ലഖ്‌നോ: ഗ്യാൻവാപി കേസിലെ വിധിക്ക് പിന്നാലെ ഹിന്ദു സ്ത്രീകളുടെ ആഹ്ലാദ നൃത്തം. കേസിൽ ഹിന്ദു സ്ത്രീകൾ നൽകിയ ഹർജി നിലനിൽക്കുമെന്നാണ് വാരാണസി ജില്ല കോടതിയുടെ വിധി. വിധിയിൽ ഇന്ത്യ ഒന്നടങ്കം സന്തോഷിക്കുന്നുവെന്നും എന്റെ ഹിന്ദു സഹോദരന്മാർക്കും സഹോദരിമാർക്കും ദിവ്യത്വത്തിന്റെ തരിവെട്ടം കൈവന്നുവെന്നായിരുന്നു ഹർജിക്കാരിൽ ഒരാളായ മഞ്ജു വ്യാസിന്റെ പ്രതികരണം. ഇവരടക്കം നൃത്തം വെക്കുന്നതിന്റെ വിഡിയോ ദൃശ്യം എ.എൻ.ഐ ആണ് പുറത്തുവിട്ടത്.

ഗ്യാൻവാപി പള്ളിയോട് ചേർന്ന് ആരാധന നടത്താൻ അവകാശം നൽകണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹർജി നിലനിൽക്കുമെന്നായിരുന്നു വാരാണസി ജില്ല കോടതിയുടെ വിധി. ഹർജി തള്ളണമെന്നാവശ്യപ്പെട്ട് പള്ളി പരിപാലന കമ്മിറ്റി നൽകിയ ഹർജി കോടതി തള്ളുകയും ചെയ്തു.

ഹര ഹര മഹാദേവ എന്ന് ഉച്ചത്തിൽ ഘോഷിച്ച് ആഹ്ലാദനൃത്തം ചവുട്ടിയ മഞ്ജു മറ്റുള്ളവരെയും ആഹ്ലാദത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നതും 47 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയിലുണ്ട്.

ഹിന്ദു സ്ത്രീകൾ നൽകിയ ഹർജിയെ ചോദ്യം ചെയ്തുകൊണ്ട് അഞ്ജുമാൻ ഇസ്‌ലാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹർജി നൽകിയത്. ഹർജിയിൽ ജില്ല ജഡ്ജിയാണ് വിധി പറഞ്ഞത്. ഈ മാസം 22ന് കേസ് വീണ്ടും പരിഗണിക്കും. സുപ്രീംകോടതിയാണ് കീഴ്ക്കോടതിയിൽ നിന്ന് വാരാണസി ജില്ല കോടതിയിലേക്ക് കേസ് മാറ്റിയത്.

ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ നൽകിയ ഹർജിയിലാണ് സർവേ നടത്തി വീഡിയോ പകർത്താൻ ഏപ്രിൽ മാസം വാരാണസി കോടതി ഉത്തരവിട്ടിരുന്നു. പള്ളിയുടെ പരിസരത്ത് ശിവലിംഗത്തോട് സാമ്യമുള്ള നിർമ്മിതി കണ്ടെത്തിയെന്നായിരുന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്. എന്നാൽ മസ്ജിദ് കമ്മിറ്റി ഹർജിക്കാരുടെ അവകാശവാദങ്ങൾ നിരസിക്കുകയും കണ്ടെത്തിയത് ഒരു ജലധാരയാണെന്നും ശിവലിംഗമല്ലെന്നും വാദിച്ചു. വിധി പറയുന്ന പശ്ചാത്തലത്തിൽ വാരാണസിയിൽ വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്.