കണ്ണൂർ: ഗവർണറെ സ്വാധീനിച്ച് മുഖ്യമന്ത്രി പുനർനിയമനം നേടിക്കൊടുത്ത കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ നിയമവിരുദ്ധ നടപടി ഹൈക്കോടതി കൈയോടെ പിടികൂടിയതോടെ വി സിയുടെ പുറത്താകലിന് കളമൊരുങ്ങുന്നു. കാസർകോട് പടന്നയിലെ ടി.കെ.സി എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് മതിയായ സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും പുതിയ സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളേജ് തുടങ്ങാൻ അനുമതി നൽകിയതിൽ വൈസ് ചാൻസലർ അധികാരപരിധി കടന്ന് ഇടപെട്ടതായി ഒറ്റനോട്ടത്തിൽ വ്യക്തമാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഈ കോളേജിന് അനുമതി നൽകാനുള്ള നീക്കത്തിനെതിരെ ഷറഫ് ആർട്സ് ആൻഡ് സയൻസ് കോളേജ് കമ്മിറ്റി നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം വാക്കാൽ പറഞ്ഞത്. ഇതോടെ ചട്ടങ്ങൾ മറികടന്ന് സ്വകാര്യ ട്രസ്റ്റിന് കോളേജ് അനുവദിച്ചതിൽ കണ്ണൂർ വി സിക്കെതിരേ കേസും നടപടികളും ഉറപ്പായിട്ടുണ്ട്.

വി സി അധികാര പരിധി ലംഘിച്ചോയെന്ന് വ്യക്തമാക്കാനാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടതെന്നും ഉന്നത അധികാരിയാണെന്ന കാരണത്താൽ കോടതിക്ക് കണ്ണടയ്ക്കാനാവില്ലെന്നും സിംഗിൾബെഞ്ച് പറഞ്ഞു. വി സിയാണെങ്കിലും ചാൻസലറാണെങ്കിലും നിയമത്തിന് അതീതരല്ല. അധികാര ദുർവിനിയോഗം കണ്ടെത്തിയാൽ കോടതി ഇടപെടും. കോളേജ് തുടങ്ങാൻ മതിയായ സ്ഥലമില്ലെന്നും അപേക്ഷ പരിഗണിക്കുന്നതു നീട്ടിവെക്കണമെന്നും കോളേജ് അധികൃതർ അപേക്ഷ നൽകിയിട്ടും അതു മറികടന്ന് വി സി ഇടപെട്ടെന്ന് രേഖകളിൽ കാണുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയണം? അപേക്ഷ പരിഗണിക്കുന്നതിന് വി സി അംഗീകാരം നൽകിയ ഫയൽ നോട്ട് ഹാജരാക്കിയിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കണ്ണൂർ വി സിയും ഗവർണറുമായി നേർക്കുനേർ പോരിലാണ്. തനിക്കു നേരേയുണ്ടായ വധശ്രമത്തിന്റെ ഗൂഢാലോചനയിൽ വി സി പങ്കാളിയാണെന്നും ക്രിമിനലാണെന്നുമൊക്കെ ഗവർണർ തുറന്നടിച്ചിരുന്നു. വി സിക്ക് പുനർനിയമനം നൽകിയത് തന്റെ തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹൈക്കോടതി വി സിക്കെതിരേ നടപടിയെടുത്താൽ അതിന്റെ പശ്ചാത്തലത്തിൽ വി സിയെ പുറത്താക്കാനടക്കം ഗവർണർക്ക് കഴിയും. പെരുമാറ്റദൂഷ്യമോ സാമ്പത്തിക ക്രമക്കേടോ ചുമതലയിൽ വീഴ്ചയോ വരുത്തിയാൽ വി സിയെ പിരിച്ചുവിടാൻ ഗവർണർക്ക് അധികാരമുണ്ട്. സിൻഡിക്കേറ്റ് അറിയാതെ സ്വകാര്യ ട്രസ്റ്റിന് കോളേജ് അനുവദിച്ചത് ഗുരുതരമായ പിശകാണെന്ന് വിലയിരുത്തി ഈ നടപടിയിലേക്ക് നീങ്ങാൻ ഗവർണർക്ക് കഴിയും.

കോളേജ് അനുവദിച്ചത് സംശയകരമാണെന്ന് ഹൈക്കോടതി നിലപാടെടുത്തതോടെ വി സിയും ഉന്നതവിദ്യാഭ്യാസ വകുപ്പും കുരുക്കിലായിരിക്കുകയാണ്. പടന്ന ടികെസി എഡ്യൂക്കേഷൻ സൊസൈറ്റിക്ക് ആർട്‌സ് ആൻഡ് സയൻസ് കോളേജ് അനുവദിക്കാനുള്ള അപേക്ഷ അപൂർണ്ണമായിട്ടും അനുമതി നൽകാൻ കണ്ണൂർ സർവകലാശാല വി സി തയ്യാറായി. പുതിയ കോളേജ് തുടങ്ങാൻ യുജിസി മാനദണ്ഡങ്ങളനുസരിച്ച് കുറഞ്ഞത് അഞ്ച് ഏക്കർ ഭൂമി വേണം.

ടി.കെ.സി എഡ്യൂക്കേഷൻ സൊസൈറ്റിയുടെ അപേക്ഷയിൽ ഭൂമിയുടെ കാര്യം പറഞ്ഞിരുന്നില്ല. ഇതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി സർവകലാശാല രജിസ്ട്രാർ രണ്ടുതവണ സൊസൈറ്റിക്ക് കത്തു നൽകി. തുടർന്ന് നാലര ഏക്കർ സ്ഥലമാണുള്ളതെന്ന് മറുപടി ലഭിച്ചു. എന്നാൽ വി സി ഇടപെട്ട് കോളേജ് പരിശോധിക്കാൻ ടീമിനെ നിയോഗിച്ചു. ഈ ടീമിന്റെ റിപ്പോർട്ടും രജിസ്ട്രാർക്ക് ലഭിച്ച മറുപടി കത്തും സിൻഡിക്കേറ്റിന് കൈമാറാനും വി സി നിർദ്ദേശിച്ചു.സിൻഡിക്കേറ്റ് അറിയാതെ, കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ പടന്ന ടികെസി എഡ്യൂക്കേഷൻ സൊസൈറ്റിക്ക് അനുവദിച്ച ആർട്‌സ് ആൻഡ് സയൻസ് കോളേജിന് അനുമതി നൽകികൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു