നെടുങ്കണ്ടം: മാവടി പൊന്നാമലയിൽ പേൻ ആക്രമണത്തിൽ പരക്കെ ഭീതി. ഇതിനകം ഹാർഡ് ടിക് ഇനത്തിൽ പെട്ട പേനിന്റെ കടിയേറ്റ 30 ളം പേർ ചികത്സ തേടി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ വനമേഖലയോട് ചേർന്ന് കുരുമുളക് തോട്ടങ്ങളിൽ ജോലി ചെയ്യുന്നവർക്കും കുടുംബാംഗങ്ങൾക്കുമാണ് പേനിന്റെ കടിയേറ്റിട്ടുള്ളത്.

ശരീരമാസകലം ചൊറിച്ചിലാണ് പേനിന്റെ കടിയേറ്റവർ നേരിടുന്ന പ്രധാന അസ്വസ്ഥത. വയർ, മാറിടം, തുട, കഴുത്ത്, മുതുക് എന്നിവിടങ്ങളിൽ പേനുകളെ പറ്റിപ്പിടിച്ചിരിക്കുന്ന നിലയിൽ കണ്ടതായും കടിയേറ്റ് ചികത്സ തേടിയവർ മെഡിക്കൽ സംഘത്തോട് വെളിപ്പെടുത്തി. ചെറിയ ചെള്ളിന്റെ രൂപമായിരുന്നതിനാലും വേദന ഇല്ലാത്തതിനാലും പലർക്കും പേനിനെ തിരിച്ചറിയാൻ കഴിയാതെ വന്നതായിട്ടാണ് പട്ടംകോളനി മെഡിക്കൽ ഓഫീസർ ഡോ. വി.കെ പ്രശാന്ത് നൽകുന്ന വിവരം.

മേഖലയിലെ ഫീൽഡ് വർക്കർമാർ അറിയിച്ചതനുസരിച്ച് കഴിഞ്ഞദിവസം പൊന്നാമല സെന്റ് മേരീസ് പള്ളിയിൽ വച്ച് പേൻ ആക്രമണം സംബന്ധിച്ചുള്ള ഭീതിയകറ്റാൻ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. പേൻ കടിച്ചിടതോ പേനിനെ നീക്കം ചെയ്തതോ ആയ ശരീര ഭാഗങ്ങൾ ചുവന്ന് നീര് വയ്ക്കുകയും അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് പേനിന്റെ കടിയേറ്റവർ പറയുന്നത്.

മെഡിക്കൽ സംഘം നടത്തിയ തുടർ അന്വേഷണത്തിൽ കടിയേറ്റ ആർക്കുംതന്നെ ലോക്കൽ ബൈറ്റ് റിയാക്ഷൻ ഒഴികെ തലവേദന, കഴലവീക്കം, സന്ധിവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായിട്ടില്ലെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു. എല്ലാവർക്കും ആവശ്യമായ മരുന്നുകൾ നൽകി. പനിയോ മറ്റ് അനുബന്ധ രോഗലക്ഷണങ്ങളോ ഉണ്ടായാൽ മുണ്ടിയെരുമ ആശുപത്രിയിലോ ആരോഗ്യ പ്രവർത്തകരെയോ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നാട്ടുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രദേശവാസികളുടെ സഹായത്തോടെ പേനുകളെ ശേഖരിച്ച് പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിൽ എത്തിക്കുകയും ഗവേഷണ കേന്ദ്രം മേധാവി പ്രൊഫ. മുരുകൻ, അസി. പ്രൊഫസർ നഫീസ് എന്നിവർ പേനിനെ പരിശോധിക്കുകയും ചെയ്തു. ഹാർഡ് ടിക് ഇനത്തിൽ പെട്ട ജീവിയാണെന്നും മേഖലയിലെ കുരങ്ങ്, പന്നി, പശുക്കൾ തുടങ്ങിയ ജീവികളിൽ നിന്നാകാം ഇത് മനുഷ്യരിലേക്ക് പകർന്നതെന്നുമാണ് ഇവരുടെ വിലയിരുത്തൽ.

കാലാവസ്ഥാ വ്യതിയാനവും വനാതിർത്തിയോട് ചേർന്നുള്ള ഭൂപ്രകൃതിയുമാകാം ഇവയുടെ വർദ്ധനവിന് കാരണമെന്നാണ് വിലയിരുത്തൽ . ശേഖരിച്ച സാമ്പിളുകൾ ലാർവ്വാ സ്റ്റേജ് ആയതിനാൽ അഡൽറ്റ് ടിക്കിനെ പരിശോധനയ്ക്കായി ശേഖരിക്കാനും ആരോഗ്യ വകുപ്പ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് പട്ടംകോളനി മെഡിക്കൽ ഓഫീസർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകി. പൊന്നാമലയിൽ നടന്ന ക്യാമ്പിന് ഡോ. പ്രശാന്ത്, ആരോഗ്യ പ്രവർത്തകനായ അമ്പാൻ, ശശിപ്രസാദ്, ബിൻസി ജോൺ, ആശാപ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.