- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
തിരുവനന്തപുരം: തന്റെ ഉറ്റ സുഹൃത്തായിരുന്ന ഇന്നസെന്റിനെ കാണാൻ മോഹൻലാൽ ഇന്ന് രാജസ്ഥാനിലെ ഷൂട്ടിങ് തിരക്കുകളിൽ നിന്നുമാണ് പറന്നെത്തിയത്. ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയാണ് മോഹൻലാൽ അന്ത്യോപചാരം അർപ്പിച്ചത്. ഇരിങ്ങാലക്കുട ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷമാണ് ഇന്നസെന്റിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.
അതേസമയം ഇന്നലെ ഇന്നസെന്റ് മരിച്ചുവെന്ന വാർത്ത അറിഞ്ഞ ശേഷവും മോഹൻലാൽ ഷൂട്ടിങ് തിരക്കിലായിരുന്നു. ലിജോ ജോസ് പല്ലിശേരിയുടെ മലൈക്കോട്ടെ വാലിബൻ സിനിമയുടെ ഷൂട്ടിങ് തിരക്കിലായിരുന്നു ലാൽ. ഇവിടെ എല്ലാവരും തയ്യാറായിരിക്കവേയാണ് മോഹൻലാൽ ഇന്നസെന്റിന്റെ മരണ വാർത്ത അറിഞ്ഞതും. ഇതേക്കുറിച്ച് മോഹൻലാൽ തന്നോട് വിവരിച്ചത് എങ്ങനെയെന്ന് വിവരിച്ചു കൊണ്ട് നടൻ ഹരീഷ് പേരടി രംഗത്തുവന്നു. സിനിമയെന്ന സ്വപനത്തെ യാഥാർത്ഥ്യങ്ങളിൽ എത്തിക്കാൻ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു നടന്റെ അല്ല ഒരു മനുഷ്യന്റെ മഹാവേദന..താൻ കണ്ടവെന്നാണ് ഹരീഷ് കുറിക്കുന്നത്.
കഥാപാത്രത്തിന്റെ മുഴുവൻ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടൻ ഇന്നസെന്റ് മരിച്ച വിവരം അറിയിച്ചുവെന്നാണ് ഹരീഷ് കുറിക്കുന്നത്. ..'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും...ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ് എന്നു പറഞ്ഞ് അഭിനയ വഴിയിൽ നീങ്ങുകയാണ്. ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേർ ചിത്രമാണെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിക്കുന്നു.
ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ:
ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേർ ചിത്രമാണ്...ഇന്നലെ രാത്രിയാണ് മുംബൈയിലെ ഷൂട്ട് കഴിഞ്ഞ് ലാലേട്ടൻ രാജസ്ഥാനിൽ എത്തുന്നത്..ആയിരത്തോളം കലാകാരന്മാർ പങ്കെടുക്കുന്ന ഒരുഗാനരംഗം..കഥാപാത്രത്തിന്റെ മുഴുവൻ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു..'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും...ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ് '..സിനിമയെന്ന സ്വപനത്തെ യാഥാർത്ഥ്യങ്ങളിൽ എത്തിക്കാൻ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു നടന്റെ അല്ല ഒരു മനുഷ്യന്റെ മഹാവേദന...ഒരുപാട് ഓർമ്മകൾ തിളച്ച് മറിയുന്ന ആ കണ്ണുകളിലേക്ക് ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു...പുലർച്ചെ നാലുമണി വരെ പോയ ഷൂട്ടും കഴിഞ്ഞ് അദ്ദേഹം പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ കൊച്ചിയിലേക്ക്..ഇന്നസെന്റ് സാർ...ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാൻ ആഗ്രഹിക്കും..കാരണം ചിരിയുടെ സംഗീതത്തിലൂടെ നിങ്ങൾ ഉണ്ടാക്കിയ ചിന്തകൾ അത്രയും വലുതാണ്...പകരം വെക്കാനില്ലാത്തതാണ് ...സ്നേഹത്തോടെ...
നേരത്തെ ഇന്നസെന്റിനെ അനുസ്മരിച്ച് മോഹൻലാൽ രാവിലെ ഹൃദയഹാരിയായ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. പോയില്ല എന്നു വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നതെന്ന് മോഹൻലാൽ കുറിച്ചു.
'ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്.' മോഹൻലാലിന്റെ വാക്കുകൾ.
ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും എന്നുപറഞ്ഞുകൊണ്ടാണ് മോഹൻലാൽ കുറിപ്പ് അവസാനിപ്പിച്ചത്. കൊച്ചിയിലെ വി.പി.എസ്. ലേക്ഷോർ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 10.30-ഓടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. ഹ്രസ്വമായ അമേരിക്കൻയാത്ര കഴിഞ്ഞെത്തിയ ഇന്നസെന്റ് മൂന്നാഴ്ചയോളമായി ന്യുമോണിയയും മറ്റസുഖങ്ങളും ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യം ഐസൊലേഷൻ വാർഡിലും പിന്നീട് ഐ.സി.യു.വിലുമായിരുന്നു. ഞായറാഴ്ച രാത്രിയോടെ നില വഷളാവുകയായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10-ന് ഇരിങ്ങാലക്കുട സെയ്ന്റ് തോമസ് കത്തീഡ്രലിൽ നടക്കും.
മറുനാടന് മലയാളി ബ്യൂറോ