കോഴിക്കോട്: കേരള മന:സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു, ചോദ്യപ്പേറില്‍ പ്രവാചകനിന്ദ ആരോപിച്ച്, തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന പ്രെഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി ഇസ്ലാമിക തീവ്രവാദികള്‍ വെട്ടിമാറ്റിയ സംഭവം. ഈ ഹീനമായ കൃത്യത്തിന്റെ പേരില്‍ കേരളത്തിലെ ഒരു കോളജില്‍ ലഡു വിതരണം നടന്നുവെന്ന് പറഞ്ഞാല്‍ അത് ഞെട്ടിപ്പിക്കുന്നതാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു വെളിപ്പെടുത്തലായിരുന്നു, സമസ്ത മുശാവറ അംഗം അബ്ദുല്‍ സലാം ബാഖവി നടത്തിയത്.

മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുളള വാഫി കോളേജുകള്‍ക്കെതിരെയാണ് ഇദ്ദേഹം പ്രതികരിച്ചത്. കോഡിനേഷന്‍ ഓഫ് ഇസ്ലാമിക്ക് കോളേജിന്റെ (സിഐസി) സെക്രട്ടറി അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരിയുടെ അനുയായികള്‍ക്ക് എതിരെയാണ് വിമര്‍ശനം. ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോള്‍ ഹക്കീം ഫൈസിയുടെ അനുയായികള്‍ ലഡു വിതരണം നടത്തിയെന്നാണ് സലാം ബാഖവി വെളിപ്പെടുത്തിയത്. ജമാഅത്തെ ആശയങ്ങളാണ് വാഫി കോളേജുകളില്‍ പ്രചരിക്കുന്നതെന്നും സുന്നി ആദര്‍ശന സമ്മേളനത്തില്‍ സലാം ബാഖവി ആരോപിച്ചിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക സംഘടനയില്‍ കഴിഞ്ഞ കുറേക്കാലമായി കടുത്ത ഭിന്നതകള്‍ നിലനില്‍ക്കയാണ്. സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയാണ്, സലാം ബാഖവിയുടെ നേതൃത്വത്തിലുള്ളവര്‍. കൈവെട്ട് കേസ് സംബന്ധിച്ച വെളിപ്പെടുത്തല്‍ കൂടി വന്നതോടെ സമസ്തയിലെ ഭിന്നത രൂക്ഷമായിരിക്കയാണ്.

മറുപടിയുമായി ആദൃശ്ശേരി


2010 ജൂലൈ നാലിന് പൂക്കിപ്പറമ്പ് ഹൈദ്രോസ് സ്മാരക വാഫി കോളേജില്‍ ഒരു ലഡു വിതരണം നടന്നുവെന്ന് സലാം ബാഖവി പറഞ്ഞു. ചരിത്രം പരിശോധിച്ചാല്‍ എന്തിനാണ് ആ ലഡു വിതരണം നടന്നതെന്ന് മനസിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പൂക്കിപ്പറമ്പ് ഹൈദ്രോസ് സ്മാരക വാഫി കോളജിലെ പ്രിന്‍സിപ്പല്‍, ഹക്കീം ഫൈസിയുടെ വലംകൈ അല്ലേയെന്നും സലാം ബാഖവി ചോദിച്ചിരുന്നു. സമസ്തയുടെ പുതിയതായി രൂപികരിച്ച വിദ്യാഭ്യാസ കോളേജുകളുടെ ചുമതലയുളള മുശാവറ അംഗം കൂടിയാണ് സലാം ബാഖവി. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോഴിക്കോട് മുതലക്കുളത്തുവെച്ചാണ് സലാം ബാഖവി ഈ പ്രസംഗം നടത്തിയത്. ഇന്ന് മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ഹക്കീം ഫൈസി ഇതിന് മറുപടി നല്‍കിയത്.

എല്ലാ തീവ്രവാദ നിലപാടുകള്‍ക്കും എതിരായ വ്യക്തിയാണ് താനെന്നും, സലാം ബാഖവി നടത്തുന്ന പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും ഹക്കീം ഫൈസി ആദൃശ്ശേരി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ നിലപാടുകളെക്കുറിച്ച് താന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളോട് ചോദിച്ചാല്‍ മതി. ഇത്തരം വിവാദങ്ങള്‍ ഒക്കെ അവസാനിപ്പിക്കണം. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടിയെക്കുറിച്ച് ആലോചിക്കും. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഉമര്‍ ഫൈസിയും, മറ്റൊരു വ്യക്തിയുമാണെന്ന് ഹക്കീം ഫൈസി പറഞ്ഞു. സമസ്തയില്‍ ഒരു ശുദ്ധീകരണം ആവശ്യമാണ്. ശൈലികള്‍ തിരുത്താന്‍ സമസ്ത തയ്യാറാകണം. യാഥാസ്ഥിതിക വാദങ്ങളില്‍ ഉള്‍പ്പടെ മാറ്റം ഉണ്ടാവണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനമാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ജോസഫ് മാഷിന്റെ കൈ വെട്ടിയ ദിവസം എവിടെയാണ് ലഡു വിതരണം നടന്നത് എന്ന് എനിക്കറിയില്ല. എന്നാല്‍ മലയാളി എന്ന നിലയില്‍ ജോസഫ്് മാഷിന്റെ കൈ വെട്ടലിനോടും അത്തരത്തിലുള്ള തീവ്ര നിലപാടുകളോടും ഞാന്‍ കണിശമായി എതിരാണ്. രാജ്യത്ത് പരിശുദ്ധമായ ഒരു ഭരണഘടന നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിയമവാഴ്ചക്ക് എതിരായി കയ്യും കാലും വെട്ടുന്നതിനോട് യോജിപ്പില്ല. സലാം ബാഖവിയുടെ ആരോപണം ഞാന്‍ ലഡുവിതരണം നടത്തിയെന്നല്ല. സ്ഥാപനത്തില്‍ ലഡുവിതരണം നടന്നുവെന്നാണ്. ഏതെങ്കിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ എന്തെങ്കിലും നടന്നാല്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി മറുപടി പറയണം എന്നതുപോലെയാണിത്''- ഹക്കീം ഫൈസി ചൂണ്ടിക്കാട്ടി.

സാദിഖലി തങ്ങളെ വിമര്‍ശിക്കുന്നത്, കേരളീയ സൂമൂഹം ഏറ്റെടുക്കില്ലെന്നും പാണക്കാട് കുടുംബത്തെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും, അദ്ദേഹം പറഞ്ഞു. പാണക്കാട് കുടുംബത്തോടുള്ള അസൂയയും, അത് തകര്‍ന്നാല്‍ രാഷ്ട്രീയ നേട്ടം കാത്തിരിക്കുന്ന പലരുടെയും ആഗ്രഹങ്ങളാണ് ഇത്തരം സമയങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്നും ആദൃശ്ശേരി കൂട്ടിച്ചേര്‍ത്തു.