കോഴിക്കോട്: വയറ്റിൽ കത്രികയുമായി വേദന തിന്ന് കഴിയേണ്ടി വന്ന ഹർഷിനക്ക് ഇനിയെങ്കിലും നീതി കിട്ടുമോ? പസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച സംഭവത്തിൽ ഒടുവിൽ വിചാരണാ ഘട്ടത്തിലേക്ക് കാര്യങ്ങള് കടക്കുകയാണ്. രണ്ട് ഡോക്ടർമാർ, 2 നഴ്‌സുമാർ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി ലഭിച്ചു. ഇതു പ്രകാരം 2 ദിവസത്തിനകം പൊലീസ് കുന്നമംഗലം കോടതിയിൽ കുറ്റപത്രം നൽകും.

മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസർ തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി.കെ.രമേശൻ (42), സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം.ഷഹന (32), മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്‌സുമാരായ പെരുമണ്ണ പാലത്തുംകുഴി എം.രഹന (33), ദേവഗിരി കളപ്പുരയിൽ കെ.ജി.മഞ്ജു (43) എന്നിവരാണ് യഥാക്രമം കേസിലെ ഒന്നു മുതൽ 4 വരെയുള്ള പ്രതികൾ. ഇവർക്കെതിരെ കുറ്റപത്രം നൽകാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് അനുമതി നൽകിയത്.

2017 നവംബർ 30ന് മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ച് 1ന് ആണ് ഹർഷിന സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസിപി കെ.സുദർശന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി.

അന്നു ഹർഷിനയ്ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്ന 4 പേരെയാണ് കേസിൽ പ്രതി ചേർത്തത്. ഇവരുടെ അറസ്റ്റ് നേരത്തേ രേഖപ്പെടുത്തിയിരുന്നു. ഐപിസി 338 പ്രകാരം 4 പേരെയും പ്രതിചേർത്താണ് റിപ്പോർട്ട് നൽകിയത്. 2 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ഹർഷിന കേസിൽ കുറ്റപത്രത്തിനുള്ള അനുമതി വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്നു തിരുവനന്തപുരത്ത് സമര സമിതി നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുൻപിൽ സമരം നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

കേസിന്റെ ആദ്യഘട്ടത്തിൽ ഡോക്ടർമാരെ സംരക്ഷിക്കുന്ന തരത്തിലുള്ള സമീപനമായിരുന്നു സർക്കാർ സ്വീകരിച്ചിരുന്നത്. കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ നിലപാട്. എന്നാൽ, ഹർഷിന സമരവുമായി രംഗത്തെത്തിയതോടെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. ഈ അന്വേഷണത്തിലാണ് ആർട്ടറി ഫോർസെപ്സ് മെഡിക്കൽ കോളജിൽ നിന്നാണ് വയറ്റിൽ കുടുങ്ങിയതെന്ന് കണ്ടെത്തിയത്. ഈ റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയെങ്കിലും പൊലീസ് അന്വേഷണവുമായി മുന്നോട്ടുനീങ്ങുകയായിരുന്നു.

വിവാദമായ കേസിൽ പ്രോസിക്യൂഷന് അനുമതി വൈകിയതും ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. നവകേരള സദസ്സ് തിരുവനന്തപുരത്ത് എത്തുന്നതിനുമുമ്പ് പ്രോസിക്യൂഷന് അനുമതി ലഭിച്ചില്ലെങ്കിൽ സമാപന ദിവസം തിരുവനന്തപുരത്ത് പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുമെന്നും സമരസമിതി അറിയിച്ചിരുന്നു. ഹർഷിനയുടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി കോഴിക്കോട്ട് പ്രഖ്യാപിച്ചതോടെ സമരം പിൻവലിക്കുകയായിരുന്നു. വിഷയത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിനുമുന്നിൽ ഹർഷിന 104 ദിവസം സത്യഗ്രഹം ഇരുന്നിരുന്നു. അപൂർവമായാണ് ചികിത്സ പിഴവ് കേസുകളിൽ ആരോഗ്യ പ്രവർത്തകർ കുറ്റവിചാരണ ചെയ്യപ്പെടുന്നത്.