- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെടിയു പി വി സി ഇനി എത്തിയാൽ നോട്ടീസ് നൽകി പറഞ്ഞുവിടാൻ പുതിയ വി സിയോട് നിർദ്ദേശിച്ച് ഗവർണർ; സർക്കാരിന്റെ സ്വന്തം ആളായ ഡോ.അയൂബ് ഗവർണറുടെ കണ്ണിലെ കരട്; ഡോ. സിസാ തോമസിന്റെ നിയമനം ശരിവച്ചശേഷം സർവകലാശാലയിൽ എത്താതെ പി വി സി
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ പ്രോ വൈസ്ചാൻസലറെ പുറത്താക്കാൻ വി സിയോട് നിർദ്ദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പി.വി സി ഡോ.എസ്.അയൂബ് ഇനി സർവകലാശാലയിലെത്തിയാൽ നോട്ടീസ് നൽകി പുറത്താക്കാനാണ്‌വൈസ്ചാൻസലറുടെ താത്കാലിക ചുമതലയുള്ള പ്രൊഫ. സിസാതോമസിന് ഗവർണർ നൽകിയ നിർദ്ദേശം. ഇതിന് വി സിക്ക് അധികാരമുണ്ടെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചു.
പി.വി സിക്കെതിരേ നടപടിയെടുത്ത ശേഷം രാജ്ഭവനെ അറിയിക്കാനാണ് സാങ്കേതിക വി സിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സർക്കാരിന്റെ കണ്ണിലുണ്ണിയായ ഡോ.അയൂബിനെ ഗവർണർ പുറത്താക്കുന്നത് വീണ്ടുമൊരു ഗവർണർ- സർക്കാർ പോരിനു കൂടി വഴിതെളിക്കും. പി.വി സിയെ പുറത്താക്കാൻ നോട്ടീസ് നൽകാൻ സാങ്കേതിക വി സി സിസാതോമസ് നടപടി തുടങ്ങയിട്ടുണ്ട്. ഇക്കാര്യത്തിൽ വി സിക്ക് നിയമപ്രകാരമുള്ള നടപടികളെടുക്കാമെന്ന് രാജ്ഭവൻ അവരെ അറിയിച്ചിട്ടുണ്ട്. സിസാ തോമസിനെ പുറത്താക്കാൻ സർക്കാർ നൽകിയ കേസിലെ വാദത്തിനിടെ, അയൂബിന് യോഗ്യതയില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു.
ഇതോടെയാണ് സാങ്കേതിക സർവകലാശാലാ പ്രോ വൈസ്ചാൻസലർ ഡോ.എസ്.അയൂബിന് പുറത്തേക്കുള്ള വഴിതെളിഞ്ഞത്. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് കണ്ടെത്തി സുപ്രീംകോടതി പുറത്താക്കിയ ഡോ.എം.എസ്.രാജശ്രീ വി സിയായിരിക്കെയാണ് അയൂബിനെ പി.വി സിയാക്കാൻ ശുപാർശ ചെയ്തത്. വി സിയുടെ ശുപാർശ പ്രകാരം സിൻഡിക്കേറ്റാണ് പി.വി സിയെ നിയമിക്കുന്നത്.
രാജശ്രീയുടെ നിയമനം തന്നെ സുപ്രീംകോടതി അസാധുവാക്കിയതോടെ അവരുടെ ശുപാർശയിലെ നിയനവും നിലനിൽക്കുന്നതല്ല. മാത്രമല്ല, സർവകലാശാലാ നിയമപ്രകാരം വി സിയുടെ കാലാവധി കഴിയുന്നതിനൊപ്പം പി.വി സിയുടേതും കഴിയും.
രാജശ്രീയെ വി സിയായി നിയമിക്കുന്നതിനുള്ള ആദ്യ നടപടി തന്നെ അസാധുവാണെന്ന് സുപ്രീംകോടതി വിധിച്ചതോടെ രാജശ്രീ വി സിയുടെ പദവി വഹിച്ചിരുന്നില്ലെന്ന് വിലയിരുത്തണമെന്നും അതിനാൽ പി.വി സിക്കും തുടരാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. തർക്കവിഷയം ഇതല്ലാത്തതിനാലാണ് പുറത്താക്കൽ ഉത്തരവിറക്കാത്തതെന്നാണ് അദ്ദേഹം പറഞ്ഞത്. ഹൈക്കോടതി ഉത്തരവിനു ശേഷം ഇതുവരെ പി.വി സി സർവകലാശാലയിൽ എത്തിയിട്ടില്ല.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്