സെൻട്രൽ ജയിലിനെ തറവാട് എന്ന് വിളിക്കുന്ന ക്രിമിനലുകളെ നാം സിനിമയിലൊക്കെ മാത്രമേ കണ്ടിട്ടുള്ളൂ. എന്നാൽ ടി പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനി സംഘത്തിന് ജയിൽ ശരിക്കും തറവാട് തന്നെയായിരുന്നു. കാരണം അത്രക്ക് സുഖസൗകര്യങ്ങളാണ് അവർ ജയിലിൽ അനുഭവിച്ചുപോന്നത്. അടിക്കടി പരോളുകളും. പരോളിലിറങ്ങി വിവാഹം കഴിച്ചവർ പോലും ഈ കൂട്ടത്തിലുണ്ട്. യഥേഷ്ടം ഫോൺ വിളിച്ചും, പ്രത്യേക ഭക്ഷണം കഴിച്ചും സുഖിച്ച് കഴിഞ്ഞ ഇവർക്ക് ഹൈക്കോടതി ഇപ്പോൾ മാരകമായ അടി നൽകിയിരിക്കയാണ്.

വിചാരണക്കോടതി ഒഴിവാക്കിയ കെ.കെ.കൃഷ്ണനും ജ്യോതിബാബുവിനും ഹൈക്കോടതി ജീവപര്യന്തം ശിക്ഷ നൽകി. ഒന്നു മുതൽ അഞ്ചുവരെ പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ. ഷിനോജ് എന്നിവരുടെ നിലവിലെ ജീവപര്യന്തം ശിക്ഷയാണ് ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയത്. ഇവരെല്ലാം 14 കൊല്ലം കഴിഞ്ഞ് പുറത്തിറങ്ങാമെന്ന പ്രതീക്ഷയിൽ ജയിലിൽ കഴിഞ്ഞവരാണ്.

ടിപി കേസിലെ പ്രതികൾക്ക് 2044 വരെ, അഥവാ 20 വർഷം ശിക്ഷയിൽ ഇളവ് നൽകരുതെന്നാണ് ഹൈക്കോടതി വിധി. ടിപി കൊലക്കേസിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി അതിസുപ്രധാനമാകുന്നത് ഇതുകൊണ്ടാണ്. 20 വർഷത്തിനു ശേഷം പരോൾ കൊടുക്കാമെന്നും വിധിയിൽ ഇല്ല. ഫലത്തിൽ കൊടി സുനിക്കും രജീഷിനേയും പോലുള്ള കൊടും ക്രിമിനലുകൾക്കും ജീവിതാവസാനം വരെ ജയിൽവാസമായിരിക്കും. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ വിധി. ഇതോടെ ഇനി ജയിലിലും ഇവർക്കുനേരെ കർശനമായ നടപടികൾ ആയിരിക്കും ഉണ്ടാവുക. ഭരണമാറ്റം കൂടിയുണ്ടായാൽ കൊടി സുനി സംഘത്തിന്റെ അവസ്ഥ ദയനീയമായിരിക്കും.

ജയിലിൽ അർമാദിച്ച് ജീവിച്ചവർ

ടി പി വധക്കേസിൽ പാർട്ടിക്ക് പങ്കൊന്നുമില്ലെന്ന് സിപിഎം ആവർത്തിക്കുമ്പോഴും കൊടി സുനി അടക്കമുള്ളവർക്ക്, ജയിലിൽ അടക്കം എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്ത് പാർട്ടിയാണ്. ജയിലിൽ ശരിക്കും 'വി.ഐ.പി'യായിരുന്നു സുനി സംഘം. യഥേഷ്ടം ഫോൺ വിളിക്കാം, പ്രത്യേക ഭക്ഷണം, വാർഡന്മാരെ എടാ പോടാ എടാ പോടാ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം. ഒരിക്കൽ ജയിലിനകത്തുനിന്ന് സുനി ഫോൺ വിളിക്കുന്നതു മൊബൈലിൽ പകർത്തിയ വാർഡനു ലഭിച്ചത് മെമോയായിരുന്നു. 2017 ജനുവരിയിലാണു കൊടി സുനി ജയിൽ ഉദ്യോഗസ്ഥനു മെമോ 'കൊടുപ്പിച്ചത്'.ഉദ്യോഗസ്ഥൻ ഫോൺ വിളി പകർത്തുന്നതു കണ്ട സുനി ഫോൺ പിടിച്ചെടുത്ത് സിംകാർഡ് നശിപ്പിച്ചു. ജയിലിനകത്തു കാമറ കടത്തിയെന്നു പറഞ്ഞ് വാർഡനു ജെയിലർ മെമോ നൽകി. തടവുകാരുടെ ചിത്രം അനുമതിയില്ലാതെ എടുക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണു വിശദീകരണം തേടിയത്. എന്നാൽ സുനി ആരോടാണു സംസാരിച്ചത് എന്നതിനെപ്പറ്റി അന്വേഷണം നടന്നില്ല എന്നതാണ് യാഥാർഥ്യം. ഇതെല്ലാം വലിയ വിവാദമായിരുന്നു.

ടി പി വധക്കേസിലെ പ്രതികൾ ജയിലിൽ ഫേസ്‌ബുക്ക് ഉപയോഗിച്ച് ചിത്രങ്ങൾ ഇട്ടതും വാർത്തയായി. സെല്ലിൽ മീൻ പൊരിക്കാനുള്ള അനുമതിയൊക്കെ സുനിക്ക് ഉണ്ടായിരുന്നു. പേടി കാരണം പല വാർഡന്മാരും ട്രാൻസ്ഫറിനുള്ള അപേക്ഷ പോലും സുനിയോട് പറയുമായിരുന്നു. ഒരിക്കൽ വിയ്യൂർ ജയിലിൽവെച്ച് സുനിയെയും കൂട്ടരെയും തല്ലിച്ചതച്ചപ്പോൾ, ജയിലിനുമുന്നിൽ അന്നത്തെ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ അടക്കമുള്ള വലിയ നിരയാണ് തിടിച്ചുകൂടിയത്. ജയിലിലും കാര്യമായ പണിയൊന്നും ഇവർക്ക് എടുക്കേണ്ടി വന്നില്ല.

ഇടക്കിടെ ടി പി കേസിലെ പ്രതികൾക്ക് പരോളും കിട്ടും. കുഞ്ഞനന്തനൊക്കെ ജയിലിൽ കിടന്നതിനേക്കാൾ കൂടുതൽ പുറത്താണ് ജീവിച്ചിരുന്നത്. പരോളും ശിക്ഷാകാലാവധി തീരുന്നതിനു മുമ്പുള്ള ജയിൽ മോചനവും നിയന്ത്രിക്കുന്നത് നിയമങ്ങളോ ജയിൽ വകുപ്പുകളോ അല്ല, രാഷ്ട്രീയ നേതാക്കൾ അടങ്ങുന്ന ഉപദേശക സമിതികളാണ്. അതുകൊണ്ട് തന്നെ ഇടതു സർക്കാർ അധികാരത്തിലേറിയ ശേഷം ടി.പി വധക്കേസിലെ പ്രതികൾക്ക് കൈയയച്ചു പരോൾ നൽകിയത് ഏറെ വിവാദങ്ങളും ഉണ്ടാക്കിയിരുന്നു.

മലബാർ കിണ്ണത്തപ്പ നിർമ്മാണം

ടിപി കൊലപാതക കേസിലെ പ്രതികൾക്ക് ജയിലിൽ സുഖവാസമൊരുക്കാൻ പലവഴികളാണ് അധികൃതർ ചെത്തുകൊടുത്തത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു, 2019ൽ വിയ്യൂരിൽ നടന്ന മലബാർ കിണ്ണത്തപ്പ നിർമ്മാണം. നിയമം ലംഘിച്ച് രാത്രികാലങ്ങളിൽ ടിപി വധ കേസ് കുറ്റവാളികളെ സെല്ലിനു പുറത്തിറക്കിയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ 'കിണ്ണത്തപ്പം' നിർമ്മാണം പൊടിപെടിച്ചത്.

തലശേരി കിണ്ണത്തപ്പം വിയ്യൂർ സെൻട്രൽ ജയിലിൽ ഉണ്ടാക്കി ജയിൽ ഔട്‌ലെറ്റിലൂടെ വിൽക്കാമെന്ന ആശയം അവതരിപ്പിച്ചത് കിർമാണി മനോജും സംഘവുമായിരുന്നത്രേ. കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള ചുമതലയും ഇവർ ഏറ്റെടുത്തു. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന കിർമാണി മനോജ്, എസ്. സിജിത്ത് (അണ്ണൻ സിജിത്ത്), എംസി അനൂപ് എന്നിവരെയാണ് ഇതിനായി വൈകിട്ട് 6.30 മുതൽ 9.30 വരെ സെല്ലിനു പുറത്തിറക്കി.. ടിപി കേസ് തടവുകാരെ ഒരേ സെല്ലിൽ പാർപ്പിക്കാനോ ഒന്നിച്ചു പുറത്തിറക്കാനോ പാടില്ലെന്നു നിർദ്ദേശമുണ്ടെങ്കിലും നിയമലംഘനം മാസങ്ങളോളം തുടർന്നു. പ്രത്യുപകാരമെന്ന നിലയ്ക്ക് ജയിൽ ഉദ്യോഗസ്ഥരിൽ ചിലർക്ക് ജോലിക്കയറ്റത്തിനടക്കമുള്ള ശുപാർശകൾ ടിപി കേസ് സംഘം ചെയ്തുകൊടുക്കുത്തായും മാധ്യമങ്ങൾ എഴുതിയിരുന്നു. ഒടുവിൽ വാർത്തയായേതോടെയാണ് ഈ പരിപാടി അവസാനിച്ചത്.

ജയിലിൽ കിടന്നും കോടീശ്വരൻ

ജയിലിൽ കിടന്നും, കൊള്ളയും കൊലയും, കള്ളക്കടത്തുമൊക്കെ ആസുത്രണം ചെയ്യുന്ന 'പ്രതിഭാശാലികളെ' കുറിച്ച് മുംബൈ അധോലോകത്തിന്റെ കഥകളിലാണ് നാം കേട്ടത്. പക്ഷേ അത് കേരളത്തിലും യാഥാത്ഥ്യമായി. കൊടി സുനി തടവറയിൽനിന്ന് നിർബാധം ചെയ്തത് ആ പണിയാണ്. മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ, ക്വട്ടേഷൻ ജോലികൾ തുടങ്ങിയവ ജയിലിൽ വെച്ച് ആസൂത്രണം ചെയ്യുകയും പരോളിലെത്തി ഇക്കാര്യങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നതാണ് സുനിയുടെ രീതി. ജയിലിൽ നിന്നു ഇതിനായി വിളിച്ചത് ആയിരത്തിലേറെ കോളുകളാണ് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

നിരവധി പിടിച്ചുപറി, മോഷണ കേസുകളിൽ പ്രതിയായ കോഴിക്കോട് പൊക്കുന്ന് സ്വദേശി രഞ്ജിത്ത് എന്ന കാക്ക രഞ്ജിത്ത്, കൊല്ലത്തെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ രാജേഷ് ഖന്ന എന്നിവരുമായി ചേർന്നാണ് കൊടി സുനി പദ്ധതി നടപ്പാക്കിയത്.കോഴിക്കോട്ട് കാർ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വർണം കവർന്നതാണ് കേസ്. ഈ കേസിൽ സുനിയെ സെൻട്രൽ ജയിലിലെത്തി ചോദ്യം ചെയ്യാൻ കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന് അനുമതി നൽകുകയും ചെയ്തു. 2016 ജൂലായ് 16ന് രാവിലെ ആറോടെ ദേശീയപാതയിൽ നല്ലളം മോഡേൺ സ്റ്റോപ്പിന് സമീപം കാർ യാത്രക്കാരനെ ആക്രമിച്ചാണ് സ്വർണം കവർന്നത്. കവർച്ച നടത്താനും സ്വർണം മറിച്ചുവിൽക്കാനും സുനി ജയിലിൽ നിന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച് ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. ഇങ്ങനെ നിരവധി കേസുകൾ. പരോളിലിറങ്ങിയപ്പോഴും സുനി തല്ലകേസിൽ പ്രതിയായി.

സ്വർണക്കടത്തിന്റെ പേരിലുണ്ടായ അർജുൻ ആയങ്കി വിവാദത്തിലും കൊടി സുനി പെട്ടു. ഈ സംഘാംഗങ്ങളുമായി സിപിഎമ്മിലെ ഉന്നതർക്ക് ബന്ധമുണ്ടെന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നു. കള്ളക്കടത്തു സ്വർണത്തിന്റെ മൂന്നിലൊന്ന് സിപിഎം പ്രാദേശിക നേതാക്കൾക്കടക്കം നൽകുന്നു എന്നാണ് പിടിക്കപ്പെട്ടവർ പറയുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, ഷാഫി എന്നിവർക്കും സ്വർണക്കടത്തു സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. ഇതിന് പിന്നാലെയാണ് കൊടി സുനിയുടെ സ്വത്തിലെ വളർച്ചയുടെ വിവരവും പുറത്തു വരുന്നത്. ആയങ്കി ഉൾപ്പെട്ട ക്വട്ടേഷൻ സംഘത്തിന് ജയിലിൽനിന്നു നിർദ്ദേശം നൽകുന്നതുകൊടി സുനിയും സംഘവുമാണെന്നാണ് പൊലീസ് പറയുന്നത്. ഇങ്ങനെ ജയിലിൽ കിടന്നും കൊടി സുനി കോടീശ്വരനായി.

2021ൽ പുറത്തുവന്ന വാർത്ത പ്രകാരം, കൊടിസുനിയുടെ പുതിയ വീട്ടിന് മുമ്പിൽ ചൂതാട്ട കേന്ദ്രവുമുണ്ട്. ഈ ചൂതാട്ട കേന്ദ്രത്തിൽ പ്രധാനമായും നടക്കുന്നത് റമ്മികളിയാണ്. ഈ ചീട്ടുകളിക്കാർ എന്തിനും പോന്ന മാഫിയാ സംഘം കൂടിയാണ്. അങ്ങനെ സ്വന്തം സൈന്യത്തെ ഇപ്പോഴും ചൊക്ലിയിൽ കൂടെ നിർത്താൻ കൊടി സുനിക്ക് കഴിയുന്നുണ്ട്.