ലണ്ടൻ: വിധി, അതിന്റെ ക്രൂരതയുടെ ഔന്നത്യം പ്രദർശിപ്പിച്ചപ്പോൾ ഹൃദയമുള്ള ഓരോ മനുഷ്യനും നെഞ്ചിൽ പിടയുന്ന വേദനയുമായി നിസ്സഹായരായി നോക്കി നിൽക്കാനെ കഴിഞ്ഞുള്ളും. പുതുവർഷ ദിനത്തിൽ ''ഡാഡി'' യെ വിളിച്ചു കരഞ്ഞ കുഞ്ഞിനെ പിന്നെ കണ്ടത് മരിച്ച നിലയിൽ. പുതുവർഷ തലേന്ന് ബ്രോൺസൺ ബാറ്റേഴ്സ്ബി എന്ന ഈ കുട്ടിയുടെ അച്ഛൻ കെന്നെത്ത് വീട്ടിലെ വളർത്തുപട്ടിയെ ഉച്ചത്തിൽ ശകാരിക്കുന്നത് കേട്ടെന്ന് അയൽ വീട്ടിലെ ഒരു സ്ത്രീ പറയുന്നു.

രണ്ടു വയസ്സുകാരനായ ബ്രോൺസണും പിതാവ് കെന്നെത്തും പിന്നീട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിശപ്പും നിർജ്ജലീകരണവും മൂലം ബ്രോൺസൺ എന്ന രണ്ടു വയസ്സുകാരൻ മരണമടയുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഹൃദയസ്തംഭനം മൂലമാണ് പിതാവ് കെന്നെത്ത് മരണമടഞ്ഞതെന്ന് കരുതപ്പെടുന്നു. ലിങ്കൺഷയർ, സ്‌കെഗ്‌നെസിലെ, കടൽത്തീരത്തുള്ള ഒരു അപ്പാർട്ട്മെന്റിലെ ബേസ്മെന്റ് ഫ്ളാറ്റിലായിരുന്നു അച്ഛനും മകനും താമസിച്ചിരുന്നത്. മറ്റാരും അവർക്കൊപ്പം ഇല്ലായിരുന്നു.

ഇവർ താമസിക്കുന്ന വീടിന്റെ ഉടമയായ മറിയ ക്ലിഫ്ടൺ പറഞ്ഞത് ഇവരുടെ വീടിന്റെ മുകളിൽ താമസിക്കുന്ന സ്ത്രീ പറഞ്ഞത് പുതുവത്സര ദിനത്തിൽ അതിരാവിലെ കുട്ടിയുടെ കരച്ചിൽ കേട്ടിരുന്നു എന്നാണ്. ഡാഡി എന്ന് വിളിച്ചായിരുന്നു ആ കുഞ്ഞ് കരഞ്ഞത്. ഒരുപക്ഷെ, നിത്യനിദ്രയിലാണ്ട തന്റെ അച്ഛനെ വിളിച്ചുണർത്താനുള്ള ഒരു പാഴ്ശ്രമമായിരിക്കാം വിശന്നു പൊരിയുന്ന വയറുമായി ആ കുരുന്ന് നടത്തിയത്.

അതേസമയത്ത് തന്നെ അടുക്കളയിൽ നിന്നും പാത്രങ്ങൾ താഴെ വീഴുന്ന ശബ്ദവും കേട്ടിരുന്നു. ഒരു പക്ഷെ വളർത്തു നായ ആഹാരം അന്വേഷിച്ചതിന്റെ പരിണിതഫലമായിരിക്കാം അത്. അതിനു ശേഷം മറ്റൊരു ശബ്ദവും കേട്ടില്ലെന്നും അയൽവാസി പറഞ്ഞു. തൊട്ട് മുൻപിലത്തെ ദിവസം, അതായത്, പുതുവർഷത്തലേന്ന് കെന്നെത്ത് തന്റെ വളർത്തുനായയെ ഉച്ചത്തിൽ ശകാരിക്കുന്നതും കേട്ടിരുന്നതായി അവർ പറഞ്ഞു.

അയൽവാസി പറഞ്ഞ വിവരം വീട്ടുടമ പൊലീസിന് കൈമാറുകയായിരുന്നു. പിന്നീട് സോഷ്യൽ സർവ്വീസ് ജീവനക്കാർ ജനുവരി 9 ന് ഇവരുടെ വീട്ടിൽ എത്തിയപ്പോഴായിരുന്നു അച്ഛനും മകനും മരിച്ച നിലയിൽ കണ്ടത്. ഒരിക്കലും മറക്കാൻ ആകാത്ത ഒരു ദുരന്തമാണ് തൊട്ടടുത്ത് നടന്നതെന്ന് ആ അപ്പാർട്ട്മെന്റിലെ മറ്റു താമസക്കാർ പറയുന്നു. എല്ലാവർക്കും ഒരു സഹായിയായിരുന്നു കെന്നെത്ത് എന്നും അവർ ഓർമ്മിക്കുന്നു.