തിരുവനന്തപുരം: പതുവൽസരം പിറന്നു. ഇനി 2023 ഓർമ. മുമ്പിലുള്ളത് 2024 എന്ന വലിയ പ്രതീക്ഷ. ബീച്ചുകളും ക്ലബ്ബുകളും തുടങ്ങി പൊതു ഇടങ്ങളും ഫ്ളാറ്റ് സമുച്ചയങ്ങളും വരെ പുതുവൽസരത്തെ നെഞ്ചിലേറ്റി. കരിമരുന്ന് പ്രയോഗങ്ങളിലൂടെ അവർ പുതുവൽസരത്തെ ആവേശത്തോടെ സ്വാഗതം ചെയ്തു. പൊലീസിന്റെ നിയന്ത്രണങ്ങൾ മുമ്പിലുള്ളപ്പോഴും ആഘോഷ രാവിൽ മലയാളിയും അടിച്ചു പൊളിച്ചു. പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയാണ് പുതുവർഷത്തെ ആദ്യം വരവേറ്റത്. പിന്നാലെ ന്യൂസീലൻഡിലും ആഘോഷമെത്തി.

പശ്ചിമേഷ്യയിലും യുക്രെയ്‌നിലും സംഘർഷം രൂക്ഷമായി തുടരുന്ന ഘട്ടത്തിലാണ് ലോകം പുതുവർഷത്തെ വരവേറ്റത്. ഗസ്സയിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലും ഷാർജയിലും പുതുവത്സര ആഘോഷങ്ങളുണ്ടായിരുന്നില്ല. ഇസ്രയേലിൽ ജൂത കലണ്ടർ ആരംഭിക്കുന്ന റോഷ് ഹഷാനയിലാണ് പുതുവർഷം ആഘോഷിക്കുന്നത്. റഷ്യയിലും ഇത്തവണ ആഘോഷങ്ങളുണ്ടായിരുന്നില്ല. യുദ്ധ പ്രതിസന്ധിയായിരുന്നു ഇതിന് കാരണം.

രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. പ്രധാന നഗരങ്ങളായ ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ആഘോഷം പൊടിപൊടിച്ചു. കേരളത്തിലെ പ്രധാന നഗരങ്ങളിൽ പൊലീസ് നിയന്ത്രണങ്ങൾക്കിടെയായിരുന്നു ആഘോഷം. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം ന?ഗരങ്ങളിൽ വലിയ ആഘോഷത്തോടെ ജനം പുതുവർഷത്തെ വരവേറ്റു. രാജ്യത്തെ പ്രമുഖർ ജനങ്ങൾക്ക് പുതുവർഷ ആശംസകൾ നേർന്നു. പ്രമുഖ ബാൻഡുകളുടെ സംഗീത പരിപാടികളും ഡി.ജെ. പാർട്ടികളുമുൾപ്പെടെ തിരുവനന്തപുരത്ത് അൻപതോളം ഇടങ്ങളിലാണ് പ്രധാനമായും പുതുവർഷത്തെ വരവേൽക്കാൻ പരിപാടികൾ സംഘടിപ്പിച്ചത്.

ഷോപ്പിങ് മാളുകളിലും പ്രത്യേക പരിപാടികൾ ഉണ്ടായിരുന്നു. പ്രത്യേക പാക്കേജുകൾ ഒരുക്കി നഗരത്തിലെയും പുറത്തെയും ഹോട്ടലുകൾ ബുക്കിങ്ങിൽ നിറഞ്ഞിരുന്നു. കോവളം, ശംഖുംമുഖം, വർക്കല ബീച്ചുകൾ ജനത്തിരക്കിൽ മുങ്ങി. മാനവീയം വീഥിയും കനകക്കുന്നുമായിരുന്നു നഗരത്തിലെ പ്രധാന ആഘോഷകേന്ദ്രങ്ങൾ. എല്ലായിടവും കനത്ത പൊലീസ് നിരീക്ഷണമുണ്ടായിരുന്നു. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് ഒരുക്കുന്ന വസന്തോത്സവത്തിന് വേദിയായ കനകക്കുന്നിലും പുതുവർഷ രാവ് ആഘോഷപൂർവമായി. കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിച്ച് ജനം ആഘോഷം കൊഴുപ്പിച്ചു. കോഴിക്കോട് ബീച്ചിലും വൻ ജനക്കൂട്ടം പുതുവൽസരത്തെ വരവേൽക്കാൻ ഒത്തുകൂടി.

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുള്ള കോലം കത്തിച്ച് എസ് എഫ് ഐ രാഷ്ട്രീയവും ചർച്ചയാക്കി. പുതുവർഷ ആഘോഷത്തിനിടെയാണ് 30 അടി ഉയരമുള്ളകോലം കത്തിച്ചത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഗവർണർക്കെതിരെയുള്ള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കലെന്നാണ് എസ്എഫ്ഐ നേതൃത്വം പറയുന്നത്. പാപ്പാഞ്ഞിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ വലിയ കോലമാണ് ബീച്ചിൽ തയ്യാറാക്കിയത്. സർവകലാശാലകളെ കാവിവത്ക്കരിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് എസ് എസ് ഐ ഉയർത്തുന്നത്.

പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തി 2024നെ ആദ്യം വരവേറ്റു. തൊട്ടുപിന്നാലെ ന്യൂസീലൻഡിലും പുതുവർഷം പിറന്നു. ന്യൂസീലൻഡിന് ശേഷം സമീപ രാജ്യമായ ഓസ്‌ട്രേലിയയിലാണു പുതുവർഷമെത്തിയത്. ഓക്ലൻഡ് ടവറിൽ വൻ ആഘോഷങ്ങളോടെയാണ് ന്യൂസീലൻഡ് പുതുവർഷത്തെ വരവേറ്റത്. സിഡ്നിയിലും കണ്ണഞ്ചിപ്പിക്കുന്ന വർണക്കാഴ്ചകളായിരുന്നു. സിഡ്നിയിലെ വിശ്വവിഖ്യാതമായ ഹാർബർ ബ്രിജിന്റെയും ഓപ്പറ ഹൗസിന്റെയും പശ്ചാത്തലത്തിലായിരുന്നു ആഘോഷങ്ങൾ.

പിന്നാലെ ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെ ഓരോ രാജ്യങ്ങളും പുതുവത്സര രാവിലേക്ക്. പുതുവർഷം ഏറ്റവും വൈകിയെത്തുന്നത് അമേരിക്കയിലെ ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. മനുഷ്യവാസമില്ലാത്ത ഈ ദ്വീപുകളിൽ പുതുവർഷം പിറവിയെടുക്കുക ഇന്ത്യയിൽ ജനുവരി 1 പകൽ 4.30 ആകുമ്പോഴാണ്.