തിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആദർശ രാഷ്ട്രീയത്തിന്റെ ആൾരൂപമായ അപൂർവം സഖാക്കളിലൊരാളാ പി കെ ഗുരുദാസന് സ്വന്തമായി ഇനി വീട്. ഇരുപത്തഞ്ച് വർഷം സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി,പത്ത് വർഷം എംഎ‍ൽഎ ,വി എസ് മന്ത്രിസഭയിൽ അഞ്ച് വർഷം തൊഴിൽ- എക്സൈസ് മന്ത്രി,സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്നിങ്ങനെ വിവിധ പദവികൾ വഹിച്ചെങ്കിലും സ്വന്തമായൊരു വീട് സമ്പാദിക്കാൻ മറന്നുപോയ ഗുരുദാസന് പാർട്ടിയിലെ സഹപ്രവർത്തകർ ചേർന്നാണ് വീടൊരുക്കിയത്. തിരുവനന്തപുരം പുളിമാത്ത് പഞ്ചായത്തിൽ കാരേറ്റ് പേടികുളത്ത് ഗുരുദാസന്റെ ഭാര്യ ലില്ലിക്ക് ഓഹരിയായി ലഭിച്ച പത്ത് സെന്റ് ഭൂമിയിലാണ് വീട് നിർമ്മിച്ചത്.

ജീവിത സായാഹ്നത്തിൽ പി.കെ ഗുരുദാസന് പ്രിയ സുഹൃത്തുക്കളായ സഖാക്കൾ ഒരുക്കിയ സനേഹവീടായ പൗർണ്ണമിയുടെ ഗൃഹ പ്രവേശനം നാളെ രാവിലെ 11ന് നടക്കും. വാടക വീടുകളിൽ നിന്ന് വാടക വീടുകളിലേക്കുള്ള ഓട്ടമായിരുന്നു ഈ കാലമത്രയും. ഈ സാഹചര്യത്തിലാണ് ഒപ്പമുള്ള സഹപ്രവർത്തകർ ചേർന്ന് വീട് വെച്ച് നൽകിയത്. കാൽ നൂറ്റാണ്ട് കൊല്ലത്തു താമസിച്ചിരുന്ന വാടക വീട്ടിന്റെ പേരായ പൗർണമി എന്നാണ് പുതിയ വീട്ടിനും പേരിട്ടിരിക്കുന്നത്. എവിടെയെല്ലാം താമസിച്ചാലും ഗുരുദാസന്റെ മേൽവിലാസം 'പൗർണമി, ഈസ്റ്റ് പട്ടത്താനം കൊല്ലം എന്നായിരുന്നു.

കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തെ വാടക വീട്ടിലായിരുന്നു ദീർഘകാലം താമസിച്ചിരുന്നത് തുടർന്ന് മറ്റ് രണ്ട് വാടക വീടുകളിലേക്കു കൂടി മാറി. ഇവിടെയെല്ലാം കുടുംബത്തോടൊപ്പം ആത്മാവിനെ പോലെ കൂടെ കൂട്ടിയത് തന്റെ പുസ്തകങ്ങളെയായിരുന്നു. സ്ഥല പരിമിധി കൊണ്ട് പലപ്പോഴും പല പുസ്തകങ്ങളും നഷ്ട്ടപ്പെട്ടിട്ടും ഉണ്ട്.ഈ വാടക വീടുകളിൽ വച്ചാണ് മുത്ത മക്കളായ സീമയുടെയും ദിവയുടെയും വിവാഹം നടന്നത്.മന്ത്രിയായിരുന്നപ്പോൾ ലഭിച്ച കവടിയാറിലെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു ലളിതമായ ചടങ്ങുകളോടെ ഇളയ മകൾ രൂപയുടെ വിവാഹം.

എ.കെ.ജി സെന്ററിന് സമീപത്തെ പാർട്ടിയുടെ ഫ്ലാറ്റിലാണ് ഇദ്ദേഹവും ഭാര്യ ലില്ലിയും ഇപ്പോൾ താമസിക്കുന്നത്. പ്രായപരിധിയിൽപ്പെട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് ഭാരവാഹിത്വത്തിൽ നിന്ന് ഒഴിയേണ്ടി ന്നിരുന്നു. ശിഷ്ടകാലം ഈ വീട്ടിലാകും പൂർണ്ണ സമയവും.ഗുരുദാസനൊപ്പം കൊല്ലം ജില്ലയിൽ പ്രവർത്തിച്ച നേതാക്കന്മാർ മാത്രമാണ് ഈ സംരംഭത്തിൽ പങ്കാളിയാകുന്നത്.മന്ത്രി കെ.എൻ ബാലഗോപാൽ,കൊല്ലം ജില്ലാ സെക്രട്ടറി കൊല്ലായിൽ സുദേവൻ മുൻ സെക്രട്ടറി രാജഗോപാൽ എന്നിവരാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.

തന്റെ പുസ്തകങ്ങൾ സൂക്ഷിക്കാൻ വിശാലമായൊരു മുറി ഉൾപ്പെടെ രണ്ട് മുറികളും അടുക്കളയുമുള്ള വീടാണ് ഗുരുദാസൻ താല്പര്യപെട്ടതെങ്കിലും ഓഫീസ് അടക്കം 3 മുറികൾ, അടുക്കള ,ഡൈനിങ് ഹാൾ എന്നിവ ഉൾപ്പെടെ 1700 ചതുരശ്ര അടിയിൽ ഒറ്റ നില വിടാണ് പൂർത്തിയാകുന്നത്.ബന്ധുവായ സജിത് ലാലിനാണ് നിർമ്മാണ ചുമതല.ഗൃഹ പ്രവേശനത്തിന് സിപിഎമമിന്റെ മുതിർന്ന നേതാക്കൾ എത്തും. തൃശൂരിൽ കർഷക സംഘം ദേശീയ സമ്മേളനം നടക്കുന്നതിനാൽ നേതാക്കാൾ പലരും മറ്റൊരു ദിവസം എത്താനാണ് സാദ്ധ്യത. പാർട്ടി ഏൽപ്പിച്ച ദൗത്യങ്ങളെല്ലാം ഭംഗിയായി നിറവേറ്റിയ ചരിത്രമാണ് ഗുരുദാസന്റേത്. കേരള ചരിത്രത്തിൽ എക്സൈസ് വകുപ്പ് ആക്ഷേപങ്ങൾക്ക് ഇടയില്ലാതെ പ്രവർത്തിച്ചത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു.

19-ാം വസസ്സിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം 52 കൊല്ലങ്ങൾക്ക് ശേഷം ഗുദാസനെ കേരളത്തിലെ മന്ത്രി പദത്തിൽ എത്തിച്ചത്. അടിയന്തരാവസ്ഥയിൽ മിസ തടവുകാരനായി 19 മാസം ജയിലിൽ കഴിയേണ്ടിവന്നിട്ടുണ്ട്. 2001ൽ വർക്കലയിൽനിന്നു നിയമസഭയിലേക്കു മത്സരിച്ചു വർക്കല കഹാറിനോട് തോറ്റു. പിന്നീടായിരുന്നു ജയം. സി. ഐ. ടി. യു. ദേശീയ സെക്രട്ടറി,സി. ഐ. ടി. യു. സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കേന്ദ്ര കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.19-ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പറവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. 64ൽ പാർട്ടി പിളർന്ന് സി. പി. എം. രൂപീകരിച്ചപ്പോൾ ചാത്തന്നൂർ ഏരിയ കമ്മിറ്റിയുടെ സെക്രട്ടറിയായി.

കൊല്ലം പറവൂർ കോങ്ങാൽ സൂചിക്കഴികത്ത് കൃഷ്ണന്റെയും യശോദയുടെയും മകനായി 1925ലായിരുന്നു ജനനം. പറവൂർ തെക്കുംഭാഗം ഗവ. ഹൈസ്‌കൂൾ, എസ്. എൻ. വി. ഹൈസ്‌കൂൾ, കോട്ടപ്പുറം ഹൈസ്‌കൂൾ, കൊല്ലം എസ്.എൻ. കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇന്റർമീഡിയറ്റ് പൂർത്തിയാക്കി.