- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹെലികോപ്ടറിന് ഒരു മാസ വാടക ഉറപ്പാക്കുന്ന ധനമന്ത്രി ബാലഗോപാൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററിന്റെ ഒരു മാസത്തെ വാടക നൽകാൻ 50 ലക്ഷം അധിക ഫണ്ടായി അനുവദിക്കുന്നത് ട്രഷറി നിയന്ത്രണങ്ങൾക്കിടെ. 80 ലക്ഷം രൂപയാണ് ഒരു മാസത്തെ വാടക. ഒക്ടോബർ-നവംബർ മാസത്തെ കുടിശിക കൊടുക്കാനാണ് ഈ അധിക ഫണ്ട്. നിത്യ ചെലവിന് പോലും പണമില്ലാത്ത അവസ്ഥയിലാണ് ഈ തുക അനുവദിക്കുന്നത്. പൈലറ്റുൾപ്പടെ 11 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ഹെലികോപ്ടറാണ് സർക്കാർ വാടകക്ക് എടുത്തിട്ടുള്ളത്.
ഹെലികോപ്റ്ററിന്റെ വാടക നൽകാൻ പൊലീസിന്റെ ബജറ്റ് ശീർഷകത്തിൽ 30 ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നത്. വാടക നൽകാൻ 50 ലക്ഷം അധിക ഫണ്ട് വേണമെന്ന് ഡിസംബർ 4 ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് കത്ത് നൽകി. പണം ഉടൻ അനുവദിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് ആഭ്യന്തരവകുപ്പ് അധിക ഫണ്ട് ആവശ്യപ്പെട്ട് ധനവകുപ്പിനെ സമീപിക്കുക ആയിരുന്നു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി 50 ലക്ഷം അധിക ഫണ്ട് അനുവദിച്ച് ധനവകുപ്പ് ഇന്ന് ഉത്തരവിറക്കി.
ഒരു ലക്ഷം രൂപക്ക് മുകളിൽ ഉള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ മുൻകൂർ അനുമതി വേണം. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയതു കൊണ്ട് ഹെലിക്കോപ്റ്റർ വാടക ചിപ്സൺ ഏവിയേഷന് ലഭിക്കും. ഒക്ടോബർ 20 മുതൽ നവംബർ 19 വരെയുള്ള വാടകയാണ് സർക്കാർ അനുവദിച്ചത്. 2 മാസത്തെ ഹെലികോപ്റ്റർ വാടക കുടിശികയായിരുന്നു. അതിൽ ഒരു മാസമാണ് നൽകുന്നത്. നവംബർ 20 മുതൽ ഡിസംബർ 19 വരെയുള്ള വാടക കുടിശിക ലഭിക്കണമെന്നാവശ്യപ്പെട്ട് ചിപ്സൺ ഏവിയേഷൻ പൊലീസ് മേധാവിക്ക് കത്ത് നൽകിയിട്ടുണ്ട്. കത്ത് ഉടൻ സർക്കാരിലേക്ക് കൈമാറും. ഇതും ഉടൻ അനുവദിക്കേണ്ടി വരും.
80 ലക്ഷം വാടകക്ക് 25 മണിക്കൂർ പറക്കാം. തുടർന്നുള്ള ഓരോ മണിക്കൂറിനും 90000 രൂപ അധികം നൽകണം. ഒരു വർഷം ഹെലികോപ്റ്റർ വാടകക്ക് വേണ്ടത് 9.6 കോടി രൂപയാണ്. ഉപയോഗം കൂടിയാൽ തുക ഉയരും. മാസം 25 മണിക്കൂറിനെ തുടർന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണമെന്നാണ് വ്യവസ്ഥ. മുഖ്യമന്ത്രിയുടെ അടിയന്തര യാത്രാ ആവശ്യങ്ങൾക്ക് പുറമെ മാവോവാദി നിരീക്ഷണം, ദുരന്തമേഖലകളിലെ ദുരിതാശ്വാസപ്രവർത്തനം തുടങ്ങീ പൊലീസിന്റെ ആവശ്യങ്ങൾക്കും ഹെലികോപ്റ്റർ ഉപയോഗിക്കും. മൂന്ന് വർഷത്തേക്കാണ് കരാർ.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു. എന്നാൽ, തീരുമാനത്തിൽ ഉറച്ചുതന്നെ സർക്കാർ മുന്നോട്ടുപോകുകയായിരുന്നു. ഒന്നാം പിണറായി സർക്കാർ പവൻ ഹംസ് കമ്പനിയിൽ നിന്ന് 22.21 കോടി രൂപ ചെലവഴിച്ചായിരുന്നു ഹെലികോപ്റ്റർ വാടകക്ക് എടുത്തിരുന്നത്. പക്ഷെ, കാര്യമായ പ്രയോജനം അന്ന് ഉണ്ടായിരുന്നില്ല.
അതോടെ കരാർ പുതുക്കിയുമില്ല. തുടർന്ന്, കഴിഞ്ഞ മാർച്ച് രണ്ടിനാണ് പുതിയ ഹെലികോപ്റ്റർ വാടകക്കെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ചിപ്സൻ ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിയാണ് ഹെലികോപ്ടർ വാടകയ്ക്ക് നൽകുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏവിയേഷൻ കമ്പനിയാണ് ചിപ്സൻ.

