- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാൻസലറെ മാറ്റാനുള്ള ബില്ലിന് യുജിസി അനുമതി ഉണ്ടോ എന്ന് പ്രധാനമന്ത്രി ചോദിച്ചപ്പോൾ പിണറായിക്ക് ഉത്തരം മുട്ടി; മോദി പിന്തുണച്ചതോടെ ഗവർണർ കൂടുതൽ കരുത്തനായി; ബില്ലിൽ ഒപ്പിടുന്നതും രാജ്ഭവനിൽ തടഞ്ഞുവയ്ക്കുന്നതുമെല്ലാം ഗവർണറുടെ വിവേചനാധികാരം; ആരിഫ് മുഹമ്മദ് ഖാന് എതിരായ കേസ് സർക്കാർ വേണ്ടെന്നുവയ്ക്കും
ന്യൂഡൽഹി: ഗവർണറെ തിരിച്ചുവിളിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിയതോടെ ആരിഫ് മുഹമ്മദ് ഖാൻ കൂടുതൽ കരുത്തനായി. നിയമസഭ പാസാക്കിയ വിവാദബില്ലുകളിലൊന്നും അദ്ദേഹം ഒപ്പിടില്ലെന്ന് മാത്രമല്ല, സർക്കാരിനോട് വിശദീകരണം തേടുകയും ചെയ്യും. ബില്ലുകളിൽ ഒപ്പിടാത്തതിന് ഗവർണർക്കെതിരേ കേസുകൊടുക്കാനുള്ള മുൻ തീരുമാനം സംസ്ഥാന സർക്കാർ വേണ്ടെന്നുവച്ചിട്ടുണ്ട്.
ബില്ലിൽ ഒപ്പിടുന്നതും രാജ്ഭവനിൽ തടഞ്ഞുവയ്ക്കുന്നതുമെല്ലാം ഗവർണറുടെ വിവേചനാധികാരത്തിൽ പെട്ടതായിരിക്കെ, കേസുമായി മുന്നോട്ടുപോയാൽ വീണ്ടും തിരിച്ചടി കിട്ടുമെന്ന് സർക്കാരിന് ഉത്തമബോദ്ധ്യം വന്നിട്ടുണ്ട്. ഗവർണർ വിവേചനാധികാരം ഉപയോഗിച്ചെടുക്കുന്ന തീരുമാനങ്ങൾ കോടതികളിൽ ചോദ്യംചെയ്യപ്പെടാനാവില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ശുപാർശപ്രകാരമാണ് നിയമിക്കുന്നതെങ്കിലും, ഗവർണറെ ചുമതലകൾ നിർവഹിക്കുന്നതിന് സഹായിക്കാനാണ് മുഖ്യമന്ത്രി തലവനായ മന്ത്രിസഭ ഉണ്ടാവേണ്ടതെന്ന് ഭരണഘടനാ അനുച്ഛേദം-163 പറയുന്നു. ഗവർണർ സ്വവിവേകം ഉപയോഗിച്ചെടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. ഇതിന്റെ സാധുത ചോദ്യം ചെയ്യപ്പെടാൻ പാടില്ല. ചട്ടങ്ങൾ ഇങ്ങനെയായിരിക്കെ ഗവർണർക്കെതിരേ കേസിനു പോയാലുണ്ടാവുന്ന പ്രത്യാഘാതം ചിന്തിക്കാവുന്നതിൽ അപ്പുറത്താണെന്ന് സർക്കാരിന് അറിയാം.
ഗവർണറെ നാഴികയ്ക്ക് നാൽപ്പതുവട്ടം പുലഭ്യം പറയുന്നതും രാജ്ഭവനിലേക്കും മറ്റും മാർച്ച് നടത്തുന്നതുമടക്കമുള്ള സമ്മർദ്ദ തന്ത്രങ്ങൾ പ്രധാനമന്ത്രി നൽകിയ തിരിച്ചടിയോടെ സർക്കാർ അവസാനിപ്പിച്ചേക്കും. 2019ലാണ് ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയത്. രണ്ടു വർഷം കൂടി അദ്ദേഹത്തിന് കാലാവധി ശേഷിക്കുന്നു. ഇതിനിടയിൽ ഗവർണറെ ഒരു കാരണവശാലും തിരിച്ചുവിളിക്കില്ലെന്നാണ് ഈ ആവശ്യമുന്നയിച്ച് കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി പിണറായിയോട് മോദി പറഞ്ഞത്. അതിനാൽ ഗവർണറെ അനുനയിപ്പിച്ച് കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കാതെ തുടരാനായിരിക്കും സർക്കാർ തന്ത്രം.
ഇപ്പോഴത്തെ നിയമസഭാ സമ്മേളനത്തിൽ ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കിയെങ്കിലും സെപ്റ്റംബറിൽ ഗവർണറുടെ നയപ്രഖ്യാപനത്തോടെയാവും സഭ സമ്മേളിക്കുക. അതിനിടയിൽ ഗവർണറുമായി ഏറ്റുമുട്ടലുകൾ ഒഴിവാക്കും. പ്രധാനമന്ത്രിയുടെ കൂടി പിന്തുണ ആർജ്ജിച്ചതോടെ ഗവർണർ കൂടുതൽ കരുത്തനായി. ഡൽഹിയിൽ തമ്പടിച്ച് ഗവർണർ നടത്തിയ നീക്കങ്ങളാണ് വിജയം കണ്ടത്. സർക്കാരിന്റെ നിയമവിരുദ്ധമായ തീരുമാനങ്ങളും നിയമനിർമ്മാണങ്ങളുമെല്ലാം ഗവർണർ യഥാസമയം കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും ധരിപ്പിച്ചിരുന്നു. ഗവർണർക്കെതിരേ പരാതിയുമായെത്തിയ മുഖ്യമന്ത്രിയോട് പ്രധാനമന്ത്രി ഈ ക്രമക്കേടുകൾ തുറന്നടിക്കാൻ കാരണമായത് ഗവർണറുടെ നീക്കങ്ങളാണ്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്