കൊച്ചി: ഹാദിയയെ കണ്ടെത്താൻ വീണ്ടും അച്ഛൻ. മകളെ ക്കുറിച്ച് വിവരമില്ലെന്നും കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് അച്ഛൻ വീണ്ടും നിയമ പോരാട്ടത്തിൽ. സംസ്ഥാനത്ത് ഏറെ ചർച്ചയായ മതപരിവർത്തനകേസിലെ ഹാദിയ (അഖില)യുടെ പിതാവ് വൈക്കം സ്വദേശി അശോകൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി. മകളുടെ ജീവൻ അപകടത്തിലായേക്കുമെന്നും അവളെ തടവിൽ വച്ചിരിക്കുന്നവർക്ക് നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്നും അശോകൻ ആരോപിക്കുന്നു.

അതിനിടെ അച്ഛനെ ഇപ്പോഴും സംഘ്പരിവാർ ആയുധമാക്കുകയാണെന്ന് ഹാദിയ ആരോപിച്ചിട്ടുണ്ട്്. എട്ടു വർഷം മുൻപ് ഇസ്‌ലാംമതം സ്വീകരിച്ച മകളെ കാണാനില്ലെന്ന് ആരോപിച്ച് വൈക്കം സ്വദേശി അശോകൻ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ഹാദിയ 'മീഡിയവണി'നോട് മനസ്സുതുറന്നത്. താനിപ്പോൾ പുനർവിവാഹിതയായി ഭർത്താവിനൊപ്പം തിരുവനന്തരുത്താണു കഴിയുന്നതെന്നും അക്കാര്യം അച്ഛനും പൊലീസ് ഉദ്യോഗസ്ഥർക്കുമെല്ലാം അറിയുമെന്നും അവർ പറഞ്ഞു. താനിപ്പോഴും മുസ്ലിമാണെന്നും സുരക്ഷിതയാണെന്നും ഹാദിയ വ്യക്തമാക്കി.

എന്നാൽ ബിഎച്ച്എംഎസ് പാസായ മകൾ വിവാഹ ശേഷം മലപ്പുറത്ത് ക്ലിനിക്ക് ആരംഭിച്ചിരുന്നു എന്ന് അശോകൻ പുതിയ ഹർജിയിൽ പറയുന്നു. എ എസ് സൈനബ എന്ന വ്യക്തിയും മർക്കാസുൽ ഹിദായ, സത്യശരണി എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ക്ലിനിക്ക് സ്ഥിതിചെയ്തിരുന്നത്. താനും ഭാര്യയും ഹാദിയയെ ഇടയ്ക്കിടെ ബന്ധപ്പെടുകയും ക്ലിനിക്കിൽ നേരിട്ട് പോയി കാണുകയും ചെയ്തിരുന്നു. ഷഫീനുമായി ഇപ്പോൾ തനിക്കു യാതൊരു ബന്ധവുമില്ലെന്നും ഷഫീൻ ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ലെന്നും അമ്മയോട് അവൾ പറഞ്ഞിരുന്നു എന്നും അതുകൊണ്ടു തന്നെ ഹാദിയയുടെ കാര്യത്തിൽ ആശങ്ക ഉണ്ടെന്നും അശോകൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഒരു മാസമായി ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ഡിസംബർ 3 ന് മകളുടെ ക്ലിനിക്കിൽ എത്തി. അത് പൂട്ടിക്കിടക്കുകയായിരുന്നു. സമീപവാസികളോട് തിരക്കിയെങ്കിലും യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇത് തന്റെ ഭയം ഇരട്ടിയാക്കിയതായും അശോകൻ പറയുന്നു. സൈനബയുടെയും ഷഫീൻ ജഹാന്റെയും തടവിൽ ആണ് തന്റെ മകളെന്നു സംശയിക്കുന്നതായും അശോകൻ പറയുന്നു. ഹാദിയ തടങ്കലിൽ ആണെന്നും സ്വതന്ത്രയാക്കി കോടതിയിൽ ഹാജരാക്കണമെന്നും അശോകന്റെ അഭിഭാഷകൻ സി രാജേന്ദ്രൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരു മാസമായി മകൾ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അതിനാലാണ് ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്യുന്നതെന്നും അശോകൻ പറയുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവർ അടുത്തയാഴ്ച കേസിൽ വാദം കേൾക്കും. തന്റെ മകൾ നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ അംഗങ്ങളായവരുടെ നിയമവിരുദ്ധ കസ്റ്റഡിയിലാണെന്നും അദ്ദേഹം ഹർജിയിൽ ആരോപിക്കുന്നു. ഹാദിയ കേസിൽ ആറാം പ്രതിയായ ഷെഫീൻ ജഹാനും നാലാം പ്രതിയും ചേർന്ന് തന്റെ മകളെ ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്നും നാലാംപ്രതിയും ആറാം പ്രതിയായ മകളുടെ ആദ്യ ഭർത്താവ് ഷെഫീൻ ജഹാൻ നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ അംഗമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

ഹാദിയ ആദ്യ ഭർത്താവായ ഷെഫീൻ ജഹാനുമായി വിവാഹബന്ധം വേർപ്പെടുത്തിയെന്നും രണ്ടാമത് മറ്റൊരു മുസ്ലിമിനെ വിവാഹം ചെയ്‌തെന്നുമുള്ള വാർത്ത ആദ്യമായി ലൗ ജിഹാദിനെതിരെ പ്രവർത്തിക്കുന്ന ക്രിസ്തീയ സംഘടന കാസയുടെ നേതാവ് കെവിൻ പീറ്റർ വെളിപ്പെടുത്തിയതോടെയാണ് ഹാദിയ പ്രശ്‌നം ചർച്ചാവിഷയമായത്. അശോകൻ എന്നയാളുടെ മകൾ അഖിലയാണ് ഹോമിയോ ഡോക്ടറാകാൻ പഠിക്കുന്നതിനിടെ ഇസ്ലാമിലേക്ക് മതം മാറി ഹാദിയായത്. അതിന് പിന്നാലെ ഹാദിയ കൊല്ലം സ്വദേശിയായ ഷെഫീൻ ജഹാനെ വിവാഹം കഴിച്ചതോടെ ഇത് ലൗ ജിഹാദാണെന്ന് ആരോപിച്ച് വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു.

ഹാദിയയായി മാറിയ മകൾ അഖില ഭീഷണിക്കുള്ളിലാണ് ജീവിക്കുന്നതെന്നാണ് താൻ കരുതുന്നതെന്ന് കഴിഞ്ഞ ദിവസം അച്ഛൻ അശോകൻ ആരോപിച്ചിരുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഖാലിദ് ദസ്തഗീർ എന്ന പേരുള്ള ഒരു മുസ്ലിം യുവാവിനെയാണ് ഹാദിയ രണ്ടാമത് വിവാഹം കഴിച്ചതെന്നാണ് വാർത്ത. അതീവ രഹസ്യമായാണ് വിവാഹം നടന്നതെന്നും ഇത് എന്തിനാണ് ഇത്ര രഹസ്യമാക്കി വെയ്ക്കുന്നതും അറിയുന്നില്ലെന്നും ഇനി അവൾ പൊട്ടിത്തെറിക്കുമോ (ഐഎസ് ഐഎസ് മോഡലിൽ ബോംബ് സ്‌ഫോടനത്തിലൂടെയുള്ള പൊട്ടിത്തെറി) എന്ന് പേടിയുണ്ടെന്നും അച്ഛൻ അശോകൻ ആരോപിച്ചിരുന്നു.

ഹാദിയയുടെ രണ്ടാം വിവാഹം രഹസ്യമായി നടത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് അശോകൻ ഇപ്പോഴും വിശ്വസിക്കുന്നു. തനിക്ക് അയാളോടൊത്ത് ജീവിക്കാൻ പറ്റുന്നില്ലെന്ന് ഒരിക്കൽ അഖില എന്ന ഹാദിയ പറഞ്ഞതായി അച്ഛൻ അശോകനും ഈയിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴും സൈനബയുടെ (ഒരു മുസ്ലിം വനിതാവിഭാഗത്തിന്റെ നേതാവ്) കീഴിലാണ് ഹാദിയയെന്നും അശോകൻ ആരോപിക്കുന്നു.

തന്റെ മകൾ അഖില എന്ന ഹാദിയയെ വിറ്റ് ചിലർ പണം വാങ്ങുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അമ്മ പൊന്നമ്മയും ഒരു അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് കുറയാതെ ഒരു 25 ലക്ഷമെങ്കിലും കിട്ടിയിട്ടുണ്ടാകുമെന്നും പൊന്നമ്മ പറഞ്ഞതും ഹാദിയ പ്രശ്‌നത്തെ കൂടുതൽ വിവാദമാക്കി.

മീഡിയാ വണ്ണിനോട് ഹാദിയ പറഞ്ഞത്

''ഇസ്ലാംമതം സ്വീകരിച്ചിട്ട് എട്ടുവർഷമായി. തുടക്കം മുതൽ എന്നെ ജീവിക്കാൻ അനുവദിക്കാത്ത തരത്തിൽ അച്ഛന്റെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. അച്ഛനെ ഇപ്പോഴും സംഘ്പരിവാർ തങ്ങളുടെ ആയുധമായി ഉപയോഗിക്കുകയാണ്. അച്ഛൻ അതിനു നിന്നുകൊടുക്കുന്നുവെന്നത് സങ്കടകരമാണ്. അതു വ്യക്തിജീവിതത്തിൽ നല്ല ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.''-ഹാദിയ ചൂണ്ടിക്കാട്ടി. അച്ഛനും അമ്മയുമായി ഫോണിലും മറ്റും നിരന്തരം ആശയവിനിമയം നടക്കുന്നുണ്ട്. എന്നിട്ടും അച്ഛൻ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു കേസ് കൊടുക്കുകയാണ്. സൈബർ ആക്രമണങ്ങൾക്കെതിരെ നിയമനടപടി കൈക്കൊള്ളുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. തുടർനടപടികളുണ്ടാകും.

''സുപ്രിംകോടതി എന്നെ എന്റെ സ്വാതന്ത്ര്യത്തിനു വിടുകയാണു ചെയ്തത്. സ്വാതന്ത്ര്യം വേണമെന്നാണ് ഞാൻ സുപ്രിംകോടതിയിൽ ചോദിച്ചത്. ഞാൻ പ്രായപൂർത്തിയായ സ്ത്രീയാണ്. എനിക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. അതാണ് കോടതി പൂർണമായും എനിക്ക് അംഗീകരിച്ചുതന്നിട്ടുള്ളത്. ആ സമയത്ത് ഷെഫിൻ ജഹാനെ കല്യാണം കഴിച്ചിരുന്നു. അതു കോടതി അംഗീകരിക്കുകയും ചെയ്തു. പിന്നീട് മുന്നോട്ടുപോകാൻ സാധിക്കില്ലെന്നു തോന്നിയ ഘട്ടത്തിൽ രണ്ടുപേരും തീരുമാനിച്ചു പിരിയുകയായിരുന്നു. ഒരു വക്കീലിനെ കണ്ട് നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

വീണ്ടും വിവാഹിതയായിട്ടുണ്ട്. അതേക്കുറിച്ച് സമൂഹം ചർച്ച ചെയ്യേണ്ട ആവശ്യമില്ല. വേർപിരിയാനും പുനർവിവാഹം ചെയ്യാനും എല്ലാവരെയും ഭരണഘടന അനുവദിക്കുന്നുണ്ട്. ഞാൻ ചെയ്യുമ്പോൾ മാത്രം എല്ലാവരും എന്തിനാണ് ഇങ്ങനെ അസ്വസ്ഥരാകുന്നത്. പ്രായപൂർത്തിയായ ഒരു സ്ത്രീയാണു ഞാൻ. എനിക്ക് എന്റേതായ തീരുമാനമെടുക്കാനുള്ള പ്രായവും പക്വതയുമായിട്ടുണ്ട്. അതനുസരിച്ചാണു വിവാഹബന്ധം വേർപ്പെടുത്തിയതും പറ്റിയ ഒരാളെ വീണ്ടും വിവാഹം കഴിച്ചതും. ഞാൻ സുരക്ഷിതയായാണു കഴിയുന്നത്. അത് ഏറ്റവും നന്നായി എന്റെ മാതാപിതാക്കൾക്ക് അറിയാം. പൊലീസിനും സ്പെഷൽ ബ്രാഞ്ചിനുമെല്ലാം അത് അറിയാം. അവരെല്ലാം എന്നെ വിളിക്കുന്നതാണ്. അതിൽ ഇനി എന്തിനാണു വ്യക്തത ആവശ്യമുള്ളതെന്ന് അറിയില്ല. പുതിയ കുടുംബജീവിതത്തിൽ സന്തോഷവതിയാണ്.''

ഹാദിയ എവിടെയാണെന്ന് അറിയില്ലെന്ന അച്ഛന്റെ പുതിയ ഹേബിയസ് കോർപസിൽ ഒരു വസ്തുതയുമില്ലെന്നും അവർ വ്യക്തമാക്കി. അച്ഛൻ ഒരു ദിവസം എന്നെ വിളിച്ചു പുതിയ വിവാഹബന്ധത്തെക്കുറിച്ചും സ്ഥലത്തെക്കുറിച്ചുമെല്ലാം ചോദിച്ചിരുന്നു. എല്ലാം വിശദമായി പറയുകയും ഭർത്താവിന്റെ ഉമ്മ അവരുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

എല്ലാവരും സത്യസന്ധരായി നിൽക്കുന്നവരല്ല. മാതാപിതാക്കളുടെ വികാരങ്ങൾക്കു വലിയ പ്രാധാന്യം കൊടുക്കണമെന്നു വിശ്വസിക്കുന്നയാളുമാണ് ഞാൻ. അത് എന്റെ മതത്തിൽ നിർബന്ധമായ കാര്യമാണ്. ഞാൻ മുസ്ലിമാണ്. മുസ്ലിമാകാനായാണ് ഇത്രയും വർഷം കഴിഞ്ഞത്. മുസ്ലിമായ ശേഷമാണ് വിവാഹജീവിതം തിരഞ്ഞെടുത്തത്. ആദ്യത്തെയും രണ്ടാമത്തെയും വിവാഹങ്ങളെല്ലാം എന്റെ തിരഞ്ഞെടുപ്പുകളാണ്. അതിൽ വേറെ സംഘടനകളുണ്ടെന്നു പറയുന്നതിൽ ഒട്ടും വസ്തുതയില്ല. എന്റേതായ ഇടത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. ആ സ്വകാര്യതയാണ് മാതാപിതാക്കളുടെയും മാധ്യമങ്ങളുടെയും ഇടപെടൽ കാരണം ഇല്ലാതാകുന്നതെന്നും ഹാദിയ ചൂണ്ടിക്കാട്ടി

ലൗജിഹാദ് ആരോപണങ്ങളെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും അവർ വ്യക്തമാക്കി. ഇതേക്കുറിച്ച് ഒരുപാട് തവണ പറഞ്ഞതാണ്. കോടതിയിൽ തന്നെ അതിന്റെ തെളിവുകളുള്ളതാണ്. 2016ൽ ഇസ്ലാം മതം സ്വീകരിച്ച ശേഷം ഹൈക്കോടതിയിൽ ഞാൻ ഹാജരായതാണ്. അന്ന് ഞാൻ വിവാഹിതയായിരുന്നില്ല. പിന്നീട് ഒരു വർഷം കഴിഞ്ഞാണ് ഷെഫിൻ ജഹാനെ വിവാഹം കഴിച്ചത്. അതിനും കുറേ വർഷം കഴിഞ്ഞാണ് രണ്ടാം വിവാഹം. ഇത് പ്രണയവിവാഹമല്ല. ഇസ്ലാമികമായ രീതിയിലുള്ള വിവാഹമായിരുന്നുവെന്നും ഹാദിയ പറഞ്ഞു.

ഞാൻ സന്തോഷത്തോടെയാണു ജീവിച്ചത്. ജീവിതത്തിൽ ഒരുതരത്തിലുമുള്ള സ്വാതന്ത്ര്യക്കുറവോ സന്തോഷക്കുറവോ ഉണ്ടായിട്ടില്ല. മുന്നോട്ടുപോകാൻ പറ്റില്ലെന്ന സാഹചര്യം വന്നപ്പോൾ രണ്ടുപേരും തീരുമാനിച്ചു വേർപിരിയുക മാത്രമാണുണ്ടായത്. കല്യാണം കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മാറിയിട്ടുണ്ട്. മലപ്പുറത്തെ ക്ലിനിക്ക് ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് പുതിയതു തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ഉന്നതവിദ്യാഭ്യാസത്തിനുള്ള ആലോചനയുമുണ്ടെന്നും ഹാദിയ കൂട്ടിച്ചേർത്തു.