- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോൾ ചുട്ടുപൊള്ളുന്നത് വടക്കൻ കേരളം; കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയത് 41.3 ഡിഗ്രി സെൽഷ്യസ് പകൽ താപനില; കൂടുതൽ ചൂടുള്ളത് മലയോര മേഖലകളിൽ; കാട്ടു തീയ്ക്കും സാധ്യതകൾ ഏറെ; കൃഷി വരണ്ടുണങ്ങുന്നു; കുടിവെള്ളക്ഷാമവും പലയിടത്തും രൂക്ഷം; പുറത്തിറങ്ങിയാൽ പൊള്ളുന്ന അവസഥ; വേനൽ മഴ വന്നില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ വേനൽചൂട് കത്തുന്നു. പുറത്തിറങ്ങിയാൽ പൊള്ളുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയാണ്. തെക്കൻ കേരളത്തിലും ചൂടുയരുന്നുണ്ട്. വരും ദിനങ്ങളിൽ കേരളമാകെ ചൂട് 40 ഡിഗ്രിക്ക് മുകളിലാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിൽ 41.3 ഡിഗ്രി സെൽഷ്യസ് പകൽ താപനില രേഖപ്പെടുത്തി. പാണത്തൂർ (കാസർകോട്), ആറളം (കണ്ണൂർ), നിലമ്പൂർ (മലപ്പുറം), മണ്ണാർക്കാട് (പാലക്കാട്) എന്നീ സ്ഥലങ്ങളിൽ 40 ഡിഗ്രിക്കു മുകളിലാണ് ചൂട്.
എറണാകുളം, കോട്ടയം ജില്ലകളിൽ 38 ഡിഗ്രിയായി. പകൽ താപനില താരതമ്യേന കുറഞ്ഞുനിൽക്കുന്നത് തെക്കൻ ജില്ലകളിലാണ്. തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും ചൂട് 35 ഡിഗ്രിക്കു മുകളിലാണ്. ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അടുത്ത 5 ദിവസത്തേക്ക് എവിടെയും മഴ പ്രതീക്ഷയുമില്ല. ഇതും ചൂടുകൂടാൻ കാരണമായി മാറും. മലയോരമേഖലയിലാണ് കുറച്ചുനാളുകളായി ചൂട് കൂടുതൽ അനുഭവപ്പെടുന്നത്. വെയിലിന്റെ കാഠിന്യത്തിൽ പകൽ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. ചൂട് കൂടിയപ്പോൾ ആശ്വാസം കൊള്ളുന്നത് ശീതളപാനീയം വിൽക്കുന്ന കടക്കാരാണ്. മിക്കയിടത്തും വിൽപ്പന മൂന്നിരട്ടിവരെ കൂടി.
പൈപ്പ് വെള്ളമെത്താത്ത പല സ്ഥലങ്ങളിലും കുടിവെള്ളക്ഷാമവും രൂക്ഷമായി. ഉൾനാടുകളിലാണ് പ്രശ്നം. തദ്ദേശസ്ഥാപനങ്ങൾ കുടിവെള്ള വിതരണം തുടങ്ങിയിട്ടില്ല. കടുത്ത വെയിലും ചൂടും കാർഷിക മേഖലയെയും ബാധിക്കുന്നുണ്ട്. കുരുമുളക്, കവുങ്ങ്, വാഴ എന്നിവയെ പ്രത്യേകിച്ചും. കുരുമുളകുവള്ളികൾ പലയിടത്തും ഉണങ്ങുകയാണ്. വാഴയ്ക്കും പച്ചക്കറികൾക്കും ചൂട് താങ്ങാനാവുന്നില്ല. അങ്ങനെ സമ്പൂർണ്ണ പ്രതിസന്ധിക്കാണ് ചൂട് വഴിവയ്ക്കുന്നത്. കഠിനമായ ചൂട് ആരോഗ്യ പ്രശനങ്ങൾക്കും കാരണമാകും.
വേനൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ രാവിലെ 11 മുതൽ മൂന്നുവരെ സമയത്ത് സൂര്യപ്രകാശം കൂടുതൽ സമയം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. നിർജലീകരണം തടയാൻ വെള്ളം കുടിക്കണം. കുടിവെള്ളം എപ്പോഴും കൈയിൽ കരുതണമെന്നും നിർദേശിക്കുന്നു. കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. വേനൽക്കാലത്ത് മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) എന്നിവിടങ്ങളിൽ തീപിടിത്തമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതിന് സമീപം താമസിക്കുന്നവരും സ്ഥാപനങ്ങളുള്ളവരും ജാഗ്രത പാലിക്കണം.
കുട്ടികൾക്ക് വെയിൽ കൂടുതലേൽക്കുന്ന സ്കൂൾ അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 മുതൽ 3 മണിവരെ നേരിട്ട് ചൂട് ഏൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് കുടിവെള്ളം ഉറപ്പാക്കണം. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കണം. പരീക്ഷഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. അംഗൻവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗൻവാടി ജീവനക്കാരും നടപ്പാക്കണം.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണക്കാർ ചൂട് ഏൽക്കാത്തതരത്തിലുള്ള വസ്ത്രം ധരിക്കണം. ആവശ്യമെങ്കിൽ യാത്രക്കിടെ വിശ്രമിക്കാനുള്ള അനുവാദം അതത് സ്ഥാപനങ്ങൾ നൽകണം. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.
മറുനാടന് മലയാളി ബ്യൂറോ