുള്ള തുകയുടെ ജിഎസ്ടി എങ്ങനെ അടയ്ക്കുമെന്ന് മാത്യു കുഴൽനാടൻ ചോദിച്ചിരുന്നു. കത്തിൽ 1.72 കോടിയുടെ നികുതിയാണെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്. കൊള്ള ചോദ്യം ചെയ്യപെടുമ്പോൾ ഇറങ്ങുന്ന കാപ്സ്യൂൾ മാത്രമാണിതെന്നും ധനമന്ത്രി മറുപടി നൽകണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ