- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കിറ്റക്‌സ് സാബുവിനെ ജയിലിൽ അടയ്ക്കാനുള്ള ശ്രമം പാളി; കോലഞ്ചേരിയിലെ ട്വന്റി-20 സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിലെ കേസിൽ സാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; സർക്കാർ പകവീട്ടലിന്റെ വീര്യം കൂടുമ്പോൾ ട്വന്റി-20 യുടെ അംഗസംഖ്യ പത്തുലക്ഷത്തിലേക്ക് കുതിക്കുന്നു
കൊച്ചി: ട്വന്റി 20 കഴിഞ്ഞ ഞായറാഴ്‌ച്ച കോലഞ്ചേരിയിൽ നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിൽ ചീഫ് കോ ഓർഡിനേറ്ററും സംസ്ഥാന അദ്ധ്യക്ഷനുമായ സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സ്റ്റേ ചെയ്ത്, അറസ്റ്റ് തടഞ്ഞ് ഉത്തരവിറക്കി.
കുന്നത്തുനാട് എംഎൽഎ നൽകിയ പരാതിയിൽ പുത്തൻകുരിശ് പൊലീസാണ് പട്ടികജാതി-പട്ടികവർഗം (അതിക്രമങ്ങൾ തടയൽ) നിയമനുസരിച്ച് കേസെടുത്തത്.കേസിന്റെ പേരിൽ സാബു എം ജേക്കബിനെ പീഡിപ്പിക്കരുതെന്നും മുൻകൂട്ടി നോട്ടീസ് നൽകി ഒരുമാസത്തെ ഇടവേളയ്ക്കുശേഷമേ ചോദ്യം ചെയ്യാവൂവെന്നും ഉത്തരവിൽ പറയുന്നു.
സാബുവിനെ ചോദ്യം ചെയ്യണമെങ്കിൽ, രാവിലെ 10 നും 12 നും ഇടയ്ക്ക് നോട്ടീസ് കൊടുത്ത് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിക്കാൻ കോടതി അനുമതി നൽകി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ, രണ്ടുമണിക്കൂറിനകം വിട്ടയയ്ക്കണം. അറസ്റ്റ് രേഖപ്പെടുത്തണമെങ്കിൽ രണ്ടുമണിക്കൂറിനകം ചെയ്യുകയും വിട്ടയയ്ക്കുകയും വേണം.
ഏതെങ്കിലും വ്യക്തിയെയോ, നേതാവിനെയോ എടുത്തുപറയാതെ, വർത്തമാനകാല രാഷ്ട്രീയത്തിലെ വൃത്തികേടുകളെ സൂചിപ്പിച്ചുകൊണ്ട് സാബു എം ജേക്കബ് നടത്തിയ പ്രസംഗത്തിന് എതിരെ പൊലീസ് രണ്ടുകേസുകളാണ് എടുത്തത്. അതിലെ ഒരുപരാതിയിൽ സാബുവിന്റെ പ്രസംഗം നടന്നപ്പോൾ വേദിയിൽ ഉണ്ടായിരുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറയയ്ക്ക് എതിരെ പോലും കേസെടുക്കണമെന്ന് ആവശ്യമുണ്ടായിരുന്നു. പൊലീസ് ഇഴകീറി പരിശോധിച്ചെങ്കിലും, വകുപ്പില്ലാത്തതുകൊണ്ട് കേസെടുക്കാൻ മടിച്ചു. വകുപ്പില്ല എന്നുപറഞ്ഞ സിഐയെയും ഡിവൈഎസ്‌പിയെയും സ്ഥലം മാറ്റി പുതിയ ഉദ്യോഗസ്ഥരെ എത്തിച്ചാണ് ഒടുവിൽ പൊലീസ് കേസെടുത്തത്. ഒന്നല്ല, രണ്ടുകേസുകളാണ് സാബുവിന് എതിരെ എടുത്തത്.
ആദ്യത്തെ കേസ് കലാപം സൃഷ്ടിക്കുന്നതിന് വേണ്ടി ശ്രമിച്ചുഎന്നതാണ്. സാബുവിന്റെ അതേ പ്രസംഗത്തിന്റെ പേരിൽ ജാതി അധിക്ഷേപത്തിന് കേസെടുത്തു. ജാതി അധിക്ഷേപത്തിന്റെ പേരിൽ സാബുവിന് എതിരെ എടുക്കുന്ന രണ്ടാമത്തെ കേസാണിത്. ആദ്യം ഒരുവർഷം മുമ്പ് സാബുവിന് എതിരെ കേസെടുത്തപ്പോൾ, കേസിന് ആസ്പദമായ സംഭവം നടന്ന സ്ഥലത്ത് പോലും സാബു എം ജേക്കബ് ഉണ്ടായിരുന്നില്ല. കാര്യം അങ്ങനെയാണെങ്കിലും സാബു ആ കേസിലെ പ്രതിയായി. ജാത്യധിക്ഷേപ കേസെടുത്താൽ, ജാമ്യം നൽകാതെ ജയിലിൽ അടയ്ക്കാം എന്ന കണക്കുകൂട്ടലായിരുന്നു അതിനുപിന്നിൽ.
ആദ്യ കേസിലേത് പോലെ തന്നെ പുതിയ കേസിലും, രജിസ്റ്റർ ചെയ്ത് മൂന്നാം ദിവസം തന്നെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിറക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസം 23 നാണ് സാബുവിനെതിരെ പരാതി എത്തിയത്. കേസ് നിലനിൽക്കില്ല എന്നുപറഞ്ഞ് പൊലീസ് മടി കാട്ടിയപ്പോൾ, ആദ്യം ഡിവൈഎസ്‌പിയെയും, പിന്നീട് സിഐയെയും സ്ഥലം മാറ്റി, വേണ്ടപ്പെട്ടവരെ നിയമിച്ച് കേസെടുത്തത് ബുധനാഴ്ചയാണ്. എഫ്‌ഐആർ നിലനിൽക്കുന്നതല്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത് ഗുരുതരമായ കുറ്റകൃത്യമാണ്, പരാതിക്കാരന് നോട്ടീസ് അയച്ചതിന് ശേഷം മാത്രമേ, വിശദീകരണം കിട്ടിയതിന് ശേഷം മാത്രമേ, നടപടി സ്വീകരിക്കാൻ കഴിയൂ എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ഹൈക്കോടതി അതിന് അനുമതി കൊടുത്തെങ്കിലും, കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സ്റ്റേ ചെയ്ത്, അറസ്റ്റ് തടഞ്ഞ് ഉത്തരവിറക്കി.
ഇനി പൊലീസിന് സാബുവിനെ അറസ്റ്റ് ചെയ്യാനോ, അതിന്റെ പേരിൽ സാബുവിന്റെ സ്ഥാപനത്തിൽ കയറിയിറങ്ങാനോ സാധ്യമല്ല. സാബുവിനെ ചോദ്യം ചെയ്യണമെങ്കിൽ, രാവിലെ 10 നും 12 നും ഇടയ്ക്ക് നോട്ടീസ് കൊടുത്ത് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിക്കാൻ കോടതി അനുമതി നൽകി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ, രണ്ടുമണിക്കൂറിനകം വിട്ടയയ്ക്കണം. അറസ്റ്റ് രേഖപ്പെടുത്തണമെങ്കിൽ രണ്ടുമണിക്കൂറിനകം ചെയ്യുകയും വിട്ടയയ്ക്കുകയും വേണം.
കിറ്റക്‌സ് സാബുവിനെ ജയിലിൽ അടയ്ക്കാനും, ട്വന്റി-20 യുടെ വളർച്ച തടയാനും പിണറായി സർക്കാർ നടത്തിയ രണ്ടാമത്തെ വലിയ ഗൂഢാലോചനയാണ് ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത്. അതേസമയം, പിണറായി സർക്കാരിന്റെ പ്രതികാര നടപടികൾ ട്വന്റി-20 യ്ക്ക് അനുഗ്രഹമായി മാറുകയാണ്. പുതൃക്ക സമ്മേളനം നടക്കുന്നത് വരെ, 8 ലക്ഷത്തി പതിനയ്യായിരം പേരായിരുന്നു ഓൺലൈൻ വഴി ട്വന്റി-20 യിൽ ചേർന്നത്. പുതൃക്ക സമ്മേളനം കഴിഞ്ഞ് 10 ദിവസമായപ്പോഴേക്കും, ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം കൂടി അംഗത്വം എടുത്തിരിക്കുന്നു. ഏറെ വൈകാതെ ട്വന്റി-20 യുടെ അംഗസംഖ്യ 10 ലക്ഷമായി മാറും. കുന്നത്തുനാട് മണ്ഡലത്തിന് പുറത്തേക്ക് കേരളമെമ്പാടും, ട്വന്റി-20 വികാരം വ്യാപിക്കുകയാണ്. പിണറായി സർക്കാരിന്റെ പകവീട്ടൽ തോതിന് അനുസരിച്ച് കിറ്റക്‌സ് സാബുവിന്റെ വിപണി മൂല്യവും കൂടികൊണ്ടിരിക്കുകയാണ്.




