കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനം നടത്തുമ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു പഴയ കഥ പറഞ്ഞിരുന്നു. ഒരു യുവ ഐപിഎസ് ഓഫീസർ പിണറായിയുടെ തലക്ക് തോക്ക് ചൂണ്ടിയ കഥ. 'ഞാൻ ആരാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിക്കുന്നത്. പിണറായി വിജയൻ ആരാണെന്ന് തനിക്കറിയാം. പണ്ട് ഒരു കൊലക്കേസിൽ അറസ്റ്റിലായ ആളെ ബലംപ്രയോഗിച്ചു മോചിപ്പിക്കാൻ പോയപ്പോൾ ഒരു യുവ ഐപിഎസ് ഓഫീസർ തോക്കെടുത്തതും 15 മിനിറ്റിനകം വീട്ടിൽപോയി വസ്ത്രം മാറി വന്ന കാര്യവുമറിയാം'- ഗവർണർ പറഞ്ഞു.

ഇതേചൊല്ലി സോഷ്യൽ മീഡിയയിലും വൻ പോര് കൊഴുക്കുകയാണ്. ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാത്ത, ഊരിപ്പിടിച്ച വാളുകൾക്കിടയിൽ നിർഭയനായി നടന്നുവന്ന പിണറായി വിജയന്റെ ഒരു ഇമേജ് ആണ് സിപിഎം അണികൾക്ക് അദ്ദേഹത്തെക്കുറിച്ചുള്ളത്. അതുകൊണ്ടുതന്നെ അവർ ഇത് വെറും കെട്ടുകഥയാണെന്ന് പറഞ്ഞ് തള്ളുകയാണ്. എന്നാൽ സിപിഎം എതിരാളികൾ പറയുന്നത് ഇത് കെട്ടുകഥയല്ലെന്നും, കഥയിലെ നായകൻ, ഇന്ന് ഇന്ത്യയുടെ ജെയിംസ് ബോണ്ട് എന്ന് അറിയപ്പെടുന്ന, അജിത്ത് ഡോവൽ ആണെന്നും അവർ പറയുന്നു.

തോക്ക് ചൂണ്ടിയത് അജിത്ത് ഡോവലോ?

കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ വന്ന മുമ്പ് വന്ന ഒരു വാർത്ത ആധാരമാക്കിയാണ് സിപിഎം എതിരാളികൾ ഗവർണ്ണറെ ന്യായീകരിക്കുന്നത്. എഴുപതുകളിൽ തലശ്ശേരി കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അന്നത്തെ സർക്കാർ നിയോഗിച്ച യുവ ഐപിഎസ് ഓഫിസർ അജിത് ഡോവൽ ഒരു തവണ, അന്നത്തെ പിണറായി വിജയനെ കൈയോടെ പിടികൂടിയെന്നും, നെറ്റിക്ക് തോക്ക് ചൂണ്ടിയെന്നുമാണ് വാർത്ത പറയുന്നത്. സമാധാനപ്രസംഗത്തിന്റെ പേരിൽ വിദ്വേഷ പ്രസംഗം നടത്താൻ ശ്രമിച്ചപ്പോൾ അയിരുന്നു ഡോവലിന്റെ നടപടിയെന്നും റിപ്പോർട്ട് പറയുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പിണറായിയെ ഡോവൽ സാഹസികമായാണ് പിടികൂടിയതെന്നും തുടർന്ന് മാപ്പു പറഞ്ഞ് പിണറായി തടിയൂരുകയായിരുന്നെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. പക്ഷേ കസ്റ്റഡിയിലെടുത്ത ഒരു പ്രവർത്തകനെ മോചിപ്പിക്കാൻ എത്തിയതിനാണ് പിണറായിയുടെ മേൽ തോക്ക് ചൂണ്ടിയത് എന്നും നേരത്തെ കഥകൾ പരന്നിരുന്നു.

വീക്ഷണം വാർത്ത ഇങ്ങനെ പറയുന്നു. 'എഴുപതുകളിൽ തലശ്ശേരി കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അന്നത്തെ സർക്കാർ നിയോഗിച്ച യുവ ഐപിഎസ് ഓഫിസർ അജിത് ഡോവലാണ് പിണറായിയെ കയ്യോടെ പിടികൂടിയത്. അക്രമ മേഖലയിൽ സമാധാനം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ പുറമെ സമാധാന പ്രസംഗം നടത്തി വിഷയം ആളിക്കത്തിക്കാനാണ് അന്നത്തെ സിപിഎം നേതൃത്വം ശ്രമിച്ചത്. ഇത് മനസിലാക്കിയാണ് എ എസ് പിയായി എത്തിയ അജിത് ഡോവൽ രണ്ടാം ദിവസം തന്നെ പിണറായി വിജയനെ പിടികൂടിയത്. പൊലീസിന്റെ പിടിയിൽ നിന്നും കുതറി ഓടാൻ ശ്രമിച്ച വിജയനെ അജിത് ഡോവൽ സാഹസികമായാണ് കീഴ്പ്പെടുത്തിയത്.'

കലാപം ഉണ്ടാക്കാൻ ശ്രമിച്ചാൽ പിന്നെ തനിക്ക് മറ്റൊന്നും നോക്കാനില്ലെന്ന് പറഞ്ഞ് പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടിയെന്നാണ് സാക്ഷികൾ പറയുന്നത്. തുടർന്ന് മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞെന്നും ചരിത്രം. ഇക്കാര്യം അന്നത്തെ സി പി എം നേതാവായിരുന്ന എം വി രാഘവൻ പിൽക്കാലത്ത് പങ്കുവെച്ചിരുന്നു. 1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അജിത്. പത്തുവർഷം ഐ ബി യുടെ ഓപ്പറേഷൻ വിംഗിന്റെ തലവനുമായിരുന്ന അജിത് നിലവിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവാണ്.

'

ഡോവൽ തലശ്ശേരിയിൽ

1945ൽ ഉത്തരാഖണ്ഡിലെ ഗർവാൾ എന്ന ഗ്രാമത്തിൽ ജനിച്ച അജിത്ത് കുമാർ ഡോവൽ, 1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് . തലശ്ശേരിയിൽ 1971-ൽ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ നിർദ്ദേശപ്രകാരമായിരുന്നു അജിത്ത് ഡോവലിന്റെ നീക്കങ്ങൾ. തലശ്ശേരി കലാപം തുടങ്ങുമ്പോൾ കോട്ടയം എഎസ്‌പിയായിരുന്നു ഡോവൽ. കലാപം തുടങ്ങിയതിന്റെ തൊട്ടടുത്ത ദിവസം രാത്രിയാണ് ഡോവൽ തലശ്ശേരിയിലെത്തിയതെന്ന് അന്ന് കണ്ണൂർ ടൗൺ എസ്ഐയായിരുന്ന പുലിക്കോടൻ നാരായണൻ അനുസ്മരിച്ചിരുന്നു. വന്നയുടൻ തന്നെ അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചേർന്ന് കലാപം നേരിടുന്നതിനുള്ള കർമപദ്ധതി തയ്യാറാക്കി. പലയിടങ്ങളിൽ നിന്നായി കവർച്ച നടത്തിയ സാധനങ്ങൾ കണ്ടെടുക്കുന്നതിനാണ് മുഖ്യപരിഗണന നൽകിയത്.

കവർച്ച മുതൽ സൂക്ഷിച്ചവരെ ജനമധ്യത്തിൽ കൊണ്ടു വന്നു. ഒപ്പം കവർച്ച നടത്തിയ മുതലുകൾ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കലാപം വ്യാപിക്കുന്നത് തടയാനും രക്തച്ചൊരിച്ചിൽ ഒഴിവാക്കാനും പൊലീസ് നീക്കത്തിലൂടെ കഴിഞ്ഞു. ഒരാഴ്ച കൊണ്ട് അക്രമങ്ങൾ നിയന്ത്രണ വിധേയമാക്കി.കലാപത്തിന് ശമനം വന്ന് കുറച്ചുനാൾ കൂടി ഡോവൽ തലശ്ശേരിയിലുണ്ടായിരുന്നു. അന്ന് അദ്ദേഹം എ.കെ. ഡോവൽ എന്നാണ് അറിയപ്പെട്ടിരുന്നത്. കെ കരുണാകന്റെ പ്രിയപ്പെട്ട ഉദ്യോസ്ഥനായ ഡോവൽ പിന്നീട് കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഐബിയിൽ ചേർന്നു. അതിനുശേഷമാണ് ഡോവൽ രാജ്യാന്തര തലത്തിൽ അറിയപ്പെടാൻ തുടങ്ങിയത്.

മോദി സർക്കാരിന് ജനപ്രീതി നേടിക്കൊടുത്ത പാക്കിസ്ഥാനിലെ മിന്നലാക്രമണവും പുൽവാമ ഭീകരാക്രമണത്തിന് ശേഷമുള്ള വ്യോമാക്രമണവുമെല്ലാം നടന്നത് ഡോവൽ സുരക്ഷാ ഉപദേഷ്ടാവായിരുന്ന സമയത്താണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ തൃപ്തരായ സർക്കാർ ഇത്തവണയും കാബിനറ്റ് റാങ്ക് നൽകി സ്ഥാനത്ത് നിലനിർത്തുകയായിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണറായി ഏഴുവർഷക്കാലം പാക്കിസ്ഥാനിൽ പ്രവർത്തിച്ചിരുന്നു. 33 വർഷവും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. പത്തുവർഷം ഐ.ബി.യുടെ ഓപ്പറേഷൻ വിംഗിന്റെ തലവനുമായിരുന്നു അജിത്.

1988ൽ സുവർണ്ണ ക്ഷേത്രത്തിലൊളിച്ച ഖാലിസ്ഥാൻ ഭീകരർക്കെതിരായി നടന്ന ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിലെ നിർണ്ണായക രഹസ്യവിവരങ്ങൾ ഇദ്ദേഹമായിരുന്നു നൽകിയത്. 1999-ൽ നടന്ന കാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി ആശയവിനിമയം നടത്തി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അജിതിന്റെ നേതൃത്വത്തിൽ നടന്നു. പഞ്ചാബ്, ജമ്മുകാശ്മീർ, ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലെല്ലാം നിർണ്ണായക സാഹചര്യങ്ങളുണ്ടായപ്പോൾ അജിത് ഡോവൽ നിയമിതനായിരുന്നു. ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ദൂതനായി ഡോവലിനെ ഇന്ത്യ നിയമിച്ചിരുന്നു.മാൻ്യാന്മർ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള ഒട്ടനവധി വിഷയങ്ങളിൽ അജിത് ഡോവൽ നിയമിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ പോപ്പുലർ ഫ്രണ്ടിനെ അടപടലം പൂട്ടിയതിലൂടെയും ഡോവൽ ശ്രദ്ധേയനായി.

കല്ലൂവെച്ച നുണയെന്ന് സിപിഎം

എന്നാൽ ഇങ്ങനെയാരു സംഭവം കേട്ടുകൾവിപോലുമില്ലെന്നും അന്ന് പിണറായി വിജയൻ കൂത്തുപറമ്പ് എംഎൽഎയാണെന്നും സൈബർ സഖാക്കൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല തലശ്ശേരി കലാപം അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ പ്രദേശത്ത് സമാധാനം ഉറപ്പിക്കുന്നതിൽ പിണറായി വിജയന്റെയും സിപിഎമ്മിന്റെയും പങ്ക് എടുത്തുപറയുന്നുണ്ട്.

തലശ്ശേരി കലാപത്തിൽ ആർഎസ്എസിനെ പേരെടുത്ത് വിമർശിക്കുന്ന കമ്മീഷൻ, കോൺഗ്രസിന്റെ നിഷ്‌ക്രിയത്വവും ചൂണ്ടിക്കാണിക്കുന്നുണ്ട്. വാർത്തക്ക് ആധികാരികമായി വീക്ഷണം പറയുന്നത് എം വി രാഘവൻ ഈ സംഭവം പറഞ്ഞുവെന്നതാണ്. എന്നാൽ രാഘവൻ ഇത് പൊതുവേദികൽ എവിടെയും പറഞ്ഞതായി ആരും കേട്ടിട്ടില്ല. രാഘവന്റെ അത്മകഥയായ 'ഒരു ജന്മം' എന്ന പുസ്തകത്തിലും ഇക്കാര്യം പറയുന്നില്ല. സിപിഎമ്മിനെ അടിക്കാൻ ഇത്രയും വലിയ വടി കിട്ടിയിട്ടും ഇത്രയും കാലം എതിരാളികൾ മിണ്ടാതിരുന്നതെന്നും, അതുതന്നെ വീക്ഷണം വാർത്ത പച്ചക്കള്ളമാണെന്നതിന്റെ തെളിവാണെന്നും സൈബർ സഖാക്കൾ ചൂണ്ടിക്കാട്ടുന്നു.

1970ൽ തന്റെ 27ാമത്തെ വയസ്സിൽ എംഎൽഎ ആയ വ്യക്തിയാണ് പിണറായി വിജയൻ. ആർഎസ്എസ് ആക്രമണത്തെ എതിർത്ത് ഊരിപ്പിടിച്ച കത്തികൾക്കിടയിലുടെ നടന്നുപോയ തടക്കമുള്ള വാർത്തകൾ തന്നെയാണ് പിണറായിയുടെ രാഷ്ട്രീയ മൂലധനം. അത് പൊളിക്കാൻ കിട്ടിയ ഒരു അവസരം ഇത്രയും കാലം എതിരാളികൾ ഉപയോഗിക്കാഞ്ഞത് എന്താണെന്നാണ് സൈബർ സഖാക്കൾ ചോദിക്കുന്നത്. എന്നാൽ ഇത് എം വി രാഘവൻ പലയിടത്തും പ്രംസഗിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ്- ബിജെപി പ്രവർത്തകർ പറയുന്നത്.