- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മേടെ അച്ഛൻകുട്ടി, ഞങ്ങളുടെ സന്തോഷത്തിന്റെ നൂൽ അവന്റെ കയ്യിലായിരുന്നു; അകാലത്തിൽ പൊലിഞ്ഞ പി.ബിജുവിന്റെ മകന് ഇന്ന് പിറന്നാൾ, ആശംസകളുമായി ബിജുവിന്റെ കൂട്ടുകാർ; ഓർമ്മകൾ ചിലത് അത്രമേൽ സുഖമുള്ളതും അത്രതന്നെ നോവുള്ളതുമാണെന്ന് ഹർഷ ബിജു
തിരുവനന്തപുരം :ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ മുഖമായിരുന്ന പി.ബിജുവിന്റെ മകന്റെ പിറന്നാൾ ദിനത്തിൽ ഭാര്യ ഹർഷാ ബിജുവിന്റെ കുറിപ്പ് ബിജുവിനെ സ്നേഹിക്കുന്നവർക്ക് തീരാനൊമ്പരമാകുന്നു. യുവജനപ്രസ്ഥാനങ്ങളിലൂടെ പാർട്ടിയിലേക്ക് എത്തിയ ബിജു സൗമ്യതയുടെ മുഖമായിരുന്നു. അതിനാലാണ് ഹർഷയുടെ കുറിപ്പ് ഉള്ളു പൊള്ളിക്കുന്നത്
അമ്മേടെ അച്ഛൻകുട്ടി............ എന്ന ആമുഖത്തോടെയാണ് കുറിപ്പ്. ബിജുവിന്റെ വേർപാടിന് നടുവിലും ആ സ്നേഹത്തെ വരച്ചുകാട്ടുകയാണ് ഹർഷ. ഓർമ്മകൾ ചിലത് അത്രമേൽ സുഖമുള്ളതും അത്രതന്നെ നോവുള്ളതുമാണെന്നും പറയുന്നു.
ഹർഷയുടെ കുറിപ്പ് ഇങ്ങനെ:
'അമ്മേടെ അച്ഛൻകുട്ടി'
ഒക്ടോബർ 15 അവനെ ഞങ്ങളുടെ കൈകളിലേക്ക് ഏറ്റുവാങ്ങിയ ദിവസം, പിന്നീടങ്ങോട്ടുള്ള ഞങ്ങളുടെ സന്തോഷത്തിന്റെ നൂൽ അവന്റെ കയ്യിലായിരുന്നു. അച്ഛനോടൊപ്പമുള്ള അവസാന പിറന്നാൾ തലേന്ന് അച്ഛൻ വാങ്ങി കൊണ്ടു വന്ന കേക്ക് അന്ന് രാത്രി ഉറങ്ങുന്നതിനു മുൻപ് തന്നെ അച്ഛനെക്കൊണ്ട് മുറിച്ചു ചെയ്തു കഴിച്ചിട്ടേ അപ്പു ഉറങ്ങിയുള്ളൂ. ഓർമ്മകൾ ചിലത് അത്രമേൽ സുഖമുള്ളതും അത്രതന്നെ നോവുള്ളതുമാണ്. അമ്മക്കുട്ടന് പിറന്നാൾ ഉമ്മകൾ'
സിപിഎം നേതാവും യുവജനക്ഷേമബോർഡ് വൈസ് ചെയർമാനുമായിരുന്ന പി. ബിജു വിടവാങ്ങിയിട്ട് നവംബർ 4ന് രണ്ടു വർഷം തികയും. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ 2020 നവംബർ നാലിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്. കോവിഡ് നെഗറ്റീവായിരുന്നെങ്കിലും പോസ്റ്റ്കോവിഡ് പ്രശ്‌നങ്ങൾ മരണത്തിലേയ്ക്ക് നയിക്കുകയായിരുന്നു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നു.
വിദ്യാർത്ഥി സമരങ്ങളിലെ മുൻനിരപ്പോരാളിയായിരുന്നു പി ബിജു. എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. സമരമുഖങ്ങളിലെ വേട്ടയാടലുകളിൽ പതറാത്ത കമ്യൂണിസ്റ്റാണ് ബിജു. ശാരീരികമായ പരിമിതികളെ അതിജീവിച്ച് കുട്ടിക്കാലം മുതൽക്കെ വിദ്യാർത്ഥി സംഘടനാ രാഷ്ട്രീയത്തിലൂടെ വളർന്നു വന്ന നേതാവായിരുന്നു അദ്ദേഹം.
ആശയപരമായ ഉൾക്കാഴ്ചയും സർഗാത്മകമായ സംഘാടന പാടവവും സംഘടനാ രംഗത്ത് പുലർത്തിയ മികവുമാണ് പി ബിജുവിനെ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുയർത്തിയത്. യുവജനപ്രസ്ഥാനത്തിന്റെ ഭാരവാഹിയായും മികവ് തെളിയിച്ചു. എസ്.എഫ്.ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കും എന്നും ആവേശമായിരുന്നു പി ബിജു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്