കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല കാമ്പസിൽ  എസ്.എഫ്.ഐ പ്രവർത്തകർ ഉയർത്തിയ ബാനറുകൾ പൊലീസിനെക്കൊണ്ട് ഗവർണർ അഴിപ്പിച്ചിരുന്നു. ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു ഇത്. എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടും പൊലീസിനോട് കയർത്തുകൊണ്ടുമാണ് രാത്രിയോടെ ഗവർണർ ബാനറുകൾ അഴിപ്പിക്കാൻ നേരിട്ട് രംഗത്തിറങ്ങിയത്.

ഗവർണർ അഴിച്ചുമാറ്റിച്ച ബാനർ വീണ്ടും എസ്എഫ്‌ഐ പ്രവർത്തകർ കെട്ടി. എസ്എഫ്‌ഐ സെക്രട്ടറി പി.എം.ആർഷോയുടെ നേതൃത്വത്തിലാണ് തിരിച്ചുകെട്ടിയത്. പൊലീസ് ബാരിക്കേഡിന് മുകളിൽ കയറിനിന്നാണ് ബാനർ കെട്ടിയത്. ഇതിനിടെ എസ്എഫ്‌ഐ പ്രവർത്തകർ പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗവർണർക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ബാനർ കെട്ടിയത്. ഗവർണറുടെ കോലവും കത്തിച്ചു.

'ആരിഫ് മുഹമ്മദ്ഖാൻ കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധനാണ്. ക്ഷമയുടെ നെല്ലിപ്പലക കണ്ടുകൊണ്ടാണ് എസ്എഫ്‌ഐ നിൽക്കുന്നത്. സമരം അക്രമത്തിലേക്ക് കടക്കാനാണ് ഗവർണർ ആഗ്രഹിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ച് ആർഎസ്എസ് സ്ഥാപിച്ച ബാനർ കത്തിക്കും. പൊലീസ് സുരക്ഷയുമായി ബദ്ധപ്പെട്ട കാര്യങ്ങൾ നോക്കിയാൽ മതി. കുനിയാൻ പറഞ്ഞാൽ കിടക്കുന്ന പൊലീസുകാർ ഈ കൂട്ടത്തിൽ ഉണ്ട്. ആരിഫ് മുഹമ്മദ് ഖാൻ വന്നിട്ട് ബാത്‌റൂം കഴുകിത്തരാൻ പറഞ്ഞാൽ പോയി കഴുകിയിട്ട് പൊലീസിന്റെ അന്തസ്സ് കളയുന്ന പണി എടുക്കാൻ നിൽക്കരുത് എന്നാണ് പറയാനുള്ളത്.'' ആർഷോ പറഞ്ഞു.

പോസ്റ്റർ സ്ഥാപിച്ചത് പൊലീസ് ആണെന്ന് ഗവർണർ

കാലിക്കറ്റ് സർവ്വകലാശാലയിൽ തനിക്കെതിരെ പോസ്റ്റർ സ്ഥാപിച്ചത് പൊലീസ് ആണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം. അപകീർത്തികരമായ പോസ്റ്റർ സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ്. ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചയുടെ തുടക്കമാണിത്. മുഖ്യമന്ത്രിയുടേത് ബോധപൂർവമായ നീക്കമാണെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

കാലിക്കറ്റ് സർവ്വകലാശാലയിൽ തനിക്കെതിരായി എസ്എഫ്‌ഐ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്യണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. സർവ്വകലാശാലയിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയ ഗവർണർ ഫോണിൽ വിളിച്ചാണ് ബാനറുകൾ നീക്കാൻ നിർദ്ദേശം നൽകിയത്. എന്നാൽ, ക്യാമ്പസിൽ ഗവർണർക്കെതിരെ കെട്ടിയ ബാനറുകൾ നീക്കം ചെയ്യില്ലെന്നായിരുന്നു പൊലീസ് നിലപാട്. നീക്കം ചെയ്യേണ്ടത് സർവ്വകലാശാല അധികൃതരെന്നാണ് പൊലീസ് നിലപാടെടുത്തത്. നീക്കം ചെയ്യാൻ ക്യാമ്പസ് സെക്യൂരിറ്റി ഓഫീസർക്കും നിർദ്ദേശം കിട്ടിയിരുന്നില്ല.

അതേസമയം, മലപ്പുറം എസ്‌പിയുടെ സാന്നിധ്യത്തിലാണ് പൊലീസുകാർ മൂന്ന് കൂറ്റൻ ബാനറുകൾ അഴിച്ചുമാറ്റിയത്. ഇപ്പോൾതന്നെ ബാനറുകൾ അഴിച്ചുമാറ്റണമെന്നും അല്ലെങ്കിൽ നിങ്ങൾ മറുപടി പറയേണ്ടിവരുമെന്നും എസ്‌പിക്ക് ഗവർണർ മുന്നറിയിപ്പ് നൽകിയതോടെയാണ് നടപടി.

നിങ്ങൾ ഇതൊന്നും കാണുന്നില്ലേ എന്ന് ചോദിച്ച ഗവർണർ, ബാനറുകൾ നീക്കിയില്ലെങ്കിൽ ഇപ്പോൾതന്നെ അവിടെനിന്ന് പോകുമെന്ന ഭീഷണി മുഴക്കി. അങ്ങനെ ചെയ്താൽ നിങ്ങളായിരിക്കും അതിന്റെ ഉത്തരവാദി എന്നും എസ്‌പിതന്നെ ബാനർ നീക്കണമെന്നും ഗവർണർ നിലപാട് സ്വീകരിച്ചു. ഇതോടെയാണ് പൊലീസ് ബാനറുകൾ നീക്കിയത്.

ഗവർണർക്കെതിരായ ബാനറുകൾ കാമ്പസിൽ ഉയർത്തിയതിൽ നേരത്തെതന്നെ ഗവർണർ രോഷം പ്രകടിപ്പിച്ചിരുന്നു. ബാനറുകൾ കെട്ടാൻ അനുവദിച്ചതിൽ വൈസ് ചാൻസലറോട് വിശദീകരണം തേടാൻ ഗവർണർ ഞായറാഴ്ച രാവിലെതന്നെ നിർദ്ദേശിച്ചിരുന്നു. എന്നാൽ ബാനറുകൾ നീക്കാൻ രാത്രിയും അധികൃതർ തയ്യാറാകാതിരുന്നതോടെയാണ് കടുത്ത നടപടിയുമായി ഗവർണർ നേരിട്ട് രംഗത്തിറങ്ങിയത്.

നാടകീയ സംഭവങ്ങൾക്കിടെ സർവകലാശാല വൈസ് ചാൻസ്ലർ ഗസ്റ്റ് ഹൗസിലേക്ക് നേരിട്ടെത്തുകയും ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഗവർണർ വിളിപ്പിച്ചതിനെ തുടർന്നാണിത്. തങ്ങളുടെ ഒരു ബാനർ നീക്കിയാൽ പകരം നൂറ് ബാനർ ഉയർത്തുമെന്ന വെല്ലുവിളി നേരത്തെ എസ്എഫ്ഐ നേതാക്കൾ മുഴക്കിയിരുന്നു. ഇടതക്കമുള്ളവയാണ് ഗവർണറെ ചൊടിപ്പിച്ചത് എന്നാണ് വിലയിരുത്തൽ. സർവകലാശാലയുടെ പ്രധാന കവാടത്തിൽ ഉയർത്തിയ ബാനർ അടക്കമുള്ളവയാണ് ഗവർണർ നിർദ്ദേശിച്ചതിനെത്തുടർന്ന് പൊലീസ് നീക്കിയത്